മനം കവരും മരുതിമല

മുട്ടറ മരുതിമല ആകാശക്കാഴ്ച
എ അഭിലാഷ്
Published on May 11, 2026, 12:45 AM | 1 min read
എഴുകോൺ
രാമനുവേണ്ടി മരുന്നുചെടി വളരുന്ന മലയുമായി ഹനുമാൻ ലങ്കയിലേക്ക് പറക്കുമ്പോൾ താഴെവീണ ഭാഗമാണ് മരുതിമലയെന്നാണ് ഐതിഹ്യം. മാരുതിയുടെ കൈയിൽനിന്ന് വീണതിനാൽ മാരുതിമല എന്നറിയപ്പെട്ടു. ഇത് കാലക്രമേണ മരുതിമലയായി. മേഘങ്ങൾ തൊട്ടുനിൽക്കുന്ന മരുതിമല ഇന്ന് വിനോദസഞ്ചാരികളുടെ കേന്ദ്രമാണ്. കഠിനമായ കയറ്റം കയറിച്ചെന്നാൽ കാത്തിരിക്കുന്നത് മനം കുളിർക്കും കാഴ്ചകളും തണുപ്പിക്കുന്ന കാറ്റും. സമുദ്രനിരപ്പിൽനിന്ന് 1100 അടി ഉയരത്തിലാണ് മരുതിമല സ്ഥിതിചെയ്യുന്നത്. അത്യപൂർവങ്ങളായ സസ്യങ്ങൾ മലയിലുണ്ട്. കസ്തൂരിപ്പാറ, ഭഗവാൻ പാറ, കാറ്റാടിപ്പാറ എന്നീ മൂന്ന് വലിയ പാറ ചേരുന്നതാണ് മല. അറപ്പത്തായം, വസൂരപ്പാറ, പുലിച്ചാൺ എന്നും ഇവിടുത്തെ പാറകൾക്കു പേരുണ്ട്. വേനലിലും വറ്റാത്ത മലമുകളിലെ കുളം സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. വാനരക്കൂട്ടങ്ങളുടെ സാന്നിധ്യം മലകയറ്റത്തിന് മറ്റൊരു ഭംഗി നൽകുന്നു. മല മുകളിൽനിന്നുള്ള സൂര്യാസ്തമയ കാഴ്ചയും താഴേക്ക് നോക്കുമ്പോഴുള്ള ഗ്രാമീണ കാഴ്ചകളും നയനസുന്ദരമാണ്. ജില്ലയുടെ ബഹുഭൂരിപക്ഷം സ്ഥലങ്ങളും മലയിൽനിന്നാൽ കാണാം. കല്ലടത്തണ്ണി വട്ടത്തിക്കടവ് വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ചയുമുണ്ട്. കേരളത്തിലെ ആദ്യ ഹരിതവന പദ്ധതി നടപ്പാക്കിയ വനാന്തര പ്രദേശം കൂടിയാണിത്. 38 ഏക്കർ വരുന്ന സ്ഥലത്താണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കെ എൻ ബാലഗോപാലിന്റെ ഇടപെടലിൽ തെന്മല, ജടായുപ്പാറ, മരുതിമല ടൂറിസം സർക്യൂട്ട് പദ്ധതിയും സാഹസിക ടൂറിസം പദ്ധതിയും നടപ്പാക്കി. പ്രകൃതി ഒരുക്കിയ മരുതിമലയുടെ മടിത്തട്ടിലേക്കുള്ള യാത്ര വിനോദസഞ്ചാരികൾക്ക് ഒരിക്കലും നഷ്ടക്കച്ചവടമാകില്ല.









0 comments