ഇവിടെ എല്ലാം സെറ്റാണ്

ഷെഹിന്‍ഷാ
Published on Dec 23, 2025, 01:32 AM | 1 min read
കൊല്ലം
ഗെറ്റ് റെഡി, സെറ്റ്, ഗോ..! തോക്കിലെ വെടിയൊച്ചയേക്കാള്‍ വേഗത്തിലായിരുന്നു പൂതക്കുളം ജിഎച്ച്എസ്എസിന്റെ കായികമേഖലയിലെ ജൈത്രയാത്ര. ദേശീയ മീറ്റിലെ മെഡല്‍ നേട്ടം ഉള്‍പ്പടെ കായികാധ്യാപകന്‍ എന്‍ നിഹാസിന്റെ പരിശീലനത്തില്‍ സ്കൂള്‍ പടുത്തുയര്‍ത്തിയത് പുതുചരിത്രം. തകര്‍ന്നുകിടന്ന സ്കൂളിന്റെ കായിക ചിത്രത്തെ നിഹാസ് മാറ്റിവരച്ചു. കായികാധ്യാപകന്റെയും കുട്ടികളുടെയും കഠിനമായ പരിശീലനവും പരിശ്രമവും സ്കൂളിന് നേടിക്കൊടുത്തത് ദേശീയ ഗെയിംസില്‍ വെള്ളിയും സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ എട്ടു മെഡലുകളും. ദേശീയ ഗെയിംസിലെ ചെസ് മത്സരത്തില്‍ സ്കൂളിലെ ഒമ്പതാം ക്സാസ് വിദ്യാര്‍ഥി എന്‍ നിരഞ്ജനയാണ് വെള്ളി സ്വന്തമാക്കിയത്. ജില്ലാ കായിക മേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളില്‍ വ്യക്തിഗത ചാമ്പ്യനായിരുന്ന അപര്‍ണ പ്രകാശും ദേശീയ മീറ്റില്‍ കേരള ടീമിന്റെ ഭാഗമായി. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ഒരേയൊരു മെഡല്‍ മാത്രമായിരുന്നു സ്കൂളിന്റെ നേട്ടം. ലോങ് ജമ്പില്‍ വെങ്കലം. എന്നാല്‍, ഇത്തവണത്തെ ജില്ലാ കായികമേള മുതല്‍ ചിത്രം മാറി. ചരിത്രത്തിലാദ്യമായി ജില്ലയില്‍ എഴു സ്വര്‍ണം ഉള്‍പ്പെടെ 12 മെഡലുകളോടെ സംസ്ഥാന സ്കൂള്‍ ഗെയിംസിന് ടീം ഒരുങ്ങി. തിരുവനന്തപുരത്ത് നടന്ന സ്കൂള്‍ ഗെയിംസിലും ചിത്രം മാറിയില്ല. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഏഴെണ്ണവും വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഒരു മെഡലും കരസ്ഥമാക്കി. രണ്ടു സ്വര്‍ണം, മൂന്നു വെള്ളി, മുന്നു വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. സ്കൂളിന്റെ മികവാര്‍ന്ന പ്രകടനത്തില്‍ വലിയ അഭിനന്ദന പ്രവാഹമാണ് നിഹാസിന് ലഭിക്കുന്നത്. എന്നാല്‍, ഈ നേട്ടങ്ങളില്‍ അഭിരമിക്കാന്‍ നിഹാസ് തയ്യാറല്ല. ദേശീയ മീറ്റില്‍ സ്കൂളിലേക്ക് സ്വര്‍ണം എത്തിക്കണമെന്ന വാശിയിലാണ് ഈ കായികാധ്യാപകന്‍. വൈകാതെ അത്തരം നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കുമെന്നും നിഹാസ് പറയുന്നു.










0 comments