ad
Deshabhimani

സംയോജിത കുടിവെള്ള പദ്ധതി

നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 08, 2026, 12:21 AM | 1 min read

കരുനാഗപ്പള്ളി

കരുനാഗപ്പള്ളി– - കുന്നത്തൂർ സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള തഴവ, കുലശേഖരപുരം, തൊടിയൂർ പഞ്ചായത്തുകളിലെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതായി താലൂക്ക് സഭ യോഗത്തിൽ വിമർശനം. പൈപ്പുകൾ കുഴിച്ചിടുന്ന പ്രവൃത്തി പോലും പഞ്ചായത്തുകളിൽ പൂർത്തിയായിട്ടില്ല. പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതിനാൽ വാഹനാപകടങ്ങളും തുടർക്കഥയാണ്. തൊടിയൂർ പഞ്ചായത്തിൽ പൈപ്പുകൾ കുഴിച്ചിട്ടെങ്കിലും ജലസംഭരണിയുടെ നിർമാണവും ജലമെത്തിക്കുന്ന കുഴലുകൾ സ്ഥാപിക്കുന്നതുമായ പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. ​കുലശേഖരപുരം പഞ്ചായത്തിൽ കുറച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ജലാസംഭരണിയുടെ നിർമാണവും പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കലുമാണ് പൂർത്തിയാകാനുള്ളത്. തഴവ പഞ്ചായത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തിപോലും ഇതുവരെ നടത്തിയിട്ടില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കരുനാഗപ്പള്ളി, കുന്നത്തൂർ മണ്ഡലങ്ങളിലെ എംഎൽഎമാരുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തിര അവലോകന യോഗം വിളിച്ചു ചേർക്കണമെന്നും താലൂക്ക് സഭ യോഗം ആവശ്യപ്പെട്ടു. ​സമാന്തര പാതകൾ 
അറ്റകുറ്റപ്പണി നടത്തണം ദേശീയപാത നിർമാണം മൂലം കരുനാഗപ്പള്ളി ടൗണിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സമാന്തര പാതകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണം. കരാർ പ്രകാരം ഇത് നിർമാണ കമ്പനിയുടെ ചുമതലയായതിനാൽ ഇത് നടപ്പാക്കാൻ കമ്പനിക്കും എൻഎച്ച്എഐ-ക്കും നിർദേശം നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കരുനാഗപ്പള്ളി മണ്ഡലത്തിലും മുനിസിപ്പാലിറ്റി മേഖലയിലും തെരുവുനായ ശല്യം രൂക്ഷമാണ്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത്‌അംഗം നജീബ് മണ്ണേൽ അധ്യക്ഷനായി. കരുനാഗപ്പള്ളി ഭൂരേഖ തഹസിൽദാർ സംസാരിച്ചു. കരുനാഗപ്പള്ളി തഹസിൽദാർ സുജാതാദേവി, ജില്ലാ പഞ്ചായത്ത്‌അംഗം വരുൺ ആലപ്പാട്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുജ, അരുൺരാജ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home