ad
Deshabhimani

രാജാതോട്ടത്ത്‌ പശ്ചിമഘട്ട മലനിരയിൽ പതിയിരിക്കുന്നത്‌ അപകടം

രാജാതോട്ടത്തെ പശ്‌ചിമഘട്ട മലനിരയിലെ 
കുരിശുമലയും പാറയും
avatar
സ്വന്തം ലേഖകൻ

Published on Jun 15, 2026, 12:16 AM | 2 min read

കൊല്ലം

ആര്യങ്കാവ് വനത്തിനുള്ളിലെ രാജാതോട്ടത്തിനു സമീപത്തെ കേരള–തമിഴ്‌നാട്‌ അതിർത്തിയിലെ കുരിശ്ശുമല അപകടം പതിയിരിക്കുന്ന മേഖല. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണിവിടം. വന്യമൃഗങ്ങളുടെയും താവളമാണിത്‌. കുരിശ്ശുമലയുടെയും പാറയുടെയും ഒരുവശം തമിഴ്‌നാടിന്റെ ഭാഗമായ കൊക്കയാണ്‌. ഇതിന്‌ അടുത്തായാണ്‌ കണ്ണുപുളിമെട്ടിലെ ഗുണ്ടാർ ഡാമും. അബദ്ധത്താൽ കാൽവഴുതിയാൽ വീഴുന്നത്‌ അഗാതമായ താഴ്ചയിലേക്കാവും. ഇവരെ കണ്ടെത്താൻ പിന്നെ തമിഴ്‌നാട്‌ വനം വകുപ്പിന്റെ സഹായം തേടണം. നിരോധിത മേഖലയായി കേരള വനം വകുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ള രാജാതോട്ടം (രാജാക്കൂപ്പ്‌) വനമേഖല, കുരിശ്ശുമല എന്നിവിടങ്ങളിലേക്ക്‌ വിനോദ സഞ്ചാരികൾ പോകുന്നത്‌ കർശനമായി വിലക്കിയിട്ടുള്ളതാണ്‌. ശനിയാഴ്‌ചയും ഇവിടേക്ക്‌ അനധികൃതമായി പ്രവേശിച്ച രണ്ട്‌ യുവാക്കൾ രാത്രിയിൽ വഴിതെറ്റുകയും വനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്‌തിരുന്നു. വനപാലകരും വാച്ചുമാന്മാരും മണിക്കൂറുകള്‍ നടത്തിയ തെരച്ചിലിനെ തുടർന്നാണ്‌ അഞ്ചാലുംമൂട്‌ സ്വദേശികളായ യുവാക്കളെ കണ്ടെത്താനായത്‌. രാജാതോട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിൽ അവധി ദിവസങ്ങളിൽ ഒഴികെ വനപാലകരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കാത്തതാണ്‌ ട്രക്കിങിന്‌ യുവാക്കൾക്ക്‌ അനധികൃതമായി കയറിപ്പറ്റാൻ സഹായമാകുന്നത്‌. പ്രദേശവാസികൾ വിലക്കിയാലും ആളുകൾ കയറുന്നു. വനം വകുപ്പിന്റെ കടമാൻപാറ ചന്ദന സ്റ്റേഷന്റെ പരിധിയിലാണ്‌ ഇവിടം. പ്രവൃത്തി ദിവസങ്ങളിൽ ഇവിടെ വനപാലകരുടെ ഡ്യൂട്ടിയില്ല. ആര്യങ്കാവിൽനിന്ന് റോസ്‌മലയ്‌ക്ക്‌ എന്ന പേരിൽ മലകയറി വരുന്ന പകുതിയിലേറെ പേരും രാജാതോട്ടത്തിലേക്ക്‌ അനധികൃതമായി പ്രവേശിക്കുന്നതാണ്‌ പതിവ്‌. ഇവിടേക്കുള്ള പ്രവേശനം ശിക്ഷാർഹമാണെന്ന ബോർഡിന്റെ മുന്നിലൂടെയാണ്‌ അനധികൃതമായി ആളുകൾ കുത്തനെയുള്ള മല കയറുന്നത്‌. ഇവിടെ തുടക്കത്തിൽ ജനവാസമുണ്ട്‌. ഇവിടെ ബൈക്ക്‌ വച്ചശേഷമാണ്‌ പുൽമേട്‌ കയറ്റം. ഇവിടെനിന്ന് 800 മീറ്റര്‍ പുൽമേട്‌ ആണ്‌. കുരിശുമല വ്യൂ പോയിന്റ്‌ കഴിഞ്ഞാൽ തമിഴ്‌നാടിന്റെ ഒരുഭാഗത്ത്‌ വിശാലമായ തെങ്ങുംതോപ്പുമുണ്ട്‌. ഇവിടെനിന്ന് ഒരുകിലോമീറ്റർ അകലെയാണ്‌ ഗുണ്ടാർ ഡാം. അപകടം ഒളിഞ്ഞിരിക്കുന്ന കുരിശ്ശുമലയിലേക്കുള്ള പ്രവേശനം കർശനമായി തടയണമെന്ന ആവശ്യം ശക്തമാണ്‌. ​യുവാക്കളെ 
കണ്ടെത്താൻ പെടാപാട് മൂന്ന്‌ വർഷത്തിനിടെ ഇത്‌ ആറാം തവണയാണ്‌ അനധികൃതമായി കയറുന്നവരെ കാണാതാവുന്ന സംഭവമെന്ന്‌ വനപാലകർ ചൂണ്ടികാട്ടുന്നു. രാജാതോട്ടത്ത്‌ വനത്തിനുള്ളിൽ ശനിയാഴ്‌ച കാണാതായവരെ വനപാലകരും ആർആർടി അംഗങ്ങളും കണ്ടെത്തിയത്‌ ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ. ചാറ്റൽ മഴയും മൂടൽ മഞ്ഞും തിരിച്ചടിയായി. കുരിശുമലയിലേക്ക്‌ പോയ യുവാക്കൾ തിരികെ ഇറങ്ങിവന്ന്‌ ഇടത്തോട്ട്‌ വരുന്നതിന്‌ പകരം വലത്തോട്ട്‌ തമിഴ്‌നാട് ഭാഗത്തേക്ക് പോയി. വഴിതെറ്റിയ യുവാക്കൾ ലൊക്കേഷൻ നാട്ടിലെ സുഹൃത്തുക്കൾക്ക്‌ മൊബൈലിൽ അയച്ചുകൊടുക്കുകയായിരുന്നു. സംഭവമറിഞ്ഞ്‌ ആര്യങ്കാവ്‌ റേഞ്ചിലെ ഇരുപത് ഉദ്യോഗസ്ഥരും വാച്ചുമാന്മാരും മലകയറി. ഇതിനിടെ വഴിതെറ്റിയ യുവാക്കളുടെ മൊബൈൽ ഫോണ്‍ സ്വിച്ച്‌ഓഫ്‌ ആയതും വനപാലകരുടെ ഫോണിൽ സിഗ്‌നൽ കിട്ടാതായതും പ്രതിസന്ധിയായി. ഒടുവിൽ രാത്രി ഒന്പതോടെ പാറയോട്‌ ചേർന്ന്‌ അഭയംപ്രാപിച്ച യുവാക്കളെ കണ്ടെത്തുകയായിരുന്നു. ശനി വൈകിട്ട്‌ അഞ്ചിനാണ്‌ ഇവർ രാജാതോട്ടത്തിലേക്ക്‌ കയറിയത്‌. ഏഴ്‌ മാസം മുന്പ്‌ ഇവിടെ കാണാതായ മൂന്നുപേരെ തമിഴ്‌നാട്‌ വനം വകുപ്പിന്റെ സഹായത്താലാണ്‌ കണ്ടെത്തിയത്‌. ​പുലർച്ചെ കയറിയവരെ തിരിച്ചിറക്കി ഞായര്‍ പുലർച്ചെ രാജാതോട്ടത്ത്‌ പുൽമേട്ടിൽ കയറിപ്പറ്റിയവരെ വനപാലകൾ തിരിച്ചിറക്കി. അവധി ദിവസങ്ങളിൽ വനപാലകർ ഡ്യൂട്ടിക്ക്‌ എത്തുമെന്നറിഞ്ഞാണ്‌ യുവാക്കൾ പുലർച്ചെ നിരോധിത മേഖലയില്‍ കയറിക്കൂടിയത്‌. രാവിലെ ഒന്പതോടെ ആണ്‌ വനപാലകർ കവാടത്തിൽ ഡ്യൂട്ടിക്കെത്തിയത്‌. തുടർന്ന്‌ ട്രക്കിങ്ങിനുവന്ന നിരവധിപേരെ ഉദ്യോഗസ്ഥർ മടക്കിയയച്ചു. ഇതിനിടെ ആണ്‌ പുൽമേട്ടിൽ പുലച്ചെ ആളുകൾ കയറിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്‌. കുരിശുമലയിൽ കയറുന്നവർ സമൂഹമാധ്യമങ്ങളിൽ ഫോട്ടോയും റീൽസും പോസ്‌റ്റ്‌ ചെയ്യുന്നതാണ്‌ പ്രചാരണത്തിന്‌ കാരണം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home