ad
Deshabhimani

കടലോരത്തെ കരിമണലിൽ ‘സൂര്യശോഭ’

പറയകടവിലെ സൂര്യകാന്തിപ്പാടത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ലിജുവും ശ്രീജിത്തും
avatar
സുരേഷ് വെട്ടുകാട്ട്

Published on Aug 23, 2026, 01:38 AM | 1 min read

കരുനാഗപ്പള്ളി

ഈ ഓണക്കാലത്ത് സൂര്യകാന്തിപ്പാടം തേടി അങ്ങ് തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരം വരെ യാത്ര ചെയ്യേണ്ട. ഇവിടെ ആലപ്പാട് കടലോര ഗ്രാമത്തിലെത്തുന്നവർക്ക് കാണാം സൂര്യശോഭ. കടലോരത്തെ കരിമണലിൽ സൂര്യകാന്തിപ്പാടം സാധ്യമല്ലെന്ന് കരുതിയിടത്താണ് അതിമനോഹരമായ സൂര്യകാന്തി തോട്ടം. ഓണാവധിക്ക് അറബിക്കടലിന്റെയും അഴീക്കൽ– - വലിയഴീക്കൽ പാലത്തിന്റെയും അഴീക്കൽ ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെയും സൗന്ദര്യം നുകരാൻ എത്തുന്നവർക്ക് സൂര്യകാന്തിപ്പാടം വേറിട്ട അനുഭവമാണ്. ആലപ്പാട് പഞ്ചായത്തിലെ പറയകടവ് ഏഴാം വാർഡിൽ അമൃതാനന്ദമയി മഠത്തോട്‌ ചേർന്നാണ് പാടം. മഠത്തിലെ അന്തേവാസി ശ്രീജിത്തും സുഹൃത്തുക്കളും ചേർന്ന് മഠത്തിന്റെ സ്ഥലത്ത് പൂക്കൃഷി ചെയ്യുകയായിരുന്നു. മഠത്തിന്റെ കാലടിയിലെ ആശ്രമത്തോട് ചേർന്നുള്ള അഞ്ച് ഏക്കറില്‍ പച്ചക്കറിയും പൂക്കൃഷിയും വിപുലമായി നടത്തി. മികച്ച രീതിയിൽ സൂര്യകാന്തിയും കൃഷി ചെയ്തിരുന്നു. അവിടെനിന്നു ശേഖരിച്ച വിത്തുകളാണ് ഇവിടെ നട്ടത്. ഒന്നരമാസം മുമ്പാണ് കൃഷി ആരംഭിച്ചത്. 45ദിവസത്തോളം വേണം സൂര്യകാന്തി പൂക്കൾ പാകമാകാൻ. ശ്രീജിത്തിനൊപ്പം ആശ്രമത്തിലെ അന്തേവാസികളും സുഹൃത്തുക്കളും കൂടിയതോടെ സൂര്യകാന്തി തോട്ടത്തിന്റെ പരിചരണം മനോഹരമായി. ആശ്രമത്തിലെ പശുക്കളുടെ ചാണകം ഉൾപ്പെടെയുള്ള ജൈവവളങ്ങൾ മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത്. ഓണക്കാലത്ത് ആശ്രമത്തിലും തീരദേശത്തും വരുന്നവര്‍ക്ക് പൂക്കളുടെ കാഴ്ച ഒരുക്കാൻ പൂന്തോട്ടം ഒരുക്കുന്നത് നന്നായിരിക്കും എന്ന അമൃതാനന്ദമയിയുടെ ഉപദേശം ഏറ്റെടുത്താണ് കൃഷി ആരംഭിച്ചതെന്ന് ശ്രീജിത്‌ പറഞ്ഞു. കൃഷി വിജയമായതോടെ തുടർന്ന് മഠത്തിന്റെ സഹായത്തോടെ കൂടുതൽ സ്ഥലത്ത് സൂര്യകാന്തി കൃഷി ആരംഭിക്കുന്നതിന് ആവശ്യമായ സഹായം ബ്ലോക്ക് പഞ്ചായത്ത് ഉറപ്പാക്കുമെന്ന് അഴീക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ലിജു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home