കരളുറപ്പിന്റെ കരുത്തില്‍ സുജിത് ജര്‍മനിക്ക്

ഷെഹിന്‍ഷാ
Published on Jul 27, 2025, 01:23 AM | 1 min read
കൊല്ലം
അപ്രതീക്ഷിതമായെത്തിയ രോഗത്തെ അമ്മ പകുത്തുനൽകിയ കരളിന്റെ കരുത്തിൽ നേരിട്ട സുജിത് പറന്നിറങ്ങുന്നത് ജർമനിയിലെ മൈതാനത്ത്. ആഗസ്തിൽ ജർമനിയിലെ ഡ്രെഡ്സണിൽ നടക്കുന്ന ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് കല്ലുംതാഴം സ്വദേശിയും പെരിനാട് പണയിൽ ജിഎച്ച്എസ്എസ് കായികാധ്യാപകനുമായ എസ് സുജിത്. 2019ൽ വെളിച്ചിക്കാല ബദരിയ ബിഎഡ് കോളേജിൽ കായികാധ്യാപകനായിരിക്കെയാണ് സുജിത്തിന് രോഗം കണ്ടെത്തുന്നത്. പെട്ടെന്ന് ഒരുദിവസം വീട്ടിൽ രക്തം ഛർദിക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ കരളിനെ ബാധിക്കുന്ന വിൽസൺ ഡിസീസ് ആണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, രോഗം സുജിത്തിനെ തളർത്തിയില്ല. അമ്മ താര കരൾ പകുത്തുനൽകാൻ തയ്യാറായതോടെ പോരാട്ടത്തിന് കരുത്തായി. 26–-ാം വയസ്സിൽ കരൾ മാറ്റിവച്ചു. ഏഴാം ക്ലാസ് മുതൽ സ്കൂളിലെ ക്രിക്കറ്റ്, ഫുട്ബോൾ ടീമുകളിലൂടെയാണ് കായികരംഗത്തക്കുള്ള ചുവടുവയ്പ്. കോയിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നതോടെ ഹോക്കിയിലേക്കും തിരിഞ്ഞു. പിന്നീട് എസ്എൻ കോളേജ് ടീം ക്യാപ്റ്റനായും കേരള സർവകലാശാല ടീമിലും കളിച്ചു. 2012ൽ ജൂനിയർ നാഷണൽ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു. ബിപിഎഡ്, എംപിഎഡ് യോഗ്യത നേടി താൻ പഠിച്ച കോയിക്കൽ സ്കൂളിൽ അടക്കം കായികാധ്യാപകനായി. ജില്ലയിലെ ഹോക്കി ടീമുകളിൽ അംഗമായി തുടരുന്നതിനിടെയാണ് ട്രാൻസ്‌പ്ലാന്റ് ഗെയിംസിനെക്കുറിച്ച് അറിയുന്നത്. 2023ൽ കൊച്ചിയിൽ നടന്ന ഓൾ ഇന്ത്യ ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ 100, 200 മീറ്റർ ഓട്ടത്തിൽ വെള്ളി സ്വന്തമാക്കിയതോടെ ആവേശം ഇരട്ടിയായി. ഇതിലെ മികച്ച പ്രകടനവും മേയിൽ ഹരിയാനയിലെ ഫരീദാബാദിൽ നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തതോടെ ജർമനിയിലെ ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. 100, 200മീറ്റർ ഓട്ടവും റിലേയും ഫുട്ബോളും ഉൾപ്പെടെ നാലിനങ്ങളിലാണ് മത്സരിക്കുന്നത്. ആഗസ്ത് 17മുതൽ 24വരെയാണ് ഗെയിംസ്. ഓർഗൻ ഇന്ത്യയാണ് സുജിത്തിന്റെ സ്പോൺസർമാർ. രാജ്യത്തിനായൊരു മെഡൽ എന്ന ലക്ഷ്യവുമായാണ് സുജിത് ജർമനിയിലേക്ക് പറക്കുന്നത്. അതും പൊരുതി നേടിയിട്ടേ മടങ്ങൂ എന്ന ആത്മവിശ്വാസത്തിലാണ് ഈ കായികാധ്യാപകൻ. കുറ്റിച്ചിറ ആലുവിള സുജിത് ഭവനിൽ എസ് സുരേന്ദ്രനാണ് അച്ഛൻ. അഭിരാമിയാണ് സുജിത്തിന്റെ ഭാര്യ. ശിവേദ്യ, ശിവമി എന്നിവർ മക്കളാണ്.










0 comments