ജലവിഭവവകുപ്പിലും മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം
പ്രതിഷേധിച്ച് എൻജിഒ യൂണിയൻ

കൊല്ലം
ജലവിഭവ വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സംസ്ഥാനത്ത് ഇറിഗേഷൻ വകുപ്പിൽ ഒറ്റ ഉത്തരവിലൂടെ 226 ക്ലറിക്കൽ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഇതിൽ വിധവകളും രോഗബാധിതരും നിരവധി വനിതാ ജീവനക്കാരും ഉൾപ്പെടുന്നു. കൊല്ലത്ത് ആശ്രാമം ഇറിഗേഷൻ കോംപ്ലക്സിൽ സർവീസിൽ പ്രവേശിച്ചിട്ട് ആറുമാസം മാത്രമായ എൻജിഒ യൂണിയൻ യൂണിറ്റ് സെക്രട്ടറിയായ ജീവനക്കാരൻ, ഏരിയ കമ്മിറ്റി അംഗം, വനിതാ ജീവനക്കാർ തുടങ്ങിയവരെ തെന്മലയിലേക്ക് മാറ്റി. ജില്ലയിലെ ജലവിഭവ വകുപ്പിന്റെ വിവിധ ഓഫീസുകളിൽനിന്ന് നിരവധി ജീവനക്കാരെയാണ് ഇത്തരത്തിൽ മാനദണ്ഡവിരുദ്ധമായി മാറ്റിയത്. ജലവിഭവ വകുപ്പിലെ അന്യായ സ്ഥലംമാറ്റ നടപടിക്കെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ കൊല്ലം ആശ്രാമം ഇറിഗേഷൻ കോംപ്ലക്സിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി ആർ അജു ഉദ്ഘാടനംചെയ്തു, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ദീപ അധ്യക്ഷയായി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ രമ്യ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി രാജേഷ്, ആർ അനിൽകുമാർ, ടൗൺ ഏരിയ പ്രസിഡന്റ് എച്ച് അമൽ ചന്ദ്രൻ, സെക്രട്ടറി ജി സജികുമാർ എന്നിവർ സംസാരിച്ചു.










0 comments