ad
Deshabhimani

മഴയിൽ കുതിര്‍ന്ന് 
നാട്

കടലാക്രമണത്തെ തുടർന്ന് തകർന്ന കൊല്ലം ബീച്ചിന്റെ കരഭാഗം

കടലാക്രമണത്തെ തുടർന്ന് തകർന്ന കൊല്ലം ബീച്ചിന്റെ കരഭാഗം

avatar
.സ്വന്തം ലേഖകൻ

Published on Aug 03, 2026, 12:47 AM | 1 min read

​കൊല്ലം

ജില്ലയിൽ രണ്ടുദിവസം പെയ്‌ത മഴയിൽ നാല്‌ വീട്‌ ഭാഗികമായി തകർന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ട്‌. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളും റോഡുകളും വെള്ളക്കെട്ടിലാണ്. വെള്ളി രാത്രി മുതൽ പെയ്‌തിറങ്ങിയ ശക്തമായ മഴ ഞായര്‍ പകൽ അൽപ്പം കുറഞ്ഞെങ്കിലും പലസ്ഥലങ്ങളും വെള്ളക്കെട്ടിലാണ്‌. തീരദേശത്തും മലയോരത്തുമാണ്‌ മഴ കൂടുതൽ പ്രഹരമേൽപ്പിച്ചത്‌. ഞായറാഴ്‌ചയുണ്ടായ തിരയിൽ കൊല്ലം ബീച്ചിലെ ഇരിപ്പിടങ്ങളും കൽപ്പടവുകളും തകർന്നു. കുളത്തൂപ്പുഴയിൽ ശനിയാഴ്‌ചയിലെ മഴയിൽ വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ പാമ്പുകളും വീടുകളിലേക്ക്‌ കയറിയിരുന്നു. അതിനാൽ ഞായറാഴ്‌ച വീടും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളിലായിരുന്നു പ്രദേശവാസികളെങ്കിലും മഴ പൂർണമായി മാറിനിന്നില്ല. ആദ്യമുണ്ടായ മഴയിൽ മുടങ്ങിയ അന്തർസംസ്ഥാന റോഡ്‌ ഗതാഗതം ഞായറാഴ്‌ച പുനഃസ്ഥാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിൽ സംസ്ഥാന സർക്കാർ ഇതുവരെ നടപടിയെടുത്തില്ല. മലവെള്ളപ്പാച്ചിലിനെത്തുടർന്ന്‌ പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ താല്‍ക്കാലികമായി അടച്ചു. ജില്ലയിൽ നിലവിൽ ഓറഞ്ച്‌ അലർട്ടാണ്‌. കല്ലടയാറ്‌ കരകവിഞ്ഞൊഴുകുന്നു. ആറിന്റെ സമീപം താമസിക്കുന്നവർ പലരും സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറി. അഞ്ചൽ ഏറം വയലിൽ വെള്ളം കയറി. അലയമൺ ഭാഗത്ത്‌ ഏക്കർകണക്കിന്‌ കൃഷിയിടങ്ങൾ വെള്ളക്കെട്ടിലാണ്‌. കർഷകർക്ക്‌ ആയിരങ്ങളുടെ നഷ്ടമുണ്ടായി. കൊട്ടാരക്കരയിൽ വൈദ്യുതിതൂണ്‍ മറിഞ്ഞ്‌ വീട്‌ തകർന്നു. നെല്ലിക്കുന്നം വലിയ തോടിന്റെ സംരക്ഷണഭിത്തി തകർന്നു. പുനലൂർ മേഖലയിൽ കഴിഞ്ഞ ദിവസം പെയ്‌ത മഴയ്‌ക്കൊപ്പം വനത്തിനുള്ളിൽനിന്ന്‌ മരങ്ങൾ ആറ്റിലൂടെ ഒഴുകിയെത്തിയിരുന്നു. കുണ്ടറ കേരളപുരം കോവിൽമുക്കിൽ റോഡരികിൽനിന്ന ആൽമരം കഴിഞ്ഞ ദിവസം കടപുഴകി വീണു. സമീപത്തെ വീടിന്റെ മതിലിനും വൈദ്യുതിക്കമ്പികൾക്കും നാശമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home