ad
Deshabhimani

കടലിൽ ജീവൻ നഷ്ടപ്പെട്ട കുടുംബത്തെ കബളിപ്പിച്ച്‌ സർക്കാർ

ശക്തികുളങ്ങരയിൽ തീരത്തേക്ക് ഇടിച്ചു കയറിയ "കൈരളി' മീൻപിടിത്ത ബോട്ട്
avatar
സ്വന്തം ലേഖകൻ

Published on Aug 25, 2026, 12:49 AM | 1 min read

കൊല്ലം

കടലിൽ മീൻപിടിക്കാൻ പോയി ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ അവഗണിച്ച സർക്കാർ നടപടിക്കെതിരെ കുടുംബം സമരം പ്രഖ്യാപിച്ചപ്പോൾ, തുച്ഛമായ തുകയുടെ ചെക്ക്‌ വീട്ടിലെത്തിച്ച്‌ മുഖം രക്ഷിക്കാൻ ശ്രമിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. കടലിൽ കാണാതായ ഗ‍ൗതം കൃഷ്‌ണന്റെ മൃതദേഹം 25 ദിവസമായിട്ടും ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരച്ചിലിന്‌ കൃത്യസമയത്ത്‌ നടപടി ഉണ്ടാകാത്തതിന്റെ തീരാദുരിതമാണ്‌ ചവറ പുത്തൻതുറയിലെ കുടുംബം അനുഭവിക്കുന്നത്‌. അപകടത്തിൽ ഗ‍ൗതമിന്റെ അച്ഛനും അപ്പൂപ്പനും മരിച്ചു. സർക്കാരിന്റെ കണ്ണുതുറപ്പിക്കാനും കുടുംബത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടും ഗ‍ൗതമിന്റെ അമ്മ രേഷ്‌മയും നാട്ടുകാരും തിരുവോണനാളിൽ കലക്ടറേറ്റ്‌ പടിക്കൽ പട്ടിണി സമരം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന്‌ പെട്ടെന്ന്‌ തിങ്കളാഴ്‌ച റവന്യു ഉദ്യോഗസ്ഥർ നീണ്ടകര പൂമുഖത്ത് വീട്ടിലെത്തി നാലു ലക്ഷം രൂപയുടെ രണ്ട്‌ ചെക്ക്‌ കൈമാറി. മീൻപിടിത്തത്തിനിടെ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടമായ രാജീവന്‍, മരുമകന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ ആശ്രിതര്‍ക്ക് ദുരന്തപ്രതികരണ നിധിയില്‍നിന്നുള്ള സമാശ്വാസ ധനസഹായമായാണ്‌ നാലുലക്ഷം രൂപ വീതം കൈമാറിയത്‌. എന്നാൽ, കുടുംബത്തിന്റെ എക ആശ്രയമായ ഗ‍ൗതമിന്റെ സഹോദരന്‌ ചവറ കെഎംഎംഎല്ലിൽ ജോലി, കുടുംബത്തിന്റെ കടബാധ്യത തീർക്കൽ, വള്ളം നിർമിക്കാനെടുത്ത വായ്‌പ എഴുതിത്തള്ളൽ, സർക്കാർ ധനസഹായം തുടങ്ങിയ കുടുംബത്തിന്റെ ആവശ്യങ്ങളിൽ സർക്കാരും ചവറ എംഎൽഎ കൂടിയായ മന്ത്രി ഷിബു ബേബിജോണും മ‍ൗനം ഭജിക്കുകയാണ്‌. ജൂലൈ 31നു രാവിലെ നീണ്ടകര പുലിമുട്ടിനു സമീപം ‘ശ്രീകൃഷ്ണ ഭഗവാന്‍' എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home