ദേശീയപാത കൊറ്റുകുളങ്ങര– കൊല്ലം റീച്ച് പുതുക്കിയ അനുമതിക്കും അനക്കമില്ല

കൊല്ലം
ആദ്യ ഡിസൈൻ പ്രകാരമുള്ള പ്രവൃത്തി 2027 ഡിസംബറിൽ പൂർത്തിയാക്കാൻ കരാർ കന്പനിക്ക് ദേശീയപാത അതോറിറ്റി പുതുക്കി അനുമതി നൽകിയിട്ട് ഒരു മാസമായിട്ടും കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് റീച്ച് അനങ്ങിയിട്ടില്ല. നിർമാണം മാസങ്ങളായി മുടങ്ങിക്കിടക്കുന്ന അവസ്ഥയിൽനിന്ന് ഒരടി നീങ്ങിയിട്ടില്ല. പുതിയ നിർമാണ പ്രവൃത്തി ഒഴികെ ബാക്കി പൂർത്തിയാക്കാൻ കരാർ കമ്പനിയായ വിശ്വസമുദ്രയ്ക്ക് എൻഎച്ച്എഐ അനുമതി നൽകിയത് സെപ്‌തംബർ 16നാണ്. ഇതുപ്രകാരം ആദ്യ ഡിസൈനിലെ നിർമാണ പ്രവൃത്തികളും അതിനൊപ്പം കൂട്ടിച്ചേർത്തവയും വിശ്വസമുദ്ര പൂർത്തീകരിക്കണം. എന്നാൽ, ഒരു മാസത്തിനിടെ ഒന്നും നടന്നില്ല. നിർമാണം നിലച്ചപ്പോൾ തിരികെ നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിവരാതെ നിർമാണം പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് കരാർ കന്പനിയുടെ വാദം. അസം, ഒഡിഷ, ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനത്തുള്ളവരാണ് തൊഴിലാളികൾ. ടാർ, ക്വാറി ഉൽപ്പന്നങ്ങൾ എന്നിവയും ശേഖരിക്കണം. കൂടാതെ ഹിറ്റാച്ചിയും ജെസിബിയും മറ്റ് യന്ത്രങ്ങളും കോൺക്രീറ്റ് പ്ലാന്റും പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡീസലും ഉറപ്പാക്കണമെന്ന് കരാർ കന്പനി പറയുന്നു. റീച്ചിൽ വിവിധ സ്ഥലങ്ങളിലായി ഏകദേശം 6.38 കി.മീ നിർമാണ പ്രവൃത്തികൾ എലിവേറ്റഡ് സ്ട്രക്ചറിനായുള്ള പ്രാദേശിക ആവശ്യങ്ങൾ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങൾ വിശ്വസമുദ്രയ്‌ക്ക് ദേശീയപാത ഒഴിവാക്കിയാണ് പുതുക്കിയ അനുമതി കൊടുത്തത്. എന്നിട്ടും നിർമാണം അടിയന്തരമായി തുടങ്ങാൻ വിശ്വസമുദ്രയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇരുകരകളിലായി മൂന്നും നാലും സ്‌പാനുകൾ നിർമിച്ച് നീണ്ടകരപ്പാലത്തിന്റെ നീളം കൂട്ടുക, കരുനാഗപ്പള്ളിയിൽ എലിവേറ്റഡ് പാത താലൂക്കാശുപത്രി ഭാഗത്തേക്ക് അഞ്ച് സ്‌പാനുകൾ നിർമിച്ച് നീട്ടുക, ഓച്ചിറയിൽ ഫ്ലൈഓവർ നിർമാണം രണ്ടുഭാഗത്തേക്കും നാലുവീതം സ്‌പാനുകൾ നിർമിച്ച് നീട്ടുക തുടങ്ങിയവയാണ് കൂട്ടിച്ചേർക്കലായി വന്നിട്ടുള്ളത്. 2022 നവംബറിൽ നിർമാണം ആരംഭിക്കുന്പോൾ കരാർതുക 1580കോടി രൂപ ആയിരുന്നു. പിന്നീട് 300കോടിയുടെ നിർമാണ പ്രവൃത്തികളാണ് കൂട്ടിച്ചേർത്തത്.









0 comments