ad
Deshabhimani

‘മോഹനപ്രകാശം എന്റെ ആത്മാവ്‌ ചുംബിച്ചല്ലോ’

കുറുങ്ങപ്പള്ളിയിലെ സൂര്യകാന്തി പൂപ്പാടം

കുറുങ്ങപ്പള്ളിയിലെ സൂര്യകാന്തി പൂപ്പാടം

avatar
സുരേഷ് വെട്ടുകാട്ട്

Published on Apr 11, 2026, 12:17 AM | 1 min read

​കരുനാഗപ്പള്ളി

‘ദേഹമിന്നതിന്‍ ചൂടില്‍ ദഹിച്ചാല്‍ ദഹിയ്ക്കട്ടെ, മോഹനപ്രകാശമെന്നാത്മാവു 
ചുംബിച്ചല്ലോ. മാമക മനോഗതമവിടന്നറിഞ്ഞെന്നോ; പോമളവദ്ദേഹത്തിന്‍മുഖവും 
വിവര്‍ണമായ്‌ ’ ജി ശങ്കരക്കുറുപ്പിന്റെ പ്രണയകാവ്യം ‘സൂര്യകാന്തി' സൂര്യനോട് തീവ്രപ്രണയം പുലർത്തുന്ന സൂര്യകാന്തിപ്പൂവിലൂടെ ആത്മാർഥവും നിസ്വാർഥവുമായ പ്രണയത്തിന്റെ വേദനയും ആനന്ദവുമാണ് വിവരിക്കുന്നത്‌. സൂര്യൻ ഉദിക്കുമ്പോൾ സന്തോഷിക്കുകയും അസ്തമിക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്ന പൂവ്. ആത്മാവിനെ ചുംബിച്ച സൂര്യന്റെ മോഹനപ്രകാശമേറ്റ്‌ പാടത്ത് നിരനിരയായി തലയുയർത്തി നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ. ചെറുകാറ്റിൽ ഇളകിയാടുന്ന കുലശേഖരപുരത്തെ കുറുങ്ങപ്പള്ളി സൂര്യകാന്തി പാടശേഖരം തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ ഓർമിപ്പിക്കും. ഓരോ ദിവസവും നൂറുകണക്കിന് സന്ദർശകരാണ് പൂപ്പാടം കാണാനെത്തുന്നത്‌. ദൃശ്യം പകർത്തിയും റീൽസ്‌ എടുക്കാനും വിവാഹസംഘങ്ങൾ അടക്കം പൂപ്പാടത്ത്‌ എത്തുന്നു. തിരക്ക് കൂടിയതോടെ സന്ദർശകർക്ക് ഇപ്പോൾ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തി. കുലശേഖരപുരം ഒമ്പതാം വാർഡിലെ കുറുങ്ങപ്പള്ളി കൊല്ലായിതറയിൽ സഹദേവൻ ആണ്‌ വീടിനോടുചേർന്ന് മനോഹര സൂര്യകാന്തിപ്പാടം ഒരുക്കിയത്. അച്ഛന്റെ പാത പിന്തുടർന്ന്‌ സഹദേവൻ എള്ളും നെല്ലും വാഴയും പാവലും പടവലവും പയറും കൃഷി ചെയ്തു. ഓണാട്ടുകരയുടെ തനത് വിഭവങ്ങളായ കാച്ചിലും ചേമ്പും ചേനയും കൃഷിചെയ്ത് വരുന്നതിനിടെയാണ്‌ ഈ പ്രദേശത്ത് പന്നിശല്യം രൂക്ഷമായത്. ഇതോടെ പ്രിയപ്പെട്ട കാർഷികവൃത്തി എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന് ചിന്തയിൽ ഇടയ്ക്കുവച്ച് കൃഷി ഉപേക്ഷിക്കാം എന്ന ചിന്തയിലായി. മുന്പ്‌ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷാജോലിക്കാരനായിരുന്നു സഹദേവൻ. പിന്നീട് ട്രാക്ടർ ഡ്രൈവറായി. ട്രാക്ടറിന്റെ ഉപകരണങ്ങൾ വാങ്ങാൻ തിരുനൽവേലിയിൽ എത്തിയപ്പോഴാണ് സൂര്യകാന്തിപ്പൂക്കളുടെ വിത്തുകൾ വാങ്ങിയത്‌. സമീപവാസിയും അധ്യാപികയുമായിരുന്ന കുന്നിൽ വീട്ടിൽ അംബുജമാണ്‌ കൃഷിക്ക്‌ ഭൂമി നൽകിയത്‌. ഭൂമി മൂന്നുതവണ ഉഴുതുമറിച്ചു. പിന്നീട് വിത്തുപാകി ചാരവും കോഴിവളവും ചാണകവും വിതറി വീണ്ടും നിലമുഴുതു. ആവശ്യത്തിന് വെള്ളവും തളിച്ചു. ഇതോടെ സൂര്യകാന്തികൾ മികച്ച രീതിയിൽ വളർന്നുവരാൻ തുടങ്ങി. പൂർണ വിളവിലെത്താൻ മൂന്നുമാസം പിടിക്കുമെന്ന് സഹദേവൻ പറഞ്ഞു. ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു. വിളവെടുപ്പിന് പാകമായ പൂക്കൃഷിയെ മഴ ചതിക്കുമോ എന്ന ആശങ്കയുമുണ്ട്. കൗതുകത്തിനും പരീക്ഷണത്തിനും നടത്തിയ പൂക്കൃഷി വിജയം ആയതോടെ മികച്ച വിത്തുകൾ ശേഖരിച്ച് കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കും. ഭാര്യ ശാരിയും മക്കളായ അക്ഷയയും ആദിത്യയും സഹായികളായുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home