ad
Deshabhimani

മെഡിക്കൽ കോളേജിൽ എസിയില്ല

ഓപ്പറേഷൻ തിയറ്ററുകൾ 
അടച്ചുപൂട്ടലിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Jul 01, 2026, 12:56 AM | 1 min read

കൊല്ലം

ശീതികരണ സംവിധാനം പ്രവർത്തനരഹിതം. കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ അത്യാഹിതവിഭാഗം അടക്കമുള്ള ഓപ്പറേഷൻ തിയറ്ററുകൾ അടച്ചുപൂട്ടലിലേക്ക്‌. തിയറ്ററുകൾ അണുബാധയുടെ കേന്ദ്രമാകുമെന്നതിനാൽ അടച്ചുപൂട്ടേണ്ട അവസ്ഥയായിട്ടും മന്ത്രി അടക്കം മ‍ൗനത്തിൽ. ആശുപത്രിക്കെട്ടിടം നിർമിച്ചപ്പോൾ സ്ഥാപിച്ച സെൻട്രലൈസ്‌ഡ്‌ എസി സംവിധാനം ഏറെനാളായി തകരാറിലാണ്‌. ചില ഭാഗങ്ങളിൽ പ്രവർത്തിക്കുമെങ്കിലും മതിയായ തണുപ്പ്‌ ലഭിക്കില്ല. കെട്ടിടം നിർമിച്ച 2013ൽ ആണ്‌ ശീതീകരണസംവിധാനം ഒരുക്കിയത്‌. 13വർഷം പഴക്കമുള്ള 18 കംപ്രസറുകൾ ഉള്ളതിൽ രണ്ടെണ്ണം മാത്രമാണ്‌ ഇപ്പോൾ നേരിയ തോതിൽ പ്രവർത്തിക്കുന്നത്‌. ഓപ്പറേഷൻ തിയറ്റർ, ഡയാലിസിസ്‌ യൂണിറ്റ്‌, വാർഡുകൾ, ഒപി എന്നിവിടങ്ങളിൽ രോഗികളും ഡോക്ടർമാരും ചൂടിൽ വിയർത്തുകുളിക്കുകയാണ്‌. കോവിഡ്‌ കാലത്ത്‌ രണ്ട്‌ വർഷം എസികൾ പ്രവർത്തിപ്പിച്ചിരുന്നില്ല. ഇതിനെ തുടർന്ന്‌ ഗ്യാസ്‌ ചോർച്ച ഉണ്ടാകുകയും ചിലതിൽ എലികടിക്കുകയും ചെയ്‌തു. ഇതോടെ തണുപ്പ്‌ കുറഞ്ഞു. എസികളുടെ വാർഷിക അറ്റകുറ്റപ്പണിക്ക്‌ കരാർ എടുത്തിരുന്ന സ്വകാര്യ കന്പനിയെ വിവരം അറിയിച്ചെങ്കിലും കാലാവധി കഴിഞ്ഞ ഉപകരണമായതിനാൽ അറ്റകുറ്റപ്പണി നടത്താനാകില്ലെന്ന്‌ ഇവർ അറിയിച്ചു. തുടർന്ന്‌ പുതിയ കന്പനിയുമായി കരാറിലാകുകയും 5.8ലക്ഷം രൂപ മുൻകൂർ നൽകുകയുംചെയ്‌തു. എന്നാൽ, അവർ എത്തി പരിശോധിച്ചെങ്കിലും നിലവിലുള്ള സംവിധാനത്തിന്റെ സ്‌പെയർപാർട്‌സുകൾ ലഭ്യമല്ലെന്ന്‌ പറഞ്ഞ്‌ കൈയൊഴിഞ്ഞു. പുതിയവ സ്ഥാപിക്കാൻ സ്‌ക്രാപ്പ്‌ ഇനമായി കണക്കാക്കി കത്ത്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാൻ കന്പനി തയ്യാറായിട്ടില്ല. ഇപ്പോൾ എസികളിൽനിന്നു വരുന്നത്‌ ചൂടുകാറ്റാണ്‌. തിയറ്ററുകളിൽ വിയർപ്പ്‌ വീണാൽതന്നെ രോഗിക്ക്‌ വൻ അണുബാധയ്‌ക്ക്‌ ഇടയാക്കും. നിലവിൽ പ്രസവം കഴിയുന്നവർക്ക്‌ സാധാരണ നൽകേണ്ട ഗുളികയ്‌ക്കു പകരം അണുബാധയ്‌ക്കെതിരെയുള്ള ആന്റിബയോട്ടിക്‌ ഐവി നൽകേണ്ട അവസ്ഥയാണ്‌. ഓപ്പറേഷൻ തിയറ്ററുകളിൽ അണുബാധ തടയാൻ കർശനമായ വായുസഞ്ചാരവും താപനിലയും (സാധാരണയായി 18 ഡിഗ്രി– - 22ഡിഗ്രി) ആവശ്യമാണ്. തറയിലെയും ഉപകരണങ്ങളിലെയും ഈർപ്പം അണുബാധയ്ക്ക് കാരണമാകാം. അടുത്തിടെ തീവ്രപരിചരണ വിഭാഗത്തിൽ ശീതീകരണ സംവിധാനം ഇല്ലാത്തതിനാൽ ചികിത്സയിൽ കഴിഞ്ഞ രോഗികളുടെ ശരീരം പൊള്ളി അടർന്നിരുന്നു. പ്രതിസന്ധിയെ തുടർന്ന്‌ ഐസിയുവിൽ ഫാനുകൾ സജ്ജമാക്കിയെങ്കിലും എല്ലാ കിടക്കകളിലും ലഭ്യമല്ല. ജനലുകൾ കുറവായ ലക്‌ചർ ഹാളിൽ 110 വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home