ad
Deshabhimani

കനലെരിയുന്ന ഓർമകൾ

   ശൂരനാട് രക്തസാക്ഷി മണ്ഡപം
avatar
എം അനിൽ

Published on Jan 18, 2026, 12:23 AM | 4 min read

കൊല്ലം

‘ഇളയകുട്ടികളെല്ലാം തളർന്നുറങ്ങി. രണ്ടുപേരെ കുഞ്ഞുരാമൻ രണ്ട്‌ തോളുകളിലായി എടുത്തു. അമ്മ ഒരു കുഞ്ഞിനെ തോളിലിട്ടു, മറ്റൊരു കുഞ്ഞിനെ കൈയ്‌ക്കുപിടിച്ചു നടത്തി. ഒരു കുഞ്ഞിനെ മൂത്തകുട്ടി (ഭാർഗവി)എടുത്തു. ആ നിലയിൽ അവർക്ക്‌ ഒരിഞ്ചു സഞ്ചരിക്കാൻ വയ്യെന്നായി. ആ കുഞ്ഞുങ്ങളോ മാതാപിതാക്കളോ അന്ന്‌ അന്നമയം കണ്ടിട്ടില്ല. ഗതികെട്ട്‌ അവർ അഞ്ചൽ എന്ന സ്ഥലത്തെ വഴിയരുകിൽ കണ്ട ഒരു കൊച്ചുവീട്ടിൽ കയറിച്ചെന്നു. തങ്ങൾ ശൂരനാട്ടുനിന്ന് പേടിച്ച്‌ വരുന്നവരാണെന്നും എന്തെങ്കിലും ഒന്നനത്തികഴിക്കാനും ഒന്നന്തിയുറങ്ങാനും സ‍ൗകര്യം തരണമെന്ന്‌ കുഞ്ഞുരാമൻ വീട്ടുകാരോടപേക്ഷിച്ചു. കാളത്തിണ്ണയിൽ കിടന്നുറങ്ങാനും ചായ്‌പ്പിൽ കഞ്ഞിവച്ചു കുടിച്ചുകൊള്ളാനും അനുവാദം കിട്ടി’–മധ്യതിരുവിതാംകൂറിനെ രാഷ്‌ട്രീയമായി ചുവപ്പണിയിച്ച ശൂരനാട്‌ സമരത്തെ തുടർന്ന്‌ സമരത്തിലെ ഇതിഹാസം ചേലേക്കോട്ടേത്ത്‌ കുഞ്ഞിരാമനും കുടുംബവും അനുഭവിച്ച തീരാദുരിതം ‘ഒളിവിലെ ഓർമകൾ’ എന്ന പുസ്‌തകത്തിലൂടെ തോപ്പിൽ ഭാസി വിശദമാക്കുന്നു. കുഞ്ഞുരാമൻ ഇളയ കുഞ്ഞിന്റെ എളിയിൽ കിടന്ന വെള്ളിയരഞ്ഞാണം ഉ‍ൗരിയെടുത്തു. അത്‌ അടുത്തുള്ള ഒരു കടയിൽ കൊണ്ടുപോയി വിറ്റ്‌ അരിയും കപ്പയും മറ്റും വാങ്ങി. കുഞ്ഞുങ്ങളെയെല്ലാം വിളിച്ചുണർത്തി വയറുനിറയെ കഞ്ഞികൊടുത്തു, പക്ഷേ, അയാൾമാത്രം ഒന്നും കഴിച്ചില്ല. ആ തിണ്ണയിൽ കിടന്ന്‌ ആ കുടുംബം ഉറങ്ങി, കുഞ്ഞുരാമൻ മാത്രം ഉറങ്ങിയില്ല. അർധരാത്രിയായപ്പോൾ അയാൾ ഭാര്യയെ വിളിച്ചുണർത്തി ആ രഹസ്യം പറഞ്ഞു, ആ മാതാവ്‌ പൊട്ടിക്കരഞ്ഞു. അവസാനം അയാൾ വന്ന്‌ ഇളയ കുഞ്ഞിനെ കൈയിലെടുത്തു. ഭാര്യയെയും കൂട്ടിക്കൊണ്ട്‌ ആ അർധരാത്രിയുടെ നിശബ്‌ദതയിൽ ലക്ഷ്യമില്ലാതെ നടന്നുപോയി...ഒളിവിലെ ഓർമകൾ ശൂരനാട്‌ സമരത്തിന്‌ നേതൃത്വംനൽകിയ സഖാക്കളും നേതാക്കളും നേരിട്ട ദുരിതപർവങ്ങളുടെ നേർസാക്ഷ്യമാണ്‌. ചേലേക്കോട്ടേത്ത്‌ കുഞ്ഞിരാമന്റെ മകൾ വള്ളികുന്നം വട്ടയ്‌ക്കാട്ട്‌ ശ്രീരാഗം വീട്ടിൽ ഇന്ദിരയും ശൂരനാട്‌ സമരത്തെ കുറിച്ചും തുടർന്ന്‌ നിരവധി കുടുംബങ്ങൾ അനുഭവിച്ച ത്യാഗവും ഇന്നത്തെ തലമുറയോട്‌ വിവരിക്കാറുണ്ട്‌. 1949 ഡിസംബർ 31ന്‌ നടന്ന ശൂരനാട്‌ സംഭവം ഇന്ദിരയ്‌ക്കും കേട്ടറിവേയുള്ളൂ. പക്ഷേ സംഭവത്തൈ തുടർന്ന്‌ വീട്ടിലെത്താത്ത അച്ഛനും അമ്മ കുഞ്ഞിപ്പെണ്ണമ്മയും ഇളയ കുട്ടികളെ സംരക്ഷിക്കാൻ പാടുപെട്ട ചേച്ചി 10 വയസ്സുള്ള ഭാർഗവിയും കുട്ടിക്കാലത്ത്‌ ഇന്ദിരയുടെ മനസ്സിൽ നീറുന്ന ഓർമയാണ്‌. ഇന്നുകാണുന്ന ശൂരനാടിന്‌ അടിമത്തത്തിൽ നിന്നും ജന്മിത്വത്തിൽ നിന്നും മോചനമൊരുക്കിയ അനശ്വര ശൂരനാട്‌ രക്‌തസാക്ഷികളുടെ വീറുറ്റ ഓർമ പുതുക്കാൻ നാടാകെ ഞായറാഴ്‌ച ഒത്തുചേരുകയാണ്‌. മനുഷ്യരായി ജീവിക്കാനും ജനാധിപത്യം പകർന്നുനൽകിയ പ‍ൗരാവകാശം അനുഭവിക്കാനും ജന്മിത്വം ശൂരനാട്ട്‌ അനുവദിച്ചിരുന്നില്ല. ഇതിനെതിരെയാണ്‌ ശൂരനാട്ടെ യുവാക്കൾ കമ്യൂണിറ്റ്‌ പാർടിയുടെ നേതൃത്വത്തിൽ സംഘടിച്ചതും ജന്മികളുമായി ഏറ്റുമുട്ടിയതും.


സമര പോരാട്ടത്തിന്റെ ചുവന്നനാട് ഐതിഹാസികമായ ശൂരനാട് സമരത്തിന്റെ 77–ാ മത് വാർഷികമാണ്‌ ഞായറാഴ്ച. ജന്മി ചൂഷണത്തിനും അടിമത്തത്തിനും അറുതിവരുത്തി, മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും അഭിമാന സംരക്ഷണത്തിനുമായി കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടന്ന ശൂരനാട്‌ സമരം കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ സുപ്രധാന ഏടാണ്‌. ഇന്ത്യ സ്വതന്ത്രമായ ശേഷവും തിരുവിതാംകൂറിലെ അടിമത്തം നിലകൊള്ളുന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു ശൂരനാട്. ജാതീയമായ ഉച്ചനീചത്വം ആയിരുന്നുമില്ല മറിച്ച്‌, അടിമത്തം അയിരുന്നു. പാവപ്പെട്ടവരെ അടിച്ചുകൊന്നാലും കണ്ടത്തിൽ ചവിട്ടി താഴ്ത്തിയാലും ആരുംചോദിക്കാനില്ലായിരുന്നു. പൊലീസും കോടതിയും എല്ലാം ജന്മിയുടെ പക്ഷം. മുണ്ടുനീട്ടി ഉടുക്കുന്നതിനും ഷർട്ട് ഇടുന്നതിനുമുള്ള അവകാശവും ജന്മിക്കു മാത്രം. ശൂരനാട്‌ കലാപം നടക്കുന്നതിനു രണ്ടുവർഷംമുന്പാണ് കമ്യൂണിസ്റ്റ് പാർടിയുടെ ഘടകം ഇവിടെ രൂപീകരിച്ചത് . 1949 ഡിസംബർ 27നാണ്‌ ശൂരനാട്ട്‌ കമ്യൂണിസ്റ്റ് പാർടി സെൽയോഗം ചേർന്നത്‌. തോപ്പിൽ ഭാസിയും ശങ്കരനാരായൺ തമ്പിയും പുതുപ്പള്ളി രാഘവനും പങ്കെടുത്ത യോഗമാണ്‌ ശൂരനാട്ട്‌ ജനകീയ സമരം വളർത്തിക്കൊണ്ടുവരാൻ നിർണായകമായ തീരുമാനമെടുത്തത്‌. ശൂരനാട്ടെ വീട്ടിനാൽ ക്ഷേത്രത്തിൽ താഴ്‌ന്ന ജാതിക്കാർ പ്രവേശിച്ചാൽ തലതെറിക്കുമെന്നും നാട് നശിച്ചുപോകുമെന്നുംവരെ ജന്മിമാർ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ്‌ കമ്യൂണിസ്റ്റുകാരായ യുവാക്കൾ ആദ്യം സംഘടിച്ചത്‌. 1949 വൃശ്ചിക മാസത്തിൽ താഴ്ന്ന ജാതിക്കാരായ യുവാവിനെ അമ്പലത്തിൽ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു ചെറുത്തുനിൽപ്പിന്‌ തുടക്കം. ശൂരനാട്ടെ പൊതുകുളങ്ങളും തോടുകളുമെല്ലാം ജന്മികൾ കൈയടക്കിയിരുന്നു. ഇതിനെയും ചോദ്യംചെയ്യാൻ കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. തുടർന്ന്‌ കൃഷിക്കാരും കർഷകതൊഴിലാളികളും ചേർന്ന്‌ ഉള്ളന്നുർ കുളത്തിൽ നിന്ന് പരസ്യമായി മീൻപിടിച്ചു. ഇതോടെ ജന്മികൾ പൊലീസ് സഹായം തേടി. അടൂരിൽ നിന്നെത്തിയ പൊലീസ് ശൂരനാട്ടെ സാധാരണക്കാരുടെ കുടുംബങ്ങളിൽ കയറി നരനായാട്ട് നടത്തി. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിച്ചു. ജന്മി ഗുണ്ടകളുടെ ജോലി പൊലീസ്‌ ഏറ്റെടുത്തു. അതോടെ പൊലീസുമായുള്ള ഏറ്റുമുട്ടൽ അനിവാര്യമായി. തൊഴിലാളികളെ വെടിവച്ചുകൊല്ലാൻ സബ് ഇൻസ്പെക്ടർ ഉത്തരവിട്ടു. 1949 ഡിസംബർ 31ന്‌ കിഴകിട ഏലായിൽ കൂരിരുട്ടിൽ നടന്ന സംഘട്ടനത്തിൽ മൂന്ന് പൊലീസുകാർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സബ്ഇൻസ്പെക്ടർ പിറ്റേദിവസം മാവേലിക്കര താലൂക്കാശുപത്രിയിൽ മരിച്ചു. തുടർന്ന്‌ ശൂരനാടിന്റെ മണ്ണ് സാക്ഷ്യം വഹിച്ചത്‌ ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന പൊലീസിന്റെയും പട്ടാളത്തിന്റെയും ഭീകരതയാണ്‌. 1950 ജനുവരി ഒന്നിന്‌ പുതുവർഷം പുലർന്നത് കമ്യൂണിസ്റ്റ് പാർടിയേയും അറുപതിലധികം തൊഴിലാളി, കർഷകത്തൊഴിലാളി, വിദ്യാർഥികൾ, മഹിളാ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള മന്ത്രിമുഖ്യൻ പറവൂർ ടി കെ നാരായണപ്പിള്ളയുടെ വിളംബരം കേട്ടുകൊണ്ടാണ്. ശൂരനാട്‌ എത്തിയ മുഖ്യൻ ‘ശൂരനാട് എന്നൊരു നാടിനി വേണ്ടാ’ എന്നും പ്രഖ്യാപിപിച്ചു. ശൂരനാട്‌ സംഭവത്തിൽ 26പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. പൊലീസ്‌ അറസ്റ്റ്ചെയ്‌ത പ്രതി തണ്ടശേരി രാഘവൻ 1950 ജനുവരി 18ന്‌ അടൂർ ലോക്കപ്പിൽ കൊടിയ മർദനമേറ്റ്‌ രക്തസാക്ഷിയായി. ശൂരനാട്‌ സമരത്തിലെ ആദ്യരക്‌തസാക്ഷിയാണ്‌ തണ്ടശേരി രാഘവൻ. കളയ്ക്കാട്ട്തറ പരമേശ്വരന്‍നായര്‍, പായിക്കാലില്‍ ഗോപാലപിള്ള, മഠത്തില്‍ ഭാസ്കരന്‍നായര്‍, കാഞ്ഞിരപ്പള്ളി വടക്കതില്‍ പുരുഷോത്തമക്കുറുപ്പ് എന്നിവർ ലോക്കപ്പുമുറികളിലും ജയിലുകളിലുമായി ക്രൂരമായ പൊലീസ് മര്‍ദനത്തെ തുടർന്ന്‌ രക്തസാക്ഷികളായി. പുന്തിലേത്ത് വാസുപിള്ള, മലമേല്‍ കൃഷ്ണപിള്ള, കാട്ടൂര്‍ ജനാര്‍ദനന്‍നായര്‍ തുടങ്ങിയവർ പൊലീസ് മര്‍ദനമേറ്റ്‌ വിട്ടയക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കകം രക്തസാക്ഷികളായി. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ചാലിത്തറ കുഞ്ഞച്ചന്‍, പായിക്കാലില്‍ രാമന്‍നായര്‍ തുടങ്ങിയ സഖാക്കളെ കുറിച്ച്‌ പിന്നീട്‌ ഒരുവിവരവുമില്ല. കേസിന്റെ വിചാരണഘട്ടത്തില്‍ ആര്‍ ശങ്കരനാരായണന്‍ തമ്പിയെ ഒഴിവാക്കി. സഖാക്കള്‍ തോപ്പില്‍ഭാസി, ചേലക്കോട്ടേത്ത് കുഞ്ഞിരാമന്‍, പോണാല്‍ ചെല്ലപ്പന്‍നായര്‍ എന്നിവരെ വെറുതെ വിട്ടു. സഖാക്കള്‍ പുതുപ്പള്ളി രാഘവന്‍, പേരൂര്‍ മാധവന്‍പിള്ള, അയണിവിളകുഞ്ഞുപിള്ള, പോണാല്‍ തങ്കപ്പക്കുറുപ്പ്, നടയില്‍വടക്കതില്‍ പരമുനായര്‍, തെക്കടത്തയ്യത്ത് ഭാസ്കരന്‍, ചിറപ്പാട്ട് ചാത്തന്‍കുട്ടി, അമ്പിയില്‍ ജനാര്‍ദനന്‍നായര്‍, കാട്ടൂര്‍ ജനാര്‍ദനന്‍നായര്‍, പുന്തിലേക്ക് വാസുനായര്‍ എന്നീ സഖാക്കളെ നാലും അഞ്ചും ജീവപര്യന്ത തടവിന് വിധിച്ചു. തിരു-കൊച്ചി സംസ്ഥാനത്ത് വധശിക്ഷ നിലവിലില്ലാതിരുന്നതിനാലാണ് വധശിക്ഷ നടപ്പിലാക്കാതിരുന്നത്. 1957ലെ ഇ എം എസ്‌ സർക്കാരാണ്‌ ശൂരനാട്, മൊറാഴാ കേസുകളിലെ പ്രതികളെ മോചിപ്പിച്ചത്‌. എൽഡിഎഫ്‌ സർക്കാരിന്റെ തണലിൽ മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെയും തൊഴിലാളി വർഗത്തിന്റെയും അവകാശ സംരക്ഷണത്തിനായി മുന്നേറാനും നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനും വർഗീയതക്കെതിരായ പോരാട്ടം ശക്‌തിപ്പെടുത്താനും അനശ്വര ശൂരനാട്‌ രക്തസാക്ഷികളുടെ ദീപ്ത സ്മരണ നമുക്ക് ആവേശമാവും. രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. ​ ​അഭിവാദനങ്ങളോടെ ബി ശശി സെക്രട്ടറി സിപിഐ എം ശൂരനാട് ഏരിയ കമ്മിറ്റി



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home