അശ്വതിയുടെ വിജയഗാഥ

അശ്വതി കൂവകൃഷിയിടത്തിൽ
അഖിൽ സദാശിവൻ
Published on Apr 10, 2025, 01:27 AM | 1 min read
കൊല്ലം
ഇത് അശ്വതിയെന്ന സംരംഭകയുടെ കഥയാണ്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ വീട്ടുവാടക പോലും കൊടുക്കാനില്ലാതിരുന്നിടത്തുനിന്ന് മികച്ച വിറ്റുവരവുള്ള സംരംഭം തുടങ്ങിയതിന്റെ കഥ. സിനിമാക്കഥയെ പോലുംവെല്ലുന്ന പ്രതിസന്ധികളും അതിജീവിക്കാൻ നടത്തിയ പ്രയത്നങ്ങളുമാണ് വി വൺ ഓർഗാനിക്സ് എന്ന സംരംഭത്തിന്റെ വിജയത്തില്‍ പുനലൂർ തൊളിക്കോട് തലയാംകുളത്തെ മീരാകൃഷ്ണയിൽ അശ്വതിക്കു പറയാനുള്ളത്. ഫാൻസി നിർമാണ യൂണിറ്റും കൂവക്കൃഷിയും കൂവപ്പൊടിയുമാണ് ഇവരുടെ സംരംഭം. 17 വർഷമായി പുനലൂരിൽ ഫാൻസി ബിസിനസ് നടത്തിവരികയായിരുന്നു അശ്വതിയും കുടുംബവും. മികച്ച രീതിയിൽ ജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് ലോക്ക് ഡൗൺ വരുന്നത്. ഫലം ലക്ഷങ്ങളുടെ നഷ്ടവും. കടവാടക നൽകാൻ പോലും പണമില്ലാതായി. ഇതോടെ ഫാൻസി കച്ചവടത്തിനു പുറമേ പുതുതായി എന്തെങ്കിലുംകൂടി ചെയ്യണമെന്ന ചിന്തയായി. സർക്കാരിന്റെ സംരംഭക വർഷത്തെക്കുറിച്ച് അറിഞ്ഞ് പുനലൂരിലെ വ്യവസായ കേന്ദ്രത്തിലെത്തി. തുടര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിൽനിന്ന് ആവശ്യമായ ക്ലാസുകളും നിലവിലുള്ള ഫാൻസി ഇനങ്ങളുടെ നിർമാണ യൂണിറ്റ് തുടങ്ങുന്നതിന് ആവശ്യമായ സഹായങ്ങളും ലഭിച്ചു. ഇതോടെ മാല, കമ്മൽ, ഹെയർ ആക്സസറീസ്, അലങ്കാര ബാസ്കറ്റുകൾ, ഫാൻസി ഡ്രസിനാവശ്യമായ വസ്ത്രങ്ങൾ എന്നിവ നിർമിച്ചു നൽകാൻ തുടങ്ങി. ഹിറ്റായതോടെ ഓൺലൈൻ വഴിയും ഓർഡറുകൾ ലഭിച്ചു. രണ്ടാംഘട്ട പരിശീലന ക്ലാസിൽ പങ്കെടുത്തപ്പോഴാണ് ഒരു സംരംഭംകൂടി തുടങ്ങാൻ ആഗ്രഹമുണ്ടായത്. ഉടൻ ജില്ലാ വ്യവസായ കേന്ദ്രം അധികൃതരുമായി ബന്ധപ്പെട്ടതോടെ 35 ശതമാനം സബ്സിഡിയിൽ ഒമ്പതുലക്ഷം രൂപ ലോൺ നൽകുകയും ചെയ്തു. സ്വന്തമായുള്ള 50സെന്റ് സ്ഥലത്ത് കൂവക്കൃഷിയും പിന്നീട് ഇതിൽനിന്ന് കൂവപ്പൊടി തയ്യാറാക്കുന്ന സംരംഭവും ആരംഭിച്ചു. പുനലൂർ മുനിസിപ്പാലിറ്റിയും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നെന്ന് അശ്വതി പറയുന്നു. നിലവിൽ കേരള അഗ്രോയുടെ ഔട്ട് ലെറ്റുകളിലും ജില്ലയിലെ വിവിധ കടകളിലും വിവൺ കൂവപ്പൊടി ലഭിക്കും. സംരംഭത്തിന് എല്ലാവിധ പിന്തുണയുമായി ഭർത്താവ് സജിയും മക്കളായ കൃഷ്ണയും മീരയും ഒപ്പമുണ്ട്. സർക്കാർ ഒപ്പമുണ്ട് മുമ്പ് സംരംഭങ്ങൾ തുടങ്ങുന്നതിന് ഓഫീസുകൾ കയറി ഇറങ്ങണമായിരുന്നു. എന്നാല്‍, ഇന്ന് ലൈസൻസ് നടപടികൾ ലഘുകരിച്ചു. സർക്കാർ ഒപ്പമുണ്ടെന്ന തോന്നലാണിപ്പോൾ. വ്യവസായ വകുപ്പിന്റെയും സർക്കാരിന്റെയും സഹായമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു സംരംഭം ഉണ്ടാകില്ലായിരുന്നെന്ന് അശ്വതി പറഞ്ഞു.









0 comments