ad
Deshabhimani

നവനീതിന്റെ രണ്ടാം ജന്മം

നവനീത് അച്ഛൻ സനിൽകുമാറിനൊപ്പം

നവനീത് അച്ഛൻ സനിൽകുമാറിനൊപ്പം

വെബ് ഡെസ്ക്

Published on Jun 24, 2026, 12:58 AM | 1 min read

നീലേശ്വരം

‘അപകടം എന്റെ കൺമുന്നിലാണ്‌ നടന്നത്‌. മകന്റെ കൂട്ടുകാരൻ ആര്യൻ ഓടിരക്ഷപ്പെടുന്നത്‌ ഞാൻ കണ്ടു. പെട്ടെന്ന്‌ മകനെ ഞാൻ അന്വേഷിച്ചു. മണ്ണിനടിയിൽപ്പെട്ട്‌ കിടക്കുന്നതിൽ മകനുണ്ടെന്ന്‌ ഞാൻ തിരിച്ചറിഞ്ഞത്‌ പുറത്തേക്ക്‌ കാണാമായിരുന്ന അവന്റെ യൂണിഫോമിൽനിന്നാണ്‌. പിന്നെ എല്ലാ പരിശ്രമവും നടത്തി മോനെ പുറത്തെടുക്കുകയായിരുന്നു. ഇതവന്റെ രണ്ടാം ജന്മമാണ്‌’– നീലേശ്വരം മുക്കോണിമുക്കിൽ ചൊവ്വാഴ്‌ച നടന്ന അപകടത്തിൽനിന്നു ജീവൻ തിരിച്ചുകിട്ടിയ കൊട്ടാരക്കര സെന്റ്‌ മേരീസ്‌ സ്‌കൂളിലെ ഒന്പതാംക്ലാസ്‌ വിദ്യാർഥി നവനീതിന്റെ അച്ഛൻ സനിൽകുമാറിന്റെ വാക്കുകളിൽ ആശ്വാസം. കൊട്ടാരക്കര കാടാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ഡിസ്‌ട്രിബ്യൂട്ടറായി ജോലിചെയ്യുന്ന സനിൽ ദിവസവും മകനെ സ്‌കൂളിൽ പോകാൻ മുക്കോണിമുക്കിൽ കൊണ്ടുവിടാറുണ്ട്‌. ചൊവ്വാഴ്‌ചയും അതാവർത്തിച്ചു. മകൻ കൂട്ടുകാർക്കൊപ്പം ബസ്‌ സ്റ്റോപ്പിൽ നിന്നു. അൽപ്പം അകലെ മാറി സനലും. അപ്പോഴാണ്‌ മരണം ടിപ്പർലോറിയുടെ വേഗത്തിൽ പാഞ്ഞെത്തിയത്‌. മുന്നിൽ വന്ന ബുള്ളറ്റിൽ ഇടിക്കുന്നതും ബുള്ളറ്റിനെ നീക്കിക്കൊണ്ടുപോയി വേഗത്തിൽ യാത്രക്കാർ നിന്നിടത്തേക്ക്‌ ലോറി പായുന്നതുമാണ്‌ കണ്ടത്‌. പൊടുന്നനെ ലോറി മറിയുകയും മണ്ണ്‌ യാത്രക്കാരുടെ മുകളിലേക്ക്‌ വീഴുകയും ചെയ്‌തു. മകനൊപ്പംനിന്ന കൂട്ടുകാരൻ ആര്യൻ ഓടിരക്ഷപ്പെടുന്നത്‌ കണ്ടു. പിന്നെ മകനെ അന്വേഷിക്കലായി. മണ്ണിനടിയിൽപ്പെട്ട യാത്രക്കാരെ തിരഞ്ഞു. അപ്പോഴാണ്‌ മകന്റെ യൂണിഫോം മുകളിലേക്കു കാണുന്നത്‌. ശരീരം മണ്ണിനടിയിൽ ആയിരുന്നു. പെട്ടെന്ന്‌ എല്ലാവരുടെയും സഹായത്താൽ നവനീതിനെ പുറത്തെടുത്ത്‌ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചു. നവനീതിന്റെ മുഖത്തും വലതുകൈക്കും പരിക്കുണ്ട്‌. താലൂക്കാശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം കുട്ടിയെ വീട്ടിലേക്കുമാറ്റി. ലാബ്‌ ടെക്‌നീഷ്യൻ കൃഷ്‌ണകുമാരി ആണ്‌ അമ്മ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home