മീനാക്ഷിയെ കാണാൻ എം സ്വരാജ് എത്തി
‘ജീവൻ പോയാലും ഞാനീ പാർടി'

എം അനിൽ
Published on Jan 19, 2026, 12:20 AM | 1 min read
പുനലൂർ : 'ജീവൻ പോയാലും ഞാനീ പാർടിയായിരിക്കും. കുഞ്ഞുംനാളിലേ ഞാനീ കൊടി പിടിച്ചു തുടങ്ങിയതാണ്. തെരഞ്ഞെടുപ്പിൽ ചിലർ എനിക്ക് പൈസ കൊണ്ടുവന്ന് തന്നു, വോട്ടു മാറ്റിച്ചെയ്യാൻ. ഞാനാ പൈസ തിരിച്ചുകൊടുത്തിട്ട് പറഞ്ഞു, ഞാനെന്റെ പാർടിക്കേ വോട്ട് ചെയ്യൂവെന്ന്. മരിക്കുംവരെ അതങ്ങനെ തന്നെയായിരിക്കും. എനിക്ക് വേറൊന്നും വേണ്ട. വോട്ടുള്ള കാലം മുതൽ ഞാൻ അതേ ചെയ്തിട്ടുള്ളൂ'-തന്നെ കാണാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിനോട് പുനലൂർ മുനിസിപ്പാലിറ്റി അഷ്ടമംഗലം വാർഡിൽ മിച്ചഭൂമി ഉന്നതിയിലെ തൊണ്ണൂറ്റിമൂന്നു വയസ്സുള്ള മീനാക്ഷി മനസ്സുതുറന്നു.
ഞാൻ ഒന്നാംക്ലാസുവരെ പോയിട്ടുള്ളൂ. കാലിൽ കുപ്പിച്ചില്ലുകൊണ്ട് മുറിവുണ്ടായതിനാൽ സ്കൂളിൽ പോകാനായില്ല. അവർ എന്റെ പേരുവെട്ടി. പിന്നെ സ്കൂളിൽ പോയിട്ടില്ല. എങ്കിലും ഞാൻ വായിച്ചു പഠിച്ചു. എഴുത്തും വായനയും എനിക്കിഷ്ടമാണ്. ദേശാഭിമാനി എന്നും വായിക്കുമെന്നും മീനാക്ഷി പറഞ്ഞു. ശനിയാഴ്ച ഭവന സന്ദർശനത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ മീനാക്ഷിയുടെ വീട്ടിലും എത്തിയിരുന്നു. അപ്പോഴാണ് ഈ പ്രായത്തിലും മീനാക്ഷി ദേശാഭിമാനി സ്ഥിരമായി വായിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ഞായറാഴ്ച ദേശാഭിമാനി റിപ്പോർട്ട്ചെയ്തു. ഞായറാഴ്ച ജില്ലയിൽ വിവിധ പരിപാടിക്കെത്തിയ ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് ഈ വാർത്ത കണ്ടാണ് മീനാക്ഷിയെ കാണാനെത്തിയത്.
പാർടി പ്രവർത്തകരും സമീപവാസികളും സ്വരാജിന്റെ വരവറിഞ്ഞ് തടിച്ചുകൂടി. എല്ലാവരും കേൾക്കെ മീനാക്ഷി ഞായറാഴ്ചത്തെ ദേശാഭിമാനിയിൽ വന്ന വാർത്തകളുടെ തലക്കെട്ട് വായിച്ചു, ‘93ലും മീനാക്ഷിക്ക് ദേശാഭിമാനി ജീവശ്വാസം', `കനലെരിക്കുന്ന ഓർമകൾ, ‘സമര പോരാട്ടത്തിന്റെ ചുവന്ന നാട്'. കൂടിനിന്നവരുടെ ആവശ്യപ്രകാരം പാട്ടുംപാടി.- സഖാക്കളേ.. മുന്നോട്ട്, മുന്നോട്ട് മുന്നോട്ട് മുന്നോട്ട്...
എം സ്വരാജ് മീനാക്ഷിയെ പൊന്നാടയണിയിച്ചു.
ഇത് അഭിമാന നിമിഷമാണ്. മീനാക്ഷിയെ പോലുള്ള അമ്മമാരും മുത്തശ്ശിമാരും ഒന്നും ആഗ്രഹിക്കാതെ കമ്യൂണിസ്റ്റ് പാർടിയെ സ്നേഹിച്ചവരാണ്. ഓർമയായ കാലം മുതൽ ദേശാഭിമാനി വായിക്കുന്നു എന്നറിയുന്നതിലും അഭിമാനം തോന്നുന്നുവെന്നും സ്വരാജ് പറഞ്ഞു. നാട്ടുകാരും മീനാക്ഷിയുടെ ബന്ധുക്കളും സ്വരാജിനെ സ്വീകരിച്ചു. സിപിഐ എം പുനലൂർ ഏരിയ സെക്രട്ടറി പി സജിയും അഡ്വ. എസ് ശ്യാമും ഒപ്പമുണ്ടായിരുന്നു.











0 comments