ad
Deshabhimani

കൊല്ലത്തിന്റെ സ്വന്തം ചുണ്ടൻ, 
നെഹ്റു ട്രോഫി ഉയർത്തിയ ജലരാജാവ്‌

അരോമ ബോട്ട്‌ ക്ലബ്ബിന്റെ അരോമ ചുണ്ടൻ 
പരിശീലനത്തിൽ
avatar
സ്വന്തം ലേഖകൻ

Published on Aug 23, 2026, 01:42 AM | 1 min read

കൊല്ലം

2025 നെഹ്റു ട്രോഫി വള്ളംകളിയിൽ സ്പോൺസർഷിപ്പിൽ തുടങ്ങിയ യാത്ര. ഒടുവിൽ ഇക്കുറി ജലരാജാവിന്റെ കിരീടം ഉയർത്തുമ്പോൾ ആത്മവിശ്വാസത്തിന്റെ കഠിനാധ്വാനത്തിന്റെയും കഥയാണ്‌ അരോമ ബോട്ട്‌ ക്ലബ്ബിന്‌ പറയാനുള്ളത്‌. 2025ൽ കാരിച്ചാൽ ചുണ്ടനെ സ്പോൺസർ ചെയ്താണ്‌ അരോമ ബിസിനസ് ഗ്രൂപ്പ് ഉടമ പി കെ സജീവും ഭാര്യ ആൻ സജീവും മകനും നടനുമായ രഞ്ജിത് സജീവും വള്ളംകളി രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അന്ന്‌ ആഗ്രഹിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വള്ളംകളിയോടെ ആവേശം പതിന്മടങ്ങ്‌ വർധിച്ചു. അധികം വൈകിയില്ല, മാസങ്ങൾക്കുള്ളിൽ തന്നെ "അരോമ ബോട്ട്‌ ക്ലബ്‌' പിറവിയെടുത്തു. കൊല്ലം പൂയപ്പള്ളി കേന്ദ്രമാക്കിയാണ് ക്ലബ് ആരംഭിച്ചത്‌. കേരളത്തിന്റെ പരമ്പരാഗത വള്ളംകളി പൈതൃകം നിലനിർത്തുകയും വള്ളംകളി പ്രേമികൾക്ക് മികച്ച വേദി ഒരുക്കുകയുമായിരുന്നു ലക്ഷ്യം. 2026 തുടക്കത്തിൽ ക്ലബ്ബിന്റെ നടപടികൾ ആരംഭിച്ചു. ജൂണിലാണ്‌ ക്ലബ്ബും അരോമ ചുണ്ടനും മത്സരരംഗത്തേക്ക് ഔദ്യോഗികമായി കടന്നുവരുന്നത്. വള്ളംകളിയിലെ പരമ്പരാഗത തുഴച്ചിൽ ശൈലികൾ ആധുനിക കായികതന്ത്രങ്ങളുമായി സമന്വയിപ്പിച്ച് യുവ തുഴച്ചിലുകാരെ വാർത്തെടുക്കുകയായിരുന്നു പ്രധാന ദ‍ൗത്യം. നിലവിൽ 136 തുഴച്ചിലുകാർ ക്ലബ്ബിലുണ്ട്‌. കന്നിയങ്കത്തിൽതന്നെ ആ തന്ത്രം വിജയിച്ചു. ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ കപ്പടിച്ചു നവാഗതർ വരവറിയിച്ചു. രഞ്ജിത് സജീവ്‌ ക്യാപ്റ്റനായ ടീമാണ് അന്ന് "രാജപ്രമുഖൻ ട്രോഫി' സ്വന്തമാക്കിയത്. പിന്നാലെ ശനിയാഴ്ച പുന്നമടക്കായലിൽ നടന്ന 72–-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ ചരിത്രത്തിൽ ആദ്യമായി അരോമ ബോട്ട് ക്ലബ് പങ്കെടുക്കുകയും തങ്ങളുടെ ആദ്യശ്രമത്തിൽത്തന്നെ കിരീടം ചൂടുകയുംചെയ്തു. വള്ളംകളി ചരിത്രത്തിൽ അരങ്ങേറ്റ വർഷത്തിൽത്തന്നെ ചമ്പക്കുളം മൂലം വള്ളംകളിയും നെഹ്റു ട്രോഫിയും ഒരേപോലെ സ്വന്തമാക്കുന്ന അപൂർവം ക്ലബ്ബുകളുടെ നിരയിലാണ് അരോമ ബോട്ട് ക്ലബ്ബിന്റെ സ്ഥാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home