എൻടിസിയുടെ കൊടും ക്രൂരത
പാർവതി മില്ലിൽ 10മാസമായി ശന്പളമില്ല, വിരമിക്കൽ ആനുകൂല്യവും നിലച്ചു

എം അനിൽ
Published on Feb 12, 2026, 12:00 AM | 1 min read
കൊല്ലം
നാഷണൽ ടെക്‌സ്റ്റൈൽസ് കോർപറേഷൻ (എൻടിസി) അടച്ചുപൂട്ടിയ കൊല്ലം പാർവതി മില്ലിൽ അവശേഷിക്കുന്ന തൊഴിലാളികൾക്ക് ശന്പളം മുടങ്ങിയിട്ട് പത്തുമാസം. വിരമിച്ചവർക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെ ആനുകൂല്യ വിതരണവും ഒരു വർഷമായി മുടക്കത്തിലാണ്. വിരമിക്കൽ ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ കയറിയിറങ്ങി കുഴഞ്ഞു. രാജ്യത്തെ പല എൻടിസി മില്ലുകളിലും ഇതാണ് അവസ്ഥ. അടഞ്ഞുകിടക്കുന്ന ഏതെങ്കിലും മില്ലുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും മറ്റും വിൽപ്പന നടത്തിയാലേ ഇനി ആനുകൂല്യം നൽകാൻ കഴിയുവെന്നാണ് അധികൃതരുടെ ഭാഷ്യം. നഗരമധ്യത്തിൽ 16.4 ഏക്കറിലാണ് പാർവതി മിൽ പ്രവർത്തിച്ചത്. 18 വർഷമായി അടഞ്ഞുകിടക്കുന്ന മിൽ ഇപ്പോൾ മോഷ്ടാക്കളുടെ താവളമാണ്. നശിച്ചുകൊണ്ടിരിക്കുന്ന ഇരുന്പും ചെന്പും ഇളക്കിമാറ്റി കടത്തിക്കൊണ്ടുപോകുന്നു. രാപകൽ വ്യത്യാസമില്ലാതെ മോഷ്ടാക്കൾ എത്തുന്നു. അടുത്തിടെ പകൽ മോഷണശ്രമത്തിനിടെ രണ്ടുപേരെ തൊഴിലാളികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ചുറ്റുമതിലിന്റെ ഒരുഭാഗം തകർന്നുകിടക്കുകയാണ്. ഇതിലൂടെയാണ് മോഷ്ടാക്കൾ അകത്തുകടക്കുന്നത്. കോടികൾ വിലവരുന്ന മെഷീനുകളും മറ്റ് യന്ത്രസാമഗ്രികളും നശിച്ചുകഴിഞ്ഞു. തകർന്ന മെഷീനുകൾ വിറ്റ് തൊഴിലാളികൾക്ക് ആനുകൂല്യം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ശന്പളവും വിരമിക്കൽ ആനുകൂല്യവും മുടങ്ങിയിട്ട് സ്ഥലം എംപി പോലും തിരിഞ്ഞുനോക്കിയില്ല.











0 comments