ad
Deshabhimani

ഓണത്തിന് ‘മധുരം’ കുറയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Aug 16, 2026, 02:04 AM | 1 min read

കൊല്ലം

ഓണക്കാലത്ത് ശർക്കരയുടെയും പഞ്ചസാരയുടെയും വില കുതിക്കുന്നതിനാൽ പ്രഥമനും പായസത്തിനുമൊക്കെ ഇക്കുറി മധുരം കുറയും. പഞ്ചസാരയ്‌ക്ക്‌ മാസത്തിനിടെ വില കൂടിയത് മൂന്നുതവണ. മൊത്തവ്യാപാര വില കിലോയ്ക്ക് 53 രൂപയായി. ചില്ലറ വിൽപ്പന പലസ്ഥലങ്ങളിലും 57 മുതൽ 60 രൂപ വരെയാണ്. ജൂലൈയിൽ 45 രൂപയായിരുന്ന പഞ്ചസാരയുടെ വിലയിൽ 10 രൂപയാണ് മാസത്തിനിടെ വർധിച്ചത്. ശർക്കരയ്ക്കും വിലകൂടി. മൊത്തവ്യാപാര വില കിലോ 60 രൂപയാണ്‌. കരിമ്പിന്റെ ലഭ്യതക്കുറവാണ് വില കുതിക്കാൻ കാരണമെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌. ഇ-–20 പെട്രോളിനാവശ്യമായ എഥനോൾ നിർമാണത്തിന് കരിമ്പ് കൂടുതൽ ഉപയോഗിച്ച്‌ തുടങ്ങിയതിനാൽ പഞ്ചസാര ഉൽപ്പാദനത്തിന്‌ കരിന്പ്‌ കിട്ടാത്ത അവസ്ഥയാണ്‌. ജില്ലയിൽ തമിഴ്‌നാട്‌, കർണാടകം എന്നിവിടങ്ങളിൽനിന്നാണ്‌ പഞ്ചസാര എത്താറുള്ളത്‌. ഇവിടങ്ങളിലെ കാലാവസ്ഥാവ്യതിയാനവും മഴക്കുറവും വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. കരിന്പിന്റെ പ്രധാന ഉൽപ്പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ മില്ലുകളിൽനിന്നും കർണാടക ഡീലർമാർ വാങ്ങിയാണ്‌ നിലവിൽ പഞ്ചസാര കൊല്ലത്ത്‌ എത്തിക്കുന്നത്‌. കർണാടകയോട്‌ ചേർന്ന്‌ കിടക്കുന്ന മഹാരാഷ്‌ട്രയുടെ അതിർത്തി പ്രദേശങ്ങളിലെ മില്ലുകളിൽ നിന്നുള്ളതായതിനാലാണ്‌ ഇ‍ൗ വിലയ്‌ക്ക്‌ നൽകാൻ കഴിയുന്നതെന്ന്‌ മൊത്തക്കച്ചവടക്കാർ. നേരത്തെ തമിഴ്‌നാട്ടിലെ ധരിണിയിൽ നിന്നുമായിരുന്നു പഞ്ചസാര തെക്കൻ കേരളത്തിലേക്ക്‌ എത്തിയിരുന്നത്‌. എന്നാൽ, കരിന്പ്‌ കൃഷിയിൽനിന്നും കർഷകർ പിൻമാറിയതോടെ ഇവിടുത്തെ മില്ലുകൾ എല്ലാം നേരത്തെ പൂട്ടി. ഓണം, ദീപാവലി അടക്കമുള്ള വിശേഷാവസരങ്ങളാൽ ആഗസ്‌ത്‌ മുതല്‍ നവംബര്‍വരെ പഞ്ചസാര ഉപഭോഗം സാധാരണ വര്‍ധിക്കുന്ന സീസണാണ്. ക്ഷാമസാധ്യത കൂടതലായതിനാൽ വരുംദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home