കൊല്ലത്തിന് പുതുമോടി
ഉയരുന്നത് 200കോടിയുടെ പദ്ധതികൾ

അമൽ ഷൈജു
Published on Feb 19, 2026, 12:15 AM | 1 min read
കൊല്ലം
നാടും നഗരവും മുഖംമിനുക്കുന്നു. ആതുരാലയങ്ങൾ ആശ്വാസമേകുന്നു, സ്കൂളുകളിൽ പുഞ്ചിരിനിറയുന്നു. ഓരോ ജനവിഭാഗങ്ങളെയും പരിഗണിക്കുന്ന, ചേർത്തുപിടിക്കുന്ന ഇടതുസർക്കാരിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറകുനൽകുകയാണ് കിഫ്ബി. 200കോടി രൂപ ചെലവഴിച്ച് ഇൗ മാസത്തോടെ പൂർത്തിയാക്കുന്ന 13പദ്ധതികൾ നാടിന് തിളക്കമേകും. ആധുനികനിലവാരത്തിൽ നിർമിക്കുന്ന കുന്നത്തൂർ കിഴക്കേകല്ലട മീൻമാർക്കറ്റ് ( 2.14കോടി), ചടയമംഗലം കടയ്ക്കൽ മീൻമാർക്കറ്റ് (3.74 കോടി ), ചാത്തന്നൂർ മീൻമാർക്കറ്റ് (5.28 കോടി)എന്നിവയാണ് പ്രധാനം. പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 1.30കോടി രൂപയുടെ നാല് പദ്ധതികളാണ് നടപ്പാക്കുന്നത്. പത്തനാപുരം തലച്ചിറ ഗവ. എച്ച്‌എസിന് നിർമിച്ച പുതിയ കെട്ടിടം ഉദ്‌ഘാടനംചെയ്തു. പുനലൂർ കുളത്തൂപ്പുഴ ഗവ. എച്ച്‌എസ്‌എസ്, ആയൂർ ജവഹർ ഗവ. എച്ച്‌എസ്‌എസ്, പത്തനാപുരം സദാനന്ദപുരം ഗവ. എച്ച്‌എസ്‌എസ് എന്നിവിടങ്ങളിലെ പുതിയ കെട്ടിടം ഉൾപ്പെടെ വികസനപ്രവർത്തനങ്ങൾ പൂർത്തീകരണഘട്ടത്തിലാണ്. ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളേജിൽ 6.37കോടിയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കുണ്ടറ താലൂക്കാശുപത്രിയുടെ തുടർനവീകരണം, 31.75 കോടി ചെലവിൽ നീണ്ടകര താലൂക്കാശുപത്രി നവീകരണം എന്നിവ പൊതുജനാരോഗ്യ മേഖലയിൽ കരുത്താകും. ചവറയിൽ മുക്കാട്ടുകടവ് –ഫാത്തിമ ഐലൻഡ് –അരുളപ്പൻതുരുത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം 25.70കോടി ചെലവിൽ ഉയരും. 31.35 കോടി ചെലവിൽ ഇരവിപുരം റെയിൽവേ മേൽപ്പാലം പൂർത്തീകരണ ഘട്ടത്തിലാണ്. കായികമേഖലയുടെ കുതിപ്പിന് ഉൗർജമാകുന്ന 45.31കോടി രൂപ ചെലവിൽ ഒളിമ്പ്യൻ സുരേഷ് ബാബു മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം ഇരവിപുരം മണ്ഡലത്തിൽ നിർമാണം പുരോഗമിക്കുകയാണ്.










0 comments