പ്രതിഷേധിച്ച് എൻജിഒ യൂണിയൻ

തദ്ദേശവകുപ്പിലെ അന്യായ സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ കൊല്ലം ജോയിന്റ് ഡയറക്ടർ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് ബി സുജിത് ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം
മനുഷ്യത്വമില്ലാത്ത തദ്ദേശവകുപ്പിലെ അന്യായ സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം കനക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്. രണ്ടുമാസംമുമ്പ് ജൂനിയർ സൂപ്രണ്ടുമാരെ ആണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്. ഇതിനെതിരെ എൻജിഒ യൂണിയൻ 16 ദിവസം നീണ്ടുനിന്ന പ്രക്ഷോഭം നടത്തി. ഇനി ഇത്തരത്തിലുള്ള അന്യായമായ സ്ഥലംമാറ്റങ്ങൾ ഉണ്ടാകില്ലെന്ന് വകുപ്പുമന്ത്രി ഉൾപ്പെടെ സമരപ്പന്തലിൽ എത്തി ഉറപ്പുനൽകി. എന്നാൽ, ഈ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് വീണ്ടും സീനിയർ ക്ലർക്കുമാരുടെ സ്ഥലംമാറ്റ ഉത്തരവ് പഞ്ചായത്ത് ഡയറക്ടർ ഇറക്കിയത്. സീനിയർ ക്ലർക്കുമാരുടെ സ്ഥലംമാറ്റവും പതിവിന് വിപരീതമായാണ് നടത്തിയത്. നാല് ഉത്തരവുകളിലായി 410പേരെ ഒരു മാനദണ്ഡവും പാലിക്കാതെ സ്ഥലംമാറ്റി. ജില്ലയിൽ 49പേരെയാണ് മാറ്റിയിട്ടുള്ളത്. ഒരു സ്റ്റേഷനിൽ ആറുമാസംപോലും പൂർത്തിയാക്കാത്തവരെ ഉൾപ്പെടെ മാറ്റി. ഇതിനെതിരെ എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കൊല്ലത്ത് ജോയിന്റ് ഡയറക്ടർ ഓഫീസിൽ മുന്നിൽ പ്രതിഷേധിച്ചു. യോഗം ജില്ലാ പ്രസിഡന്റ് ബി സുജിത് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി വിനോദ് അധ്യക്ഷനായി. യൂണിയൻ ജില്ലാ ട്രഷറർ ആർ രതീഷ്‌കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി രാജേഷ്, ആർ അനിൽകുമാർ, സൂസൻ തോമസ്, എസ് സുജിത്, സിവിൽ സ്റ്റേഷന്‍ ഏരിയ സെക്രട്ടറി അഖിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments