ad
Deshabhimani

കല്ലുംതാഴത്ത്‌ സർവീസ്‌ റോഡുകളെ ബന്ധിപ്പിക്കാൻ ആർഒബി

കല്ലുംതാഴത്ത് സർവീസ് റോഡുകളെ ബന്ധിപ്പിച്ച് ആർ ഒ ബി നിർമിക്കാൻ 
പരിഗണിക്കുന്ന സ്ഥലം
avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 12:20 AM | 1 min read

കൊല്ലം

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കല്ലുംതാഴത്ത്‌ നിർമാണത്തിലിരിക്കുന്ന ആർഒബിയുടെ ഇരുവശങ്ങളിലുമായി സർവീസ് റോഡുകളെ ബന്ധിപ്പിച്ച്‌ ചെറിയ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന്‌ സാധ്യത തെളിയുന്നു. അയത്തിൽനിന്നും കടവൂരിൽനിന്നും വരുന്ന സർവീസ്‌ റോഡുകൾ ഇവിടെ റെയിൽ പാളത്തിന്‌ കുറുകെ നിലവിൽ കൂട്ടിമുട്ടിക്കുന്നില്ല. ഇത്‌ പരിഹരിക്കാൻ സർവീസ്‌ റോഡുകളെ ബന്ധിപ്പിച്ച്‌ നിർമാണത്തിലിരിക്കുന്ന ആർഒബിക്ക്‌ സമാന്തരാമയി ചെറിയ റെയിൽവേ മേൽപ്പാലം (സർവീസ് ആർഒബി) നിർമിക്കണമെന്ന നാടിന്റെ ആവശ്യം നേരത്തെ ദേശാഭിമാനി റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ആർഒബിയുടെ ഇരുവശങ്ങളിലും സർവീസ് റോഡ്‌ നിർമിക്കുന്നത്‌ സംബന്ധിച്ച് എൻഎച്ച്എഐ തിരുവനന്തപുരം പ്രൊജക്ട് ഇംപ്ളിമെന്റേഷൻ യൂണിറ്റും കരിക്കോട് ടികെഎം എൻജിനിയറിങ് കോളേജും ചേര്‍ന്ന് പഠനം നടത്തും. എൻഎച്ച്എഐ, കരാർ കമ്പനി പ്രതിനിധികളെ പങ്കെടുപ്പിച്ച് കലക്ടർ കഴിഞ്ഞദിവസം യോഗം വിളിച്ചുചേർത്തിരുന്നു. കൊല്ലം–-തിരുമംഗലം ദേശീയപാതയിലൂടെ കല്ലുംതാഴം ജങ്ഷനിലെത്തുന്ന വലിയ വാഹനങ്ങൾക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ ദേശീയപാത 66ൽ പ്രവേശിക്കാനായി ഒന്പത് കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. ഇതിന് പുറമേ കൊട്ടിയം ഭാഗത്ത്നിന്ന് ആറുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് കല്ലുംതാഴം ജങ്ഷനിലെ സർവീസ് റോഡിലെത്താനും കിലോമീറ്ററുകൾ സഞ്ചരിക്കണം. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർവീസ് ആർഒബി ആലോചിക്കുന്നത്. കൊല്ലം–-തിരുമംഗലം ദേശീയപാതയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കല്ലുംതാഴം ജങ്ഷനില്‍ റാമ്പ് നിർമിക്കുന്നത് സംബന്ധിച്ച്‌ നേരത്തെ പഠനം നടത്തിയെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. സർവീസ്‌ ആർഒബി വന്നാൽ ജങ്ഷനിൽ വലിയ വാഹനങ്ങൾക്ക് ദേശീയപാതയിൽ പ്രവേശിപ്പിക്കാൻ ചുറ്റിക്കറങ്ങുന്ന ഒന്പത് കിലോമീറ്റർ ലാഭിക്കാം. സർവീസ്‌ ആർഒബി നിർമിച്ച്‌ നിലവിലുള്ള സർവീസ് റോഡുമായി ബന്ധിപ്പിക്കാനാണ്‌ ആലോപന. സർവീസ് ആർഒബിയിലേക്ക് പ്രവേശിക്കാൻ പുതിയ സർവീസ് റോഡ് നിർമിക്കണം. ഇതിനായി മൂന്ന് മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കണം. പുതിയ നിർമാണത്തിനും റെയിൽവേയുടെ അനുമതി ആവശ്യമാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home