ഓണംസമൃദ്ധി പൊളിഞ്ഞു; കൃഷി ഓഫീസർമാർക്ക് നോട്ടീസ്

സ്വന്തം ലേഖിക
Published on Sep 09, 2026, 01:53 AM | 1 min read
കൊല്ലം
കൃഷിഭവനുകൾ വഴി ഓണത്തിന് നടത്തിയ ‘ഓണം സമൃദ്ധി' പൊളിഞ്ഞതോടെ കൃഷി ഓഫീസർമാർക്ക് കാരണംകാണിക്കൽ നോട്ടീസ്. ഓണവിപണിയിലേക്ക് 200കിലോയിൽ താഴെ പച്ചക്കറി സംഭരിച്ച കൃഷി ഓഫീസർമാരോടാണ് കൃഷിവകുപ്പ് വിശദീകരണം തേടിയത്. ജില്ലയിലെ 78 കൃഷിഭവനുകളിൽ 31 ഓഫീസർമാർക്കും നോട്ടീസ് കിട്ടി. സംസ്ഥാനത്താകെ 496 കൃഷി ഉദ്യോഗസ്ഥരോട് അഡീഷണൽ കൃഷി ഡയറക്ടർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഓണം സമൃദ്ധി വൻ വിജയമായിരുന്നെന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും നടത്തിയ അവകാശവാദം പൊളിഞ്ഞതിന്റെ തെളിവായി ഇത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ ഒഴുക്കിനെ തടയാനോ വിലക്കയറ്റം പിടിച്ചുനിർത്താനോ സർക്കാരിന് കഴിഞ്ഞില്ലെന്നതിന്റെ നേർസാക്ഷ്യമായി ഇത്. മേന്മയേറിയ കാർഷികോൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനൊപ്പം പരമാവധി കർഷക പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓണം സമൃദ്ധി നടപ്പാക്കിയിരുന്നത്. പരമാവധി 500കിലോ വീതം കർഷകരിൽനിന്ന് സംഭരിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, പലയിടത്തും 200 കിലോയിലും താഴെയായി. മാത്രമല്ല, ഹോർട്ടികോർപ് വഴി വിതരണംചെയ്‌ത പച്ചക്കറികൾ വേഗം കേടായതായും പരാതി ഉയർന്നു. അനുവദിച്ച ഫണ്ടിന്റെ മൂന്നിരട്ടി വരെസാധനങ്ങൾ സംഭരിക്കാൻ അവസരവും ഉണ്ടായിരുന്നു. എന്നിട്ടും സംഭരണത്തിൽ വൻ കുറവുണ്ടായി. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നടപടി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പത്തു വർഷവും കർഷകരിൽ നിന്നുള്ള പച്ചക്കറികൾ പൂർണമായി സംഭരിച്ചിരുന്നു. കർഷകർക്ക് മികച്ച വിലയും നൽകി. സംഭരണനിലവാരം കുറഞ്ഞത്, വിപണിക്കായി സമീപിച്ച കർഷകർ-–കർഷക ഉൽപ്പാദക സംഘടനകൾ, സംഭരിക്കാനുദ്ദേശിച്ച കാർഷികോൽപ്പന്നങ്ങൾ, ആകെ സംഭരിച്ചവ തുടങ്ങി ഏഴു ചോദ്യങ്ങൾക്കാണ് കൃഷി ഓഫീസർമാർ മറുപടി നൽകേണ്ടത്. എന്നാൽ, എത്ര വിൽപ്പന നടത്തണമെന്ന കൃത്യമായ ടാർജറ്റ് നൽകിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആദ്യമായി വിൽപ്പന ഓൺലൈനിലേക്ക് മാറ്റിയപ്പോൾ അതിനുവേണ്ട പരിശീലനമോ നിർദേശമോ ലഭിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇടനിലക്കാർക്ക് ലാഭം കൊയ്യാനുള്ള അവസരം സർക്കാർ ബോധപൂർവം ഒരുക്കിയതാണെന്ന ആരോപണവുമുണ്ട്.









0 comments