ad
Deshabhimani

അജയപ്രസാദിന്റെ പൊതുപര്യടനത്തിന്‌ തുടക്കം

റോസ്‌മല മറക്കില്ല, ഇടതുബദൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് പുനലൂർ മണ്ഡലം സ്ഥാനാർഥി സി അജയപ്രസാദ് റോസ്മലയിൽ 
വോട്ട് അഭ്യർഥിച്ച് എത്തിയപ്പോൾ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് പുനലൂർ മണ്ഡലം സ്ഥാനാർഥി സി അജയപ്രസാദ് റോസ്മലയിൽ 
വോട്ട് അഭ്യർഥിച്ച് എത്തിയപ്പോൾ

avatar
അമൽ ഷൈജു

Published on Mar 28, 2026, 01:08 AM | 2 min read

കൊല്ലം

മലനിരകളെ തഴുകിയെത്തുന്ന കാറ്റിന്റെ തലോടലും പച്ചത്തുരുത്തുകളുടെ ദൃശ്യഭംഗിക്കുമപ്പുറം ദുരിതപർവം താണ്ടിയെത്തിയ ഒരു ജനതയുടെ കഥയുണ്ട്‌ റോസ്‌മല സ്വദേശി രാധാകൃഷ്ണന്‌ പറയാൻ. നാലുപതിറ്റാണ്ട്‌ പിന്നിട്ട ജീവിതത്തിൽ കൂർത്ത കല്ലുകളിൽ തട്ടിയുണ്ടായ മുറിവുകളുടെ നീറ്റലും കാതങ്ങൾക്കപ്പുറമുള്ള ദുരിതയാത്രയുടെ നോവുമാണ്‌ ഓർമയിലുള്ളത്‌. ആ നോവിന്‌ അൽപ്പം ആശ്വാസം പകർന്ന ഇടതുപക്ഷഭരണത്തിന്റെ ഒരു പതിറ്റാണ്ടാണ്‌ രാധാകൃഷ്ണനൊപ്പം നാടും അനുഭവിച്ചറിഞ്ഞത്‌. ജില്ലയിൽ പുനലൂർ മണ്ഡലത്തിലെ ആര്യങ്കാവിനുസമീപം കുളത്തൂപ്പുഴ പഞ്ചായത്തിൽ തമിഴ്‌നാടിനോടു ചേർന്നുകിടക്കുന്ന അതിമനോഹര മലയോരഗ്രാമമാണ്‌ റോസ്‌മല. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയുള്ള ദുരിതയാത്രയാണ്‌ എല്ലാകാലവും അനുഭവിച്ചത്‌. യാത്ര ജീപ്പിലായപ്പോൾ അസ്ഥി നുറുങ്ങുന്ന വേദനയായി. ആ ദുർവിധിയിൽനിന്ന്‌ ഇടതുപക്ഷഭരണം അവരെ കൈപിടിച്ചുയർത്തി. കോൺക്രീറ്റ്‌ പാതകളും വൈദ്യുത വിളക്കുകളുമായി അവരുടെ ജീവിതത്തിൽ ശോഭ കൊണ്ടുവന്നു. റോസ്‌മല ഷീബ ഭവനിൽ കെ രാധാകൃഷ്ണനെപ്പോലെ നൂറുകണക്കിന്‌ കുടുംബങ്ങളാണ്‌ ആ ഇടതുപക്ഷഭരണത്തിന്റെ രുചിയറിഞ്ഞത്‌. ആ നന്ദിയും പിന്തുണയും എല്ലാകാലവും തങ്ങൾക്കുണ്ടാകുമെന്ന്‌ രാധാകൃഷ്ണൻ അടിവരയിടുന്നു. റബർ, കുരുമുളക്, കോലിഞ്ചി തുടങ്ങി പ്രധാനമായും കൃഷിയെ ആശ്രയിച്ച്‌ ജീവിച്ചിരുന്നവർക്ക്‌ പുതിയ സ്വപ്നങ്ങൾ കാണാനും എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയ ഇടപെടലിലൂടെ സാധിച്ചു. 350 കുടുംബങ്ങളുണ്ടായിരുന്ന റോസ്‌മലയിൽ നിലവിൽ നൂറ്റമ്പതിൽ താഴെ മാത്രമാണുള്ളത്‌. മറ്റിടങ്ങളിലേക്ക്‌ താമസം മാറാൻ ആഗ്രഹിച്ചവരുടെ സ്ഥലം സർക്കാർ ഏറ്റെടുത്ത്‌ അർഹമായ വിഹിതം നൽകി. ആ സ്നേഹംകൂടിയാണ്‌ എക്കാലവും പുനലൂർ മണ്ഡലത്തിലെ എൽഡിഎഫ്‌ സാരഥികളോട്‌ അവർ പുലർത്തിയിട്ടുള്ളത്‌. ഇക്കുറിയും ആ പതിവ്‌ തെറ്റിയില്ല. എൽഡിഎഫ്‌ സ്ഥാനാർഥി സി അജയപ്രസാദിന്റെ പൊതുപര്യടനത്തിന്‌ നാടൊന്നാകെ ഒരേ മനസ്സോടെ കാത്തുനിന്നു. റോസാ ദളങ്ങൾ വിരിഞ്ഞുനിൽക്കുന്നതുപോലെ മനോഹരമായ നാടിനെ കാത്തുസൂക്ഷിച്ച എൽഡിഎഫ്‌ സർക്കാരിനുള്ള പിന്തുണ ജനതയൊന്നാകെ പങ്കുവച്ചു. വെള്ളി രാവിലെ ഒമ്പതോടെ റോസ്‌ മലയിൽ ആരംഭിച്ച പൊതുപര്യടനം നാടിന്റെ കരുതലിന്റെ അടയാളമായി. തുടർന്ന്‌ ചേനഗിരിയിലെ തൊഴിലാളി ലയങ്ങളിലെ കുടുംബങ്ങളെ കണ്ടും വോട്ട്‌ അഭ്യർഥിച്ചും തുടങ്ങിയ പര്യടനം വൈകിട്ടോടെ പതിനാറ്‌ ഹെക്ടറിൽ സമാപിച്ചു. സ്വീകരണസമ്മേളനം റോസ്‌മലയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. പി സജി അധ്യക്ഷനായി. ​ആര്യങ്കാവ് പഞ്ചായത്തിലെ ചേനഗിരി, അച്ചൻകോവിൽ മൂന്നുമുക്ക്, കിഴക്കേക്കുഴിഭാഗം, നാല് സെന്റ്‌ ഉന്നതി, ലക്ഷംവീട് ഉന്നതി, പട്ടികവർഗ ഉന്നതി, അച്ചൻകോവിൽ ജങ്‌ഷൻ, തെന്മല പഞ്ചായത്തിലെ ഓലപ്പാറ, വലിയ കടവ്, ചെറുകടവ്, പത്ത് ഹെക്ടർ എന്നീ പ്രദേശങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പതിനാറ് ഹെക്ടറിൽ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home