38% മഴകുറഞ്ഞു; ആശങ്കയിൽ ഓണംവിപണി


സ്വന്തം ലേഖകൻ
Published on Jul 21, 2026, 12:42 AM | 1 min read
കൊല്ലം
കാലവർഷം ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോഴും ജില്ലയിൽ മഴ ലഭ്യതയിൽ വൻകുറവ്. 38ശതമാനത്തിന്റെ കുറവാണ് ഇക്കുറി ജില്ലയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് മഴ ഏറ്റവും കുറഞ്ഞ ജില്ലകളിൽ മൂന്നാംസ്ഥാനത്താണ് കൊല്ലം. വയനാട് 61, ഇടുക്കി 58 ശതമാനംവീതം കാലവർഷപ്പെയ്ത്തിൽ കുറവുണ്ടായി. എൽനിനോ പ്രതിഭാസത്തെതുടർന്നുണ്ടായ കാലാവസ്ഥാമാറ്റം മഴ ലഭ്യതയെ ബാധിച്ചു. സംസ്ഥാനമൊട്ടാകെ ജൂൺ ഒന്നുമുതൽ ഇൗ മാസം 20വരെ 34 ശതമാനം മഴ കുറഞ്ഞു. ജില്ലയിൽ 38ശതമാനത്തിന്റെ കുറവുണ്ടായി. 656.38 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 409.8മില്ലിമീറ്റർ മാത്രം. സംസ്ഥാനത്ത് 1086.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 718.9 മില്ലിമീറ്റർ മാത്രം. മുമ്പ് ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂനമര്‍ദ പാത്തി ശക്തമായതോടെ സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ന്യൂനമര്‍ദ പാത്തി ദുര്‍ബലമായതോടെ വേണ്ടത്ര മഴ ലഭിക്കില്ലെന്നാണ് ഒടുവിലെ അറിയിപ്പ്. അടുത്ത ദിവസങ്ങളിലും ജില്ലയിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. 23വരെ പച്ച മുന്നറിയിപ്പ് മാത്രമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പരക്കെ മഴ ലഭിച്ചെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ പ്രത്യേക മുന്നറിയിപ്പില്ല. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കർഷകർ പ്രതിസന്ധിയിൽ സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നതോടെ കർഷകർ പ്രതിസന്ധിയിൽ. ഓണംവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കാൻ പദ്ധതിയിട്ട കർഷകർ മഴക്കുറവ് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ്. കേരളത്തിലെ മഴക്കുറവ് തമിഴ്നാട് കർഷകരെയും സാരമായി ബാധിച്ചേക്കും. ലക്ഷക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയിടം ഉഴുതിട്ടിട്ടുണ്ടെങ്കിലും വെള്ളം ലഭിക്കാത്തതിനാൽ കൃഷി തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ്. തെങ്കാശി, തിരുനൽവേലി തുടങ്ങിയ പ്രദേശങ്ങളിലെ പച്ചക്കറി, പൂക്കൃഷി ഉൽപ്പാദനം വൻതോതിൽ കുറയുമെന്നാണ് ആശങ്ക. ലഭ്യത കുറഞ്ഞാൽ ഓണക്കാലത്ത് പച്ചക്കറിയുടെ വില കുതിച്ചുയർന്നേക്കും.










0 comments