77 ആണ്ടിന്റെ പെരുമ

കൊല്ലം –തിരുവനന്തപുരം ദേശീയപാത 1891 ലെ ചിത്രം
സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:56 AM | 2 min read
കൊല്ലം
എഴുപത്തേഴ് ആണ്ടിന്റെ പെരുമയിൽ കൊല്ലം ജില്ലയ്ക്ക് ബുധനാഴ്‌ച പിറന്നാൾ. കടലും കായലും പുഴകളും മലയോരവും അതിരിടുന്ന പുരാതന തുറമുഖ നഗരം 1949 ജൂലൈ ഒന്നിനാണ് ജില്ലയായി രൂപംകൊള്ളുന്നത്. തിരു–കൊച്ചി ലയനത്തിനൊപ്പമായിരുന്നു ജില്ലയുടെ രൂപീകരണവും. ഇന്ന് കേരളത്തിന്റെ സാംസ്കാരിക, വ്യവസായ ചരിത്രത്തില്‍ തിളങ്ങുന്നയിടമായി മാറിയ കൊല്ലം ആധുനിക നഗരത്തിലേക്കുള്ള കുതിപ്പിലാണ്. കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ഉൾപ്പെടുത്തിയായിരുന്നു ജില്ലാ രൂപീകരണം. സംസ്ഥാനത്തെ 14 ജില്ലയിൽ ആദ്യം രൂപീകൃതമായ നാലു ജില്ലയിൽ ഒന്നാണ് കൊല്ലം. തെക്ക് തിരുവനന്തപുരം ജില്ലയും വടക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളും കിഴക്ക് തമിഴ്‌നാട് തെങ്കാശി ജില്ലയും പടിഞ്ഞാറ് അറബിക്കടലുമായി അതിരുപങ്കിടുന്ന കൊല്ലത്തിനു സംസ്ഥാനത്തെ വലിയ നാലാമത്തെ നഗരമെന്ന പേരും സ്വന്തം. ഇന്ന് തമിഴ്‌നാടിനൊപ്പമുള്ള അതിർത്തിപ്രദേശമായ ചെങ്കോട്ട ജില്ലാ രൂപീകരണകാലത്ത് കൊല്ലത്തിന്റെ ഭാഗമായിരുന്നു. പിന്നീട് 1956ൽ കേരളം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്‌നാടിനോട് കൂട്ടിച്ചേർത്തു. തിരുവല്ലയുടെ ഒരുഭാഗം ചെങ്ങന്നൂർ താലൂക്കായി. പത്തനംതിട്ട റാന്നിയുടെ ഒരുഭാഗം വനഭൂമി ഇടുക്കി പീരുമേട് താലൂക്കിനോടു ചേർക്കുകയുംചെയ്‌തു. 1957ൽ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ താലൂക്കുകൾ ചേർത്ത് ആലപ്പുഴ ജില്ല രൂപീകരിച്ചു. 1982ൽ പത്തനംതിട്ടയും കുന്നത്തൂർ താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ലയും നിലവിൽ വന്നു. വിദേശികളുടെ കാലം മുതൽ കശുവണ്ടി വ്യവസായത്തിന്റെ സിരാകേന്ദ്രമാണിത്. രാജ്യത്തെ ഏറ്റവും വലിയ സംസ്‌കൃത കശുവണ്ടി കയറ്റുമതി കേന്ദ്രവും കൊല്ലമാണ്. ഏറെക്കാലം ഇന്ത്യയിലെ പ്രശസ്ത വാണിജ്യകേന്ദ്രമായിരുന്നു. ഡച്ചുകാരും അറബ് വംശജരും ചൈനക്കാരുമെല്ലാം കൊല്ലവുമായി വ്യാപാരം നടത്തിയിരുന്നു. വൈവിധ്യങ്ങളുടെ നാട് ലോക നിലവാരത്തിലേക്കുള്ള യാത്രയിൽ കൊല്ലത്തിന്റെ അടയാളമാകുകയാണ് തുറമുഖവും ശ്രീനാരായണ സാംസ്‌കാരിക സമുച്ചയവുമെല്ലാം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് കൊല്ലത്തിന്റേത്. ക്രിസ്‌തുവർഷം 825ൽ ഉദയമാർത്താണ്ഡവർമയുടെ അനുവാദത്തോടെ മാർ അബോയാണ് കൊല്ലം തുറമുഖം സ്ഥാപിച്ചത്. കൊല്ലം തുറമുഖം വഴിയാണ് ആദ്യകാലങ്ങളിൽ കശുവണ്ടിയും മറ്റുചരക്കുകളും ഇറക്കുമതി ചെയ്തിരുന്നത്. 1973ൽ ഇവിടുത്തെ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടു. 2007 ഒക്ടോബറിലാണ് തുറമുഖം വീണ്ടും പ്രവർത്തന സജ്ജമാക്കിയത്. ഇതുകൂടാതെ മുഖം മാറുന്ന കൊല്ലം റെയിൽവേ സ്റ്റേഷൻ, ശ്രീനാരായണ സാംസ്‌കാരിക സമുച്ചയം, ശ്രീനാരായണ ഓപ്പൺ സർവകലാശാല, ഒളിമ്പ്യൻ സുരേഷ്‌ബാബു ഇൻഡോർ സ്റ്റേഡിയം, ഓച്ചിറ കെട്ടുകാഴ്ച പോലുള്ള സാംസ്കാരിക വൈവിധ്യങ്ങൾ, ജടായുപ്പാറ, മൺറോതുരുത്ത് തുടങ്ങിയ മനം നിറയ്‌ക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ, ദേശീയപാത 66, ആതുരസേവനരംഗത്തെ സഹകരണ മാതൃകയായി കൊല്ലം എൻ എസ് ആശുപത്രി എന്നിവയെല്ലാം ജില്ലയുടെ മാറിയ മുഖമാണ്.











0 comments