രാജകുമാരി ഇതാ പാതയോരത്ത്

സ്വന്തം ലേഖകന്‍
Published on Jun 08, 2026, 12:20 AM | 1 min read
ചവറ
പഴങ്ങളിലെ രാജകുമാരി പാതയോരങ്ങളില്‍ ഇടംപിടിച്ചു. പഴങ്ങളിലെ രാജകുമാരി, ‘ദേവതകളുടെ ഭക്ഷണം' എന്നറിയപ്പെടുന്ന റമ്പുട്ടാൻ വിൽപ്പന ദേശീയപാതയോരങ്ങളിൽ തകൃതി. ചവറയിൽ വിവിധ സ്ഥലങ്ങളിലായിട്ടാണ് തള്ള് വണ്ടിയിലായി കച്ചവടം. ആരോഗ്യഗുണങ്ങൾ ഏറെയുള്ളതും സ്വാദിഷ്ടവുമായ പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. റമ്പൂട്ടാൻ വരിക്കയ്ക്ക് കിലോ 260മുതൽ 300രൂപയും, കൂഴക്ക് 140 മുതൽ 200രൂപയിലുമാണ് വിൽപ്പന നടത്തുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു. പത്തനംതിട്ട കോന്നിയിൽനിന്നെത്തിച്ച പഴങ്ങളാണ് കൂടുതലും. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന പഴമെന്ന പ്രത്യേകതയുമുണ്ട്. നൂറുഗ്രാം റമ്പൂട്ടാനിൽ 40 മില്ലിഗ്രാം വിറ്റാമിൻ സിയുണ്ട്. കോപ്പർ അടങ്ങിയ പഴമാണ് റമ്പൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണെന്ന് പറയപ്പെടുന്നു. വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലെ കാലാവസ്ഥയും കൃഷിക്ക് അനുകൂലമാണ്. പത്തനംതിട്ട, കോട്ടയം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലായി കൃഷിയിറക്കുന്നുണ്ട്. മഞ്ഞ, ചുമപ്പ്, ഓറഞ്ച് നിറങ്ങളിൽപ്പെട്ട റമ്പൂട്ടാനാണ് പ്രധാനമായും വിപണിയിലെത്തുന്നത്. കുരു മുളപ്പിച്ചും ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങിയും കൃഷി ചെയ്യാം. നാട്ടിൽ വിളയുന്ന പഴത്തിന് താരതമ്യേന വലിപ്പം കുറവാണ്. ഇതിൽ ആൺമരവും പെൺമരവുമുണ്ട്. പെൺമരങ്ങളാണ് കൃഷിക്കായി വാങ്ങുന്നത്. നീർവാഴ്ചയും ജൈവാംശവും ഉള്ള മണ്ണിൽ കൃഷിചെയ്യാവുന്നതാണ്. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലമാണ് കൃഷി ചെയ്യാൻ പറ്റിയ സമയം.









0 comments