മെഡിക്കൽ കോളേജിലെ ശീതീകരണ സംവിധാനം
വേണ്ടത് 4കോടി; അനുവദിച്ചത് 1.22കോടി മാത്രം

സ്വന്തം ലേഖിക
Published on Nov 20, 2026, 01:46 AM | 1 min read
കൊല്ലം
കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തകരാറിലായ ശീതീകരണ സംവിധാനം പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത് 1.22കോടി രൂപ മാത്രം. മന്ത്രി കെ മുരളീധരൻ ആശുപത്രിയിൽ നടത്തിയ സന്ദർശനത്തിനുശേഷം ശീതീകരണ സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിന് വിദഗ്‌ധ സമിതിയെ നിയോഗിച്ചു. യൂണിറ്റ് നവീകരിക്കാൻ ഒന്പതരക്കോടി രൂപയും അറ്റകുറ്റപ്പണിക്ക് നാല് കോടി രൂപയും വേണമെന്നാണ് സമിതി നിർദേശിച്ചത്. എന്നാൽ, തിയറ്ററുകൾ അണുബാധയുടെ കേന്ദ്രമായിട്ടും അനുവദിച്ചത് നാമാമത്രമായ തുക. അറ്റകുറ്റപ്പണി നടത്താൻ ഒരു സ്വകാര്യ കന്പനിയാണ് കരാറെടുത്തിട്ടുള്ളത്. രണ്ട് മാസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കി കേന്ദ്രീകൃത ശീതീകരണ സംവിധാനം പ്രവർത്തന സജ്ജമാക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. ആശുപത്രിക്കെട്ടിടം നിർമിച്ചപ്പോൾ സ്ഥാപിച്ച കേന്ദ്രീകൃത ശീതീകരണ സംവിധാനം ഏറെനാളായി തകരാറിലാണ്. തുടർന്ന് ഗ്യാസ് ചോർച്ച ഉണ്ടാകുകയും തുരുന്പ് എടുക്കുകയും ചിലതിൽ എലികടിക്കുകയും ചെയ്‌തു. ഇതോടെ തണുപ്പ് കുറഞ്ഞു. ശീതീകരണ സംവിധാനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണിക്ക് കരാർ എടുത്തിരുന്ന സ്വകാര്യ കന്പനിയെ വിവരം അറിയിച്ചെങ്കിലും കാലാവധി കഴിഞ്ഞ ഉപകരണമായതിനാൽ അറ്റകുറ്റപ്പണി നടത്താനാകില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് പുതിയ കന്പനിയുമായി കരാറിലാകുകയും 5.8ലക്ഷം രൂപ മുൻകൂർ നൽകുകയുംചെയ്‌തു. എന്നാൽ, അവർ എത്തി പരിശോധിച്ചെങ്കിലും നിലവിലുള്ള സംവിധാനത്തിന്റെ ഉപകരണങ്ങൾ രാജ്യത്ത് ലഭ്യമല്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. ഇപ്പോൾ എസികളിൽനിന്ന് വരുന്നത് ചൂടുകാറ്റാണ്. തിയറ്ററുകളിൽ വിയർപ്പ് വീണാൽതന്നെ രോഗിക്ക് വൻ അണുബാധയ്ക്ക് ഇടയാക്കും.








0 comments