കൊല്ലം– തേനി ദേശീയപാത നിർമാണം
ഉപാധിവച്ച് കേന്ദ്രം; മറച്ചുവച്ച് എംപിമാർ


സ്വന്തം ലേഖകൻ
Published on Jun 19, 2026, 12:58 AM | 2 min read
കൊല്ലം
നിർദിഷ്ട കൊല്ലം– തേനി ദേശീയപാത 183ന്റെ ആദ്യ റീച്ച് വികസനത്തിന് അനുമതി നൽകാൻ കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം മുന്നോട്ടുവച്ച ഉപാധികൾ മറച്ചുവച്ച് എംപിമാർ. 70മുതൽ 100കോടി രൂപവരെ സംസ്ഥാനത്തിന് നഷ്ടപ്പെടുമെന്ന സ്ഥിതിയായിട്ടും യുഡിഎഫ് എംപിമാർ എന്തിന് ഇക്കാര്യം മറച്ചുവച്ചു എന്നത് ദുരൂഹമാണ്. ആദ്യ റീച്ചിലെ ഉപാധികൾ തുടരുമെന്നതിനാൽ പാത പൂർത്തിയാകുന്പോൾ വൻതുക സംസ്ഥാനത്തിന് നഷ്ടമാകും. കരാർ തുകയുടെ ജിഎസ്‌ടി വിഹിതം സംസ്ഥാന സർക്കാർ വേണ്ടെന്ന് വയ്‌ക്കുക. അല്ലെങ്കിൽ പാതയുടെ ഇരുവശത്തായി കോറിഡോറിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുകയും പോസ്റ്റ്, കേബിൾ, പൈപ്പ് എന്നിവ മാറ്റി സ്ഥാപിക്കാനുള്ള ചെലവും സംസ്ഥാനം വഹിക്കുക എന്നിവയാണ് ഉപാധികൾ. ഇക്കാര്യം മാധ്യമങ്ങൾക്കു നൽകിയ പ്രസ്‌താവനകളിൽനിന്ന് എംപിമാരായ എൻ കെ പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും ബോധപൂർവം മറച്ചുവച്ചു. കൊല്ലം– തേനി ദേശീയപാതയുടെ കടവൂർ ബൈപാസ് ജങ്‌ഷൻ മുതൽ ചെങ്ങന്നൂരിന് സമീപം ആഞ്ഞിലിമൂട് വരെ 54.37 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ റീച്ച് വികസനത്തിന് 1663.15കോടി രൂപയുടെ അംഗീകാരമാണ് ലഭിച്ചത്. ഇൗ തുകയുടെ ജിഎസ്‌ടി വിഹിതം 18 ശതമാനമാണ്. ഇതിൽ ഒന്പതുശതമാനം വീതം കേന്ദ്രത്തിനും സംസ്ഥാനത്തിനുമാണ്. സംസ്ഥാനത്തിനു ലഭിക്കുന്ന ഒന്പതുശതമാനം ജിഎസ്‌ടി വിഹിതം ഏകദേശം 70കോടി രൂപ വരും. ഇൗ തുകയാണ് സംസ്ഥാന സർക്കാർ ഒഴിവാക്കി നൽകേണ്ടത്. കോറിഡോർ സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുകയും പോസ്റ്റ്, കേബിൾ, പൈപ്പ് എന്നിവ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവും കൂടി ഏകദേശം 100കോടി രൂപ വരും. ജിഎസ്‌ടി ഒഴിവാക്കാൻ സമ്മതമില്ലെങ്കിൽ ഇൗ 100കോടി രൂപയുടെ ചെലവ് സംസ്ഥാനം ഏറ്റെടുക്കണം. എന്നാൽ, ഇത്തരം ഉപാധികളുള്ള വിവരം ജില്ലയെ പ്രതിനിധീകരിക്കുന്ന രണ്ട് എംപിമാരും ജനങ്ങളിൽനിന്ന് മറച്ചുവച്ചു. ഉപാധികളിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാർ ആണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി എംപിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്നാണ് വിവരം. സംസ്ഥാനം തീരുമാനമെടുത്ത് കേന്ദ്രത്തെ അറിയിച്ചില്ലെങ്കിൽ കൊല്ലം– തേനി ദേശീയപാത നിർമാണം ഇനിയും നീളും. നടപടികൾ ഇനി ആദ്യംമുതൽ കൊല്ലം– തേനി ദേശീയപാതയുടെ വീതി 20 മീറ്ററായി കുറച്ച് നിർമാണത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും നടപടികളെല്ലാം ഇനി ആദ്യം മുതൽ തുടങ്ങണം. നേരത്തെ വീതി 24 മീറ്റർ നിശ്‌ചയിച്ചതിനെ തുടർന്ന് ഭുമി ഏറ്റെടുക്കലിന് പുറപ്പെടുവിച്ചിരുന്ന ത്രീ ക്യാപിറ്റൽ എ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞു. ഇൗ വിജ്ഞാപന പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ സർവേ നടത്തുകയും കല്ലിടൽ നടപടി തുടങ്ങിവയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിനായി സ്‌പെഷ്യൽ തഹസിൽദാർമാരെയും നിശ്‌ചയിച്ചു. എന്നാൽ, ഇതിനു പിന്നാലെയാണ് വീതി 20 മീറ്ററായി കുറച്ചത്. ഇതനുസരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ത്രീ ക്യാപിറ്റൽ എ വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കണം.










0 comments