പഞ്ചായത്തിനും പ്രസിഡന്റിനും എ പ്ലസ്

ഷെഹിന്‍ഷാ
Published on Oct 21, 2025, 01:34 AM | 1 min read
കൊല്ലം
തുല്യതാ പരീക്ഷയുടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സാക്ഷരതാ മിഷന്‍ കോ –ഓര്‍ഡിനേറ്റര്‍ ശോഭ പൂതക്കുളം പഞ്ചായത്തില്‍ എത്തിയത്. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസിഡന്റ് എസ് അമ്മിണിയമ്മ ഒരാഗ്രഹം മുന്നോട്ടുവച്ചു, ‘എനിയ്ക്കും കൂടി പഠിക്കാന്‍ പറ്റുമോ...?' പ്രസിഡന്റിന്റെ ചോദ്യം കേട്ടപ്പോള്‍ ശോഭയും ഹാപ്പി. അങ്ങനെ ഇത്തിക്കര ബ്ലോക്കിന്റെ പദ്ധതിയില്‍ അമ്മിണിയമ്മയെയും ഉള്‍പ്പെടുത്തി. കല്യാണശേഷം പലകാരണങ്ങളാല്‍ മുടങ്ങിപ്പോയ കൊട്ടിയം എന്‍എസ്എസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിന് പകരം പ്ലസ്ടു എഴുതിയെടുക്കാന്‍ 57 –ാം വയസ്സില്‍ അമ്മിണിയമ്മ പേനയും പുസ്തകവുമെടുത്തു. വീട്ടില്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഗോപാലകൃഷ്ണനും മക്കളും പൂര്‍ണപിന്തുണ. ഞായറാഴ്ചകളില്‍ ചാത്തന്നൂര്‍ ജിഎച്ച്എസ്എസിലായിരുന്നു ക്ലാസ്. തിരക്കുള്ള ദിവസം യുട്യൂബില്‍ ക്ലാസുകള്‍ കേട്ട് നോട്ടുകള്‍ തയ്യാറാക്കും. ഫലം വന്നപ്പോള്‍ 81.67ശതമാനം മാര്‍ക്കോടെ പ്ലസ്ടു കടന്നു. സോഷ്യോളജിയിലും മലയാളത്തിലും എ പ്ലസ് . ഹിസ്റ്ററിക്ക് എയും പൊളിറ്റിക്സിനും എക്ണോമിക്സിനും ബി പ്ലസും ഇംഗ്ലീഷിന് ബി ഗ്രേഡും. കലയ്ക്കോടുള്ള സ്വകാര്യ കശുവണ്ടി ഫാക്ടറിയില്‍ 17വര്‍ഷം തൊഴിലാളിയായിരുന്നു. അക്കാലത്താണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. 2017മുതല്‍ പൂതക്കുളം പഞ്ചായത്തില്‍ ഹരിതകര്‍മസേനാ അംഗമായി. 2020ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രസിഡന്റുമായി. കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ബി എ മലയാളത്തിന് അഡ്മിഷനും എടുത്തു. ഇതിനുശേഷം ബിരുദാനന്തര ബിരുദം ഉള്‍പ്പെടെ നേടണമെന്നാണ് ആഗ്രഹം. പൂതക്കുളം കലയ്ക്കോട് അഞ്ജലി ഭവനിലാണ് താമസം. മക്കള്‍: അജിത് കൃഷ്ണന്‍, അഞ്ജലി കൃഷ്ണന്‍.










0 comments