കൃഷി അഭിനയമല്ല, ഉയിരാണ് സത്യപ്രസാദിന്

ഷെഹിന്‍ഷാ
Published on Aug 05, 2025, 01:34 AM | 1 min read
കൊല്ലം
അഭിനയത്തോട് പ്രണയമാണെങ്കിൽ കൃഷി ഉയിരാണ് സത്യപ്രസാദിന്. സിനിമ, -സീരിയൽ, -നാടക അഭിനയത്തോടൊപ്പം കൃഷിയെ ആത്മസംതൃപ്തിയുടെ ഉറവിടമാക്കി മാറ്റുകയാണ് കുണ്ടറ കുഴിയം സത്യവിലാസത്തിൽ സത്യപ്രസാദ്. പുഷ്പക്കൃഷിയോടൊപ്പം വാഴ, മരച്ചീനി, ചേന, ചേമ്പ്, പാവൽ, വെണ്ട, തക്കാളി, മുളക് തുടങ്ങിയവയെല്ലാം സത്യപ്രസാദിന്റെ കൃഷിയിടത്തിൽ സജീവം. ഓണവിപണി മുന്നിൽക്കണ്ട് പുഷ്പക്കൃഷിക്കാണ് ഇത്തവണയും പ്രാധാന്യം നൽകിയത്. ഇതിൽ 1200 ചെണ്ടുമല്ലി മൊട്ടിട്ടു. മണ്ണുത്തിയിൽനിന്ന് കൊണ്ടുവന്ന ചെണ്ടുമല്ലിത്തൈകളാണ് നട്ടത്. ഒരുകാലത്ത് പ്രൊഫഷണൽ നാടകസമിതികളിൽ മിന്നും താരമായിരുന്നു. 2006മുതൽ 10വർഷം പ്രവാസജീവിതം. തിരികെ എത്തി കുറച്ചുനാളുകൾക്കുശേഷം സമിതികളിൽ സജീവമായെങ്കിലും കോവിഡ് വ്യാപനത്തോടെ അഭിനയജീവിതത്തിന് ഇടവേള. ഈ സാഹചര്യത്തിലാണ് കൃഷിയിലേക്കു തിരിഞ്ഞത്. പാട്ടത്തിനെടുത്ത തരിശ്ശിടങ്ങളിലായിരുന്നു ആരംഭം. സ്വന്തം അധ്വാനത്തോടൊപ്പം പെരിനാട് കൃഷിഭവന്റെ നിർലോഭമായ സഹായവും ലഭിച്ചതോടെ കൃഷിയിലും പ്രസാദ് തിളങ്ങി. തേടിയെത്തിയത് മികച്ച കർഷകനുള്ള പുരസ്കാരങ്ങളും തരക്കേടില്ലാത്ത വരുമാനവും. പയർ, എള്ള്, ഉഴുന്ന് തുടങ്ങിയവ ഇടക്കൃഷിയായും ഉണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മാറി കേരളം സജീവമായപ്പോൾ സത്യപ്രസാദ് അഭിനയരംഗത്തേക്ക് തിരിഞ്ഞെങ്കിലും കൃഷി കൈവിട്ടില്ല. വരുമാന മാർഗം എന്നതിലുപരി കൃഷി തന്റെ ജീവവായു ആണെന്നാണ് സത്യപ്രസാദ് പറയുന്നത്. ചിങ്ങം എത്തുന്നതോടെ ചെണ്ടുമല്ലി വിളവെടുപ്പും നാടകവേദികളുമായി ഏറെ തിരക്കിലാകും. നിലവിൽ കായംകുളം ദേവാ കമ്യൂണിക്കേഷൻസിന്റെ വനിതാമെസ് നാടകത്തിലാണ് അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം കൊച്ചിൻ സംഗമിത്ര നാടകസമിതിയിലായിരുന്നു. നാടകത്തിലും പുരസ്കാരങ്ങൾ തേടിയെത്തിയതോടെ സത്യപ്രസാദ് ഡബിൾ ഹാപ്പി. അഭിനയത്തോടും കൃഷിയോടുമുള്ള ഈ അമ്പത്താറുകാരന്റെ അടങ്ങാത്ത അഭിനിവേശം ഏവർക്കും പ്രചോദനമാണ്. ഭാര്യ ജയശ്രീ കാർഷികോൽപ്പന്നങ്ങൾ വിൽക്കുന്നതിനായി ആരംഭിച്ച കടയിൽ സജീവമാണ്. മക്കൾ: സഞ്ജയ്, സജിൻ. മരുമക്കൾ: അഞ്ജു, മീനു.










0 comments