പരീക്ഷണമൊഴിയാതെ ‘നീറ്റ്’


സ്വന്തം ലേഖകൻ
Published on Aug 31, 2026, 12:42 AM | 1 min read
കൊല്ലം
രാജ്യവ്യാപക ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടിനെയും തുടർന്ന് പുനഃപരീക്ഷ നടത്തിയ നീറ്റിൽ (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) വിദ്യാർഥികൾക്ക് ഇത്തവണയും ‘കടുത്ത പരീക്ഷണം’. ഇത്തവണ നീറ്റ് പിജി പരീക്ഷയാണ് സാങ്കേതിക തകരാറിൽ മണിക്കൂറുകളോളം നിർത്തിവയ്‌ക്കേണ്ടി വന്നത്. കൊല്ലത്തെ ബിഷപ് ജെറോം എന്‍ജിനിയറിങ് കോളേജിലെ പരീക്ഷാ കേന്ദ്രത്തിലെ വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. രാവിലെ എട്ടിനു മുന്പായി വിദ്യാർഥികളും രക്ഷാകർത്താക്കളും പരീക്ഷാ സെന്ററിൽ എത്തിയിരുന്നു. 8.30ന് പരീക്ഷാ ഹാളിൽ കയറിയ വിദ്യാർഥികൾക്ക് രജിസ്റ്റർ നമ്പർ എന്റർ ചെയ്യുന്നതിലും പ്രതിസന്ധി നേരിട്ടു. ഒമ്പതോടെ പരീക്ഷ ആരംഭിച്ചെങ്കിലും പല കന്പ്യൂട്ടറുകളുടെയും മൗസുകൾ പ്രവർത്തിക്കുന്നില്ലായിരുന്നു. ഒപ്പംതന്നെ ചില കന്പ്യൂട്ടറുകളുടെ ഡിസ്‍പ്ലേ തുടർച്ചയായി ഓഫായത് വിദ്യാര്‍ഥികളെ പരിഭ്രാന്തരാക്കി. പകല്‍ പതിനൊന്നോടെ പരീക്ഷാ കേന്ദ്രത്തിലെ ഒരു ബ്ലോക്കിലെ വൈദ്യുതി പൂർണമായും പോയി. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന കംപ്യൂട്ടറുകൾ പ്രവർത്തന രഹിതമായി പരീക്ഷ മുടങ്ങി. ഒന്നര മണിക്കൂറോളം വിദ്യാര്‍ഥികള്‍ ഹാളിൽ വെറുതെ ഇരിക്കേണ്ടി വന്നു.പിന്നീട് വൈദ്യുതിവന്ന് പരീക്ഷ വീണ്ടും ആരംഭിച്ചെങ്കിലും വിദ്യാർഥികൾ മാനസ്സികവും ശാരീരികവുമായി തളർന്നിരുന്നു. ഇതോടെ പ്രതീക്ഷിച്ച രീതിയില്‍ പരീക്ഷ എഴുതാനായില്ല. സാങ്കേതിക തകരാർമൂലം പരീക്ഷ പൂർത്തിയാക്കാൻ താമസിച്ച വിദ്യാർഥികളുടെ പേരുകൾ അധികൃതര്‍ നോട്ടീസ് ബോർഡിലിട്ടു. ഇതോടെ രക്ഷാകർത്താക്കളും അധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായി. കൊല്ലം ഈസ്റ്റ് പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ‘ക്രമക്കേടുകളെ തുടർന്ന് പലതവണയായി നീറ്റ് പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വരുന്നു. അതിനിടെയാണ് ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളും. ഇതെല്ലാം ഞങ്ങളെ സാരമായി ബാധിക്കുന്നുണ്ട്’ – വിദ്യാര്‍ഥികള്‍ പറഞ്ഞു.










0 comments