ad
Deshabhimani

മണ്ണറിഞ്ഞ്, വിത്തെറിഞ്ഞ് ഹരിലാൽ

ഹരിലാല്‍ കൃഷിയിടത്തില്‍
avatar
ഷെഹിന്‍ഷാ

Published on Sep 25, 2025, 01:18 AM | 1 min read

കൊല്ലം

ആരോഗ്യകാരണങ്ങളാല്‍ മറ്റു തൊഴിലുകള്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കൃഷിയിലൂടെ വരുമാനവും ആനന്ദവും കണ്ടെത്തുകയാണ് മയ്യനാട് കുറ്റിക്കാട് ലാല്‍സദനില്‍ ഹരിലാല്‍. നാലുവര്‍ഷമായി ഹരിലാല്‍ കൃഷിയില്‍ സജീവമായിട്ട്. പാട്ടത്തിനെടുത്ത 87സെന്റില്‍ പച്ചക്കറി, പൂക്കൃഷി എന്നിങ്ങനെ എല്ലാംകൊണ്ടും മണ്ണിനെയും മനസ്സിനെയും കുളിര്‍പ്പിക്കുകയാണ് ഈ നാല്‍പ്പത്തഞ്ചുകാരനായ കര്‍ഷകന്‍. ഓണത്തോട് അനുബന്ധിച്ച് ചെണ്ടുമല്ലി കൃഷിയ്ക്കായിരുന്നു പ്രാധാന്യം. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്തിപ്പൂക്കള്‍ വിളവെടുത്തു. വെള്ള നിറത്തിലുള്ള ബന്തിപ്പൂ നട്ടെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ വിളവെടുക്കാനായില്ല. കഴിഞ്ഞ തവണ നല്ല വിളവും ലാഭവും ഉണ്ടായതോടെയാണ് ഇത്തവണയും ഹരിലാല്‍ പൂക്കൃഷിക്ക് പ്രാധാന്യം നല്‍കിയത്. മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽനിന്നാണ് കൂടുതൽ കൃഷിപാഠങ്ങൾ പഠിച്ചെടുത്തത്. വില്ലേജ് അഗ്രോ, കൊല്ലം ഹരിതലക്ഷ്മി എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്ന തൈയാണ് നടുന്നത്. മുളക്, വഴുതന, തക്കാളി, വെണ്ട, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, കോവയ്ക്ക, പാവൽ, പയര്‍ തുടങ്ങിയ പച്ചക്കറികളും ഹരിലാലിന്റെ ഭൂമിയിൽ ധാരാളം. ശീതകാല പച്ചക്കറിക്കൃഷിയുടെ ഒരുക്കത്തിലാണ് ഇപ്പോള്‍ ഹരിലാല്‍. ക്യാബേജ്, കോളിഫ്ലവര്‍ തുടങ്ങിയവയാണ് ശീതകാലത്തില്‍ ഹരിലാല്‍ ഒരുക്കുന്നത്. ഇതിനായി കൃഷിഭവന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കും. മികച്ച വരുമാനത്തോടൊപ്പം കഠിനാധ്വാനത്തിന് അവാര്‍ഡും തേടിയെത്തിയപ്പോള്‍ ഹരിലാലിന് പൂര്‍ണ സംതൃപ്തി. കൃഷിഭവന്റെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ്, ഗ്രന്ഥശാലകളും മറ്റു സംസ്കാരിക സംഘടനകളും നല്‍കിയ പുരസ്കാരങ്ങളും ഹരിലാലിന് അംഗീകാരമായി. വിശപ്പ് മാറ്റുക എന്നത് മാത്രമല്ല, പോഷകം നിറഞ്ഞ ആഹാരം എത്തിക്കുക എന്നതുകൂടിയാണ് ഹരിലാലിന്റെ ലക്ഷ്യം. ഭാര്യ: പ്രീതി. മക്കളായ ഹരിപ്രിയയും വിഷ്ണുപ്രിയയും വിദ്യാര്‍ഥികളാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home