ad
Deshabhimani

മോട്ടോർവാഹന എൻഫോഴ്‌സ്‌മെന്റ്‌ റിപ്പോർട്ട്‌

നീണ്ടകരയിലെ 
പരുക്കൻ റോഡ്‌ മരണക്കെണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2026, 12:39 AM | 2 min read

കൊല്ലം

ദേശീയപാതയിൽ നീണ്ടകര ഭാഗത്തെ പരുക്കൻ റോഡ്‌ മരണക്കെണിയെന്ന്‌ മോട്ടോർവാഹന എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ. നിർമാണത്തിലുള്ള ആറുവരി ദേശീയപാതയിൽ ഓച്ചിറ മുതൽ കൊട്ടിയംവരെ നടത്തിയ പരിശാധനയിൽ കണ്ടെത്തിയ സുരക്ഷാവീഴ്‌ചകൾ ചൂണ്ടിക്കാട്ടി കൊല്ലം ആർടിഒ എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം കലക്ടർക്ക്‌ നൽകിയ റിപ്പോർട്ടിലാണ്‌ ഇ‍ൗ വിവരങ്ങൾ. കൊല്ലത്തുനിന്ന്‌ കരുനാഗപ്പള്ളിയിലേക്കുള്ള ദിശയിൽ റോഡിന്‌ വലതുവശത്തായി 70 മീറ്ററിലധികം നീളത്തിലാണ്‌ പരുക്കൻ റോഡ്‌. ഇവിടെ ചരലും ഉള്ളതിനാൽ വാഹനങ്ങളുടെ ടയർതെന്നാൻ സാധ്യത ഏറെ. എന്നാൽ, അപകട സൂചനയായി വച്ചിരിക്കുന്നത്‌ ചുവന്ന പ്ലാസ്റ്റിക് ബാരിക്കേഡ്‌ മാത്രം. ഹൈവേയുടെ വേഗത്തിൽ പോകേണ്ട ട്രാക്കിലും വളവിലുമാണ്‌ ഇതെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇവിടെ അടിയന്തരമായി നിർമാണം പൂർത്തിയാക്കണമെന്നും അതുവരെ രാത്രിയിൽകൂടി സുരക്ഷ ഉറപ്പാക്കാൻ മതിയായ റിഫ്ലക്ടറുകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ടിലുണ്ട്‌. കല്ലുംതാഴത്ത്‌ 
സഞ്ചരിക്കണം 
കിലോമീറ്ററുകൾ കൊല്ലം–- തിരുമംഗലം ദേശീയപാത (എൻഎച്ച്‌ 744-)യും നിർമാണം പുരോഗമിക്കുന്ന ദേശീയപാതയും (എൻഎച്ച്‌ 66) സംഗമിക്കുന്ന കല്ലുംതാഴത്ത്‌ ഇരുവശത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക്‌ തിരുവനന്തപുരം ഭാഗത്തേക്കുള്ള ദിശയിൽ സഞ്ചരിക്കണമെങ്കിൽ സർവീസ്റോഡ് വഴി രണ്ടാമെത്ത അണ്ടർപാസ്‌ എടുത്ത്‌ എതിർഭാഗത്തെ സർവീസ്റോഡിൽ പ്രവേശിച്ചാൽ മാത്രമേ പോകാനാകൂ. വലിയ വാഹനങ്ങൾക്ക്‌ ഉയരം ഉള്ളതിനാൽ അണ്ടർപാസ്‌ വഴി കടക്കാനും സാധിക്കില്ല. അതിനാൽ വലിയ വാഹനങ്ങൾക്ക്‌ നാല്‌ കിലോമീറ്റർ അധികം സഞ്ചരിച്ച്‌ കടവൂരിൽ എത്തി മാത്രമേ എതിർവശത്തേക്ക് കടക്കാനാകൂ. ഇത്‌ യാത്രക്കാർക്ക്‌ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂണുകൾ പോലെ 
കടകൾ ദേശീയപാതയിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി കടകളും സ്ഥാപനങ്ങളും അപകടം സൃഷ്ടിക്കാൻ സാധ്യതയുണ്ട്‌. പുത്തൻതെരുവ്‌, ഓച്ചിറ കല്ലൂർ ജങ്‌ഷൻ എന്നിവിടങ്ങളിൽ കടകൾ സംരക്ഷണ ഭിത്തിപോലും ഇല്ലാതെയാണ്‌ പ്രവർത്തിക്കുന്നത്‌. ഇവിടെനിന്ന്‌ സാധനം വാങ്ങാൻ വാഹനം റോഡരികിൽ പാർക്ക്‌ ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ​പരിഹാരമാർഗങ്ങൾ ദേശീയപാതയിലൂടെ വാഹനം ഓടിക്കാൻ ഡ്രൈവർമാർക്ക്‌ പ്രത്യേകം പരിശീലനം നൽകണം. ഇന്ത്യൻ റോഡ്‌സ്‌ കോൺഗ്രസ്‌ (ഐആർസി കോഡ്‌) പ്രകാരം ഉള്ള മീഡിയനുകൾ നിർബന്ധമാക്കുക. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ യാത്രക്കാർക്ക്‌ സ‍ൗകര്യപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന പെലിക്കൺ കോസിങ്‌ (പെഡസ്‌ട്രിയൻ ഓപ്പറേറ്റഡ്‌ സീബ്ര ക്രോസിങ്‌ സിഗ്‌നൽ) സ്ഥാപിക്കുക. എൻട്രി, എക്‌സിറ്റ്‌ വരുന്ന ഭാഗങ്ങളിൽ ഹോം ഗാർഡുകളെ നിയമിക്കുക. ജെഴ്‌സി ബാരിയർ, ഓറഞ്ച്‌ ബാരിയർ എന്നിവ സ്ഥാപിക്കുക. ഹൈവേയിൽ സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ, റോഡ്‌ മാർക്കിങ്ങുകൾ എന്നിവയ്‌ക്ക്‌ ഇടവിട്ട പരിപാലനം ഉറപ്പാക്കുക. റോഡ് ഓഡിറ്റുകൾ ആവർത്തിച്ച്‌ നടത്തി പൊതുജനങ്ങളുടെ കൂടി അഭിപ്രായം ശേഖരിച്ച്‌ പരിഹാര നടപടി സ്വീകരിക്കുക, ഹൈവേയ്‌ക്കരികിൽ പാർക്കിങ് സൗകര്യം ഒരുക്കുക, റിഫ്ലക്ടേഴ്‌സ്‌, പാർക്ക്‌ ലൈറ്റുകൾ, ബ്രേക്ക്‌ ലൈറ്റുകൾ എന്നിവ ഇല്ലാത്ത വാഹനങ്ങൾക്കെതിെര കർശന നടപടി സ്വീകരിക്കുക. പാലം ഉള്ള ഇടങ്ങളിൽ എതിർദിശയിലുള്ള സഞ്ചാരം പൂർണമായി ഒഴിവാക്കാൻ മൂവബിൾ സ്‌പൈക്‌സ്‌ പോലെയുള്ള മാർഗങ്ങൾ ഉപയോഗിക്കണം. നോ പാർക്കിങ്‌ ബോർഡുകൾ മറ്റു സർവീസ് റോഡുകളിലും സ്ഥാപിക്കണം. സർവീസ് റോഡുകളുടെ അതിരുകൾ കച്ചവടക്കാർ കൈയേറുന്നത് ഒഴിവാക്കാൻ ഫെൻസിങ്‌ ഒരുക്കണം. റോഡരികിലെ എല്ലാ വിൽപ്പനകേന്ദ്രങ്ങളും അടിയന്തരമായി ഒഴിപ്പിക്കണം. നാട്ടുകാർ ബാരിക്കേഡ്‌ എടുത്തുമാറ്റാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ്‌ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ടിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home