ad
Deshabhimani

വിണ്ണിലിറങ്ങിയ താരങ്ങൾ

ഇരവിപുരം പുത്തൻനട ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്  സ്ഥാപിച്ച മിനി സ്റ്റേഡിയവും അർജന്റീനൻ കളിക്കാരുടെ കട്ടൗട്ടും

ഇരവിപുരം പുത്തൻനട ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് സ്ഥാപിച്ച മിനി സ്റ്റേഡിയവും അർജന്റീനൻ കളിക്കാരുടെ കട്ടൗട്ടും

avatar
എസ് അനന്തവിഷ്ണു

Published on Jun 29, 2026, 12:25 AM | 1 min read

കൊല്ലം

​മാടൻനട– ഇരവിപുരം റോഡിലൂടെ സഞ്ചരിക്കുമ്പോൾ അതാ, മുൻവശത്ത്‌ മർട്ടിനെസും ജൂലിയൻ അൽവാരസും കുതിക്കുന്നു. മധ്യഭാഗം സുരക്ഷിതമാക്കി അലക്സിസ് മാക്അലിസ്റ്റർ കളം നിറയുമ്പോൾ വലതുവശത്ത് റോഡ്രിഗോ ഡീ പോളും ഇടതുഭാഗത്ത് എൻസോ ഫെര്‍ണാണ്ടസും പോരാട്ടം ശക്തമാക്കുന്നു. ക്രിസ്റ്റ്യന്‍ റൊമേറോയും നിക്കോളാസ് ഓട്ടോമെന്റിയും ഗോൾവലയ്ക്ക് മുന്നിൽ കോട്ട കെട്ടുമ്പോൾ വിങ്സ് കമാന്‍ഡറുമാരായി ലിയാന്‍ഡ്രോ പരേഡസും നഹുൽ മോളീഞ്ഞോയും ചിറക് വിരിച്ചു പറക്കുകയാണ്. കളിക്കളത്തിൽ വൻമതിൽ പോലെ എമിലിയാനോ മർട്ടിനെസ് ഗോൾവലയ്ക്ക് മുന്നിൽ മായാജാലം കാട്ടുമ്പോൾ തൊട്ടുപുറകിലായി സ്വർണക്കപ്പിൽ മുത്തമിട്ടു സാക്ഷാൽ ലയണൽ മെസിയും ആരാധകരുടെ മനം കവരുന്നു. തെറ്റിദ്ധരിക്കേണ്ട...! അമേരിക്കയിലെ കാൻസാസിലുള്ള സ്റ്റേഡിയത്തിൽനിന്നുള്ള കളി വിവരണമല്ല. ലോകചരിത്രത്തിൽ ഇടംകാൽ കൊണ്ടു ഇതിഹാസം തീർത്ത മനുഷ്യന്റെയും അവന്റെ ടീമിന്റെയും ജീവൻ തുടിക്കുന്ന കട്ടൗട്ടുകൾ മിനി സ്റ്റേഡിയത്തിൽ തയ്യാറാക്കിയത്തിന്റെ വിശേഷമാണ്. ഇരവിപുരം പുത്തൻനട ജങ്ഷനിൽ ഇലഞ്ഞിക്കൽ ക്ഷേത്രത്തിനു മുന്പിലായി മിനി സ്റ്റേഡിയം തയ്യാറാക്കി പച്ചവിരിച്ച പുൽത്തകിടിയിൽ അർജന്റീനൻ ടീം നിറയുമ്പോൾ ആരാധകർക്കും നാട്ടുകാർക്കും യാത്രക്കാർക്കും അത്ഭുതമാണ്. ​പുത്തനട ആര്‍ട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ നേതൃത്വത്തിലാണ് മിനി സ്റ്റേഡിയവും അർജന്റീന കളിക്കാരുടെ കട്ടൗട്ടുകളും തയ്യാറാക്കിയത്. ആറടി ഉയരമാണ് ഓരോ കട്ടൗട്ടിനും. മെസിയുടെ കട്ടൗട്ട് മാത്രം 20 അടി ഉയരത്തിലാണ്. 35,000 രൂപ ചെലവിട്ടാണ് നിര്‍മാണം. തൊട്ടടുത്തു തന്നെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 60 അടി ഉയരത്തിലുള്ള കട്ടൗട്ടും തയ്യാറാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home