നെറ്റിപ്പട്ടങ്ങളുടെ വിസ്മയലോകത്ത് രേഷ്മ

പത്തനാപുരം
വീട്ടിലെ ഒഴിവുസമയങ്ങളെ സർഗാത്മകതയുടെ വേദിയാക്കി മാറ്റിയ വീട്ടമ്മ, ഓൺലൈനിലൂടെ പഠിച്ച കല ഇന്ന് സംരംഭം. ആനയുടെ നെറ്റിയിൽ തലയെടുപ്പിന്റെ പൊൻപ്രഭ ചാർത്തുന്ന നെറ്റിപ്പട്ടമാണ് തിരുമങ്ങാട് ഗംഗോത്രിയിലെ കെ പി രേഷ്മയുടെ കരവിരുതിൽ ജീവൻകൊള്ളുന്നത്. വീട്ടിലെ ഒഴിവുസമയങ്ങൾ വെറുതെ കളയരുതെന്ന ചിന്തയിൽ നിന്നാണ് രേഷ്മ നെറ്റിപ്പട്ടങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. നെറ്റിപ്പട്ടം നിർമാണത്തെക്കുറിച്ച് ഓൺലൈനിലൂടെ അറിവ് തേടി. കണ്ടറിഞ്ഞതും പഠിച്ചതും സ്വന്തം കൈകളിലൂടെ പരീക്ഷിച്ചു. ആദ്യ ശ്രമങ്ങൾ അനുഭവങ്ങളായി. ഓരോ പുതിയ സൃഷ്ടിയും കൂടുതൽ മികവിലേക്കുള്ള ചുവടുവയ്‌പ്പായി. മഞ്ഞപ്പട്ടിൽ സ്വർണനിറത്തിലുള്ള അലങ്കാരങ്ങൾ, മുത്തുകളുടെ ആകർഷകമായ വിന്യാസം, ചുവപ്പും പച്ചയും കലർന്ന അരികുകൾ. ഓരോ ഭാഗത്തും നിറയുന്ന സൂക്ഷ്മമായ കരവിരുത്. എല്ലാം ഒത്തുചേരുമ്പോൾ ആനയുടെ നെറ്റിയിൽ അണിയാൻ തലയെടുപ്പുള്ള മനോഹരമായ നെറ്റിപ്പട്ടങ്ങളായി അവ രൂപംകൊള്ളുന്നു. കാഴ്ചയിൽ മനോഹരമാണെങ്കിലും നിർമാണം അത്ര എളുപ്പമല്ല. ഓരോ മുത്തും അലങ്കാരവും കൃത്യമായ സ്ഥാനത്ത് ചേർക്കണം. ചെറിയൊരു അശ്രദ്ധപോലും രൂപഭംഗിയെ ബാധിക്കാം. മണിക്കൂറുകള്‍ നീളുന്ന ഏകാഗ്രമായ അധ്വാനവും ക്ഷമയും കൃത്യതയും ആവശ്യമാണ്. ആ അധ്വാനത്തിന്റെ ഓരോ ഘട്ടത്തിലും രേഷ്മ കണ്ടെത്തുന്നത് പുതിയൊരു സൃഷ്ടി പൂർത്തിയാക്കുന്നതിന്റെ സന്തോഷമാണ്. വീട്ടിലിരുന്നുതന്നെ ഓർഡറുകൾ സ്വീകരിച്ച് രേഷ്മ ആവശ്യക്കാർക്കായി നെറ്റിപ്പട്ടങ്ങൾ ഒരുക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ അറിവുകൾ കണ്ടെത്തി, വീട്ടിലിരുന്നുതന്നെ ഒരു സംരംഭം വളർത്തിയെടുക്കാം എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് രേഷ്മ കാണിച്ചുതരുന്നത്.









0 comments