ദേശീയപാത നിർമാണത്തിന് മണ്ണ്
പരവൂർ കായൽക്കരയിലും മണലൂറ്റ്

ദേശീയപാത വികസനത്തിന്റെ ഭാഗമായി പരവൂർ കായലിൽ താന്നി പൊഴികര ഭാഗത്ത് ഡ്രഡ്‌ജിങ് നടക്കുന്ന സ്ഥലം
എം അനിൽ
Published on Jun 17, 2026, 12:25 AM | 2 min read
കൊല്ലം ദേശീയപാത വികസനത്തിന്റെ ആവശ്യത്തിന് പരവൂർ കായലിൽ ഡ്രഡ്‌ജിങ് നടത്തി മണ്ണെടുക്കാൻ സർക്കാർ നൽകിയ അനുമതിയുടെ മറവിൽ കരമണ്ണും കടത്തുന്നു. ദേശീയപാത നിർമാണക്കരാർ കന്പനി ശിവാലയ കൺസ്‌ട്രക്‌ഷനുവേണ്ടി കായലിലെ മണ്ണും മണലും കൂടാതെ കരഭാഗവും ജെസിബി ഉപയോഗിച്ചാണ് കോരിയെടുക്കുന്നത്. ഇത് പ്രദേശത്തെ വീടുകൾക്കും റോഡിനും ഭീഷണിയായി. പതിറ്റാണ്ടുകളായി കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും അശാസ്‌ത്രീയ ഡ്രഡ്‌ജിങ് വിനയായി. കല്ലിടൽ നടപടിയായ തീരദേശ ഹൈവേയുടെ നിർമാണത്തിനും ഇത് തിരിച്ചടിയാകും. കിണറിന്റെ ആഴത്തേക്കാൾ കൂടുതൽ കായലിൽ ഡ്രഡ്‌ജിങ് നടത്തിക്കഴിഞ്ഞു. ഇത് ചീഫ് ഹൈഡ്രോഗ്രാഫറുടെ നിർദേശത്തിന് വിരുദ്ധമാണ്. മധ്യഭാഗത്തേക്ക് അധികം പോകാതെ കരപ്രദേശത്തോട് ചേർന്നാണ് ഡ്രഡ്‌ജിങ് കുടുതലും. കായൽക്കരയിൽനിന്ന് മണ്ണെടുക്കുന്നത് ഭൂമിയുടെ ഉറപ്പിനെ ബാധിക്കും. കടൽകയറ്റവും ശക്തമായ മഴയും വന്നാൽ തിട്ട തകർന്ന് കടൽവെള്ളം കായലിലേക്ക് കയറുകയുംചെയ്യും. കടലിനെയും കായലിനെയും വേർതിരിക്കുന്നത് കൊല്ലം– താന്നി–പരവൂർ തീരദേശ റോഡാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ താന്നിയിൽ റോഡ് മുറിഞ്ഞിരുന്നു. മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഡ്രഡ്‌ജിങ്. 2025 ഏപ്രിൽ 21നും മെയ് 14നും ഇൗ വർഷം മാർച്ച് 15നും ഇറക്കിയ ഉത്തരവ് പ്രകാരമാണ് -പരവൂർ കായലിൽ താന്നി, പൊഴിക്കര എന്നിവിടങ്ങളിൽനിന്ന് മണ്ണും എക്കലും എടുക്കുന്നത്. ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾക്കായി നിർമാണക്കരാർ കന്പനികളാണ് പരവൂർ, അഷ്ടമുടി കായലുകളിൽ ഡ്രഡ്‌ജിങ്ങിന് അനുമതിക്കായി സംസ്ഥാന സർക്കാരിനെ സമീപിച്ചത്. കാവനാട്– കടന്പാട്ടുകോണം റീച്ചിന്റെ നിർമാണ ആവശ്യത്തിന് കരാർ കന്പനിയായ ശിവാലയ കൺസ്‌ട്രക്‌ഷൻ പരവൂർ കായലിൽനിന്ന് രണ്ടുലക്ഷം എം ക്യൂബ് മണ്ണെടുക്കാൻ അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച സർക്കാർ അനുമതി നൽകി 2025 ഏപ്രിൽ 21നും മെയ് 14നും ഉത്തരവ് ഇറക്കി. എന്നാൽ, ശിവാലയ കൺസ്‌ട്രക്‌ഷൻ ചുമതലപ്പെടുത്തിയ ഏജൻസി ഏകദേശം 60,000 എം ക്യൂബ് മണ്ണ് മാത്രമാണ് എടുത്തത്. ഇതേത്തുടർന്ന് കൊറ്റുകുളങ്ങര– കാവനാട് റീച്ചിന്റെ നിർമാണക്കരാർ കന്പനിയായ വിശ്വസമുദ്ര കൺസ്‌ട്രക്‌ഷൻസും പരവൂർ കായലിലെ മണ്ണെടുക്കാൻ അപേക്ഷനൽകി. ഇൗ കന്പനിക്കും മണ്ണെടുക്കാൻ മാർച്ച് 15ലെ ഉത്തരവിലൂടെ അനുമതി ലഭിച്ചു. ഇതിനിടെ 50,000 എം ക്യൂബ് മണ്ണുകൂടി എടുക്കാൻ വീണ്ടും ശിവാലയ കൺസ്‌ട്രക്‌ഷൻസ് സർക്കാരിനെ സമീപിച്ചു. ഇൗ അപേക്ഷ പരിഗണിച്ചുള്ള ഡ്രഡ്‌ജിങ് ആണ് ഇപ്പോൾ താന്നിയിലും പൊഴിക്കരയിലും നടക്കുന്നത്. എന്നാൽ, ഡ്രഡ്‌ജിങ്ങിന് സ്ഥലം അധികൃതർ മാർക്ക് ചെയ്‌ത് കൊടുക്കുന്നത് കാത്തിരിക്കാതെ നേരത്തെ ലഭിച്ച സർക്കാർ ഉത്തരവിന്റെ മറവിൽ ശിവാലയ കൺസ്‌ട്രക്‌ഷൻ മണലൂറ്റ് നടത്തുകയാണ് ഇവിടെ. മണ്ണെടുപ്പിന് ചുമതലപ്പെടുത്തിയ ഏജൻസി തോന്നുംപോലെ കായലിൽനിന്നും കരയിൽനിന്നും രാപകൽ വ്യത്യാസമില്ലാതെ മണ്ണെടുക്കുന്നു. ദേശീയപാത നിർമാണത്തിന്റെ മറവിൽ റോഡ് നിർമാണ കന്പനിയുടെ ചില ഉദ്യോഗസ്ഥരും ഡ്രഡ്‌ജിങ് ഏജൻസിയും ചേർന്ന് കായലിനെ ചൂഷണം ചെയ്‌ത് കൊള്ള നടത്തുകയാണെന്നാണ് ആക്ഷേപം. ഇവരുടെ ഉൗഴം കഴിഞ്ഞാൽ വിശ്വസമുദ്ര കൺസ്‌ട്രക്‌ഷന്റെ ഡ്രഡ്‌ജിങ് നടക്കും.









0 comments