ഇന്ത്യയ്ക്ക് കിരീടം നേടി സഹോദരിമാര്‍

ആൻസി ടീനയും റീന സ്വീറ്റിയും
ഷെഹിൻഷാ
Published on Jan 06, 2026, 01:13 AM | 1 min read
കൊല്ലം
ഹാന്‍ഡ് ബോളും ഗോൾ ഷോട്ട് ബോളുമെല്ലാം ഈ സഹോദരിമാര്‍ക്ക് നിസ്സാരം. നേപ്പാളിൽ നടന്ന പ്രഥമ ദക്ഷിണേഷ്യൻ സീനിയർ ഗോൾ ഷോട്ട് ബോളില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചിരിക്കുകയാണ് കൊല്ലം പട്ടത്താനം സ്വദേശികളായ എ റീന സ്വീറ്റിയും എ ആൻസി ടീനയും. ഉന്നത വിദ്യാഭ്യാസത്തിനൊപ്പം കായികാധ്യാപകരായും ജോലിചെയ്യുന്ന ഈ സഹോദരിമാര്‍ അഞ്ചാം ക്ലാസ് മുതല്‍ കായിക മേഖലയില്‍ സജീവമാണ്. ഹാന്‍ഡ് ബോളിലായിരുന്നു ഇരുവരുടെയും തുടക്കം. അമ്മാവന്മാരായ ജോണ്‍ ബ്രിട്ടോയും നെപ്പോളിയനുമാണ് കായിക മേഖലയിലേക്ക് എത്തിച്ചത്. ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലത്തിനും കേരളത്തിനുമായി നിരവധി തവണ ജഴ്സിയണിഞ്ഞിട്ടുണ്ട് ഇരുവരും. വിമല ഹൃദയ, കൊല്ലം ക്രിസ്തുരാജ്, ഫാത്തിമ മാതാ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. നിലവില്‍ തമിഴ്നാട്ടിലെ സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നു. അവിടെനിന്നാണ് ഇന്ത്യയുടെ സീനിയർ ഗോൾ ഷോട്ട് ബോള്‍ ടീമിലേക്ക് ഇരുവരും തെരഞ്ഞെടുക്കപ്പെടുന്നത്. മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്ക് പുത്തന്‍ അനുഭവമല്ലെങ്കിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് കിരീടം ചൂടാനായതിന്റെ സന്തോഷത്തിലാണ്. തങ്ങളുടെ കഠിനാധ്വാനവും ടീമിന്റെ മികച്ച പ്രകടനവും കൂടിയായപ്പോള്‍ വലിയ നേട്ടമാണ് കൈവരിക്കാനായതെന്ന് റീനയും ആൻസിയും പറയുന്നു. പട്ടത്താനം ശ്രീനഗർ 183 വീട്ടിലാണ് താമസം. അച്ഛന്‍ ആന്റണി തമിഴ്നാട്ടില്‍ ഡ്രൈവറായി ജോലിചെയ്യുന്നു. അമ്മ: രാജി.










0 comments