പനിച്ച് വിറച്ച്

സ്വന്തം ലേഖിക
Published on Jul 01, 2026, 12:56 AM | 1 min read
കൊല്ലം
പനി ബാധിതരെക്കൊണ്ട് ആശുപത്രി വരാന്തകൾ നിറഞ്ഞു. ദിവസവും ആയിരത്തിലേറെ പേരാണ് പനിക്ക് ചികിത്സ തേടി സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ എത്തുന്നത്. മൂന്നുദിവസത്തിനിടെ ജില്ലയിൽ 2800 പേർക്ക് വൈറൽപ്പനി സ്ഥിരീകരിച്ചു. ഇത് സർക്കാർ ആശുപത്രിയിലെ മാത്രം രോഗികളുടെ കണക്കാണ്. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ കണക്കുകൂടി എടുക്കുമ്പോൾ മൂന്നിരട്ടിയാകും. സാധാരണ പനിക്കൊപ്പം മാരകമായ ഡെങ്കിപ്പനിയും എലിപ്പനിയും കൂടാതെ ഷിഗല്ല, ഹെപ്പറ്റൈറ്റിസ്, മലേറിയ തുടങ്ങി രോഗങ്ങൾ ബാധിച്ചും കൂടുതൽ പേർ ആശുപത്രിയിൽ എത്തുന്നുണ്ട്. സാധാരണ പനി മൂന്നോ നാലോ ദിവസംകൊണ്ടു ശമിക്കുമെങ്കിലും മറ്റുള്ളവ അങ്ങനെയല്ല.പനി, ജലദോഷം, ശരീരവേദന, തൊണ്ടവേദന, ഛർദി എന്നിങ്ങനെ വൈറൽ പനിയുടെ ലക്ഷണങ്ങളാണ് പലർക്കുമുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. മാസ്കിടാതെ ജനം മഴക്കാലത്ത് പകർച്ചപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുമ്പോഴും ആളുകൾ ആശുപത്രിയിലെത്തുന്നത് ജാഗ്രതയില്ലാതെ. അതീവ ശ്രദ്ധവേണ്ട വിഭാഗങ്ങളിൽപ്പോലും ആരും മാസ്ക് ധരിക്കുന്നില്ല. ആശുപത്രികളിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. മഴക്കാലം തുടങ്ങിയപ്പോൾ മുതൽ നിരവധി പകർച്ചവ്യാധികളാണ് പടർന്നുപിടിക്കുന്നത്. ഇൻഫ്ലുവൻസ് എ വൈറസ് മൂലം ഉണ്ടാകുന്ന പനിയും മറ്റുമായി ഒട്ടേറെപ്പേർ ചികിത്സതേടുന്ന സാഹചര്യത്തിൽ മാസ്കില്ലാതെ ആശുപത്രികളിൽ എത്തരുതെന്ന് ഡോക്ടർമാർ പറയുന്നു.











0 comments