ഉറപ്പിച്ച് കൊല്ലം
മനംനിറഞ്ഞ് മൂന്നാമൂഴത്തിലേക്ക്

ജയൻ ഇടയ്ക്കാട്
Published on Apr 10, 2026, 01:16 AM | 1 min read
ജ
കൊല്ലം
എൽഡിഎഫ് സർക്കാരിന് തുടർച്ചയേകാൻ കൊല്ലം ഉറച്ച മനസ്സോടെ വിധിയെഴുതി. ഒരേ മനസ്സോടെ, ഒരേ വികാരത്തോടെ നാടും നഗരവും അതിരാവിലെ മുതൽ പോളിങ് ബൂത്തുകളിലേക്ക് ഒഴുകി. അഞ്ച് വർഷത്തെ സമാനതകളില്ലാത്ത വികസനവും ക്ഷേമവും മതനിരപേക്ഷ സംരക്ഷണവും ഉയർത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഉത്സവവും പോരാട്ടവുമാക്കിമാറ്റിയ എൽഡിഎഫ് പ്രവർത്തകർക്ക് ഇനി മെയ് നാല് വരെ രാജ്യം കാതോർക്കുന്ന ശുഭവാർത്തയ്‌ക്കായുള്ള കാത്തിരിപ്പ്. സവിശേഷതകൾ എറെയുളളതായിരുന്നു ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ്. യുഡിഎഫിനും എൻഡിഎക്കുമൊപ്പം ചില മാധ്യമങ്ങളും ഉയർത്തിയ നുണകളുടെ മഹാമാരിയെ ചങ്കുറപ്പോടെ എൽഡിഎഫ് നേരിട്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് നേതാക്കളും വികസനവും ക്ഷേമവും മതനിരപേക്ഷതയും ജനങ്ങളുമായി പങ്കുവച്ചപ്പോൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിയ നുണകൾ ആവർത്തിക്കുകയും പുതിയവ കെട്ടിപ്പൊക്കുകയുമായിരുന്നു യുഡിഎഫും എൻഡിഎയും. കൊടും വർഗീയ പ്രചാരണത്തിനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ, എല്ലാ പ്രചാരണങ്ങളും ജില്ല തള്ളിയതായി ഫലം പ്രഖ്യാപിക്കുന്പോൾ യുഡിഎഫിനും എൻഡിഎക്കും വ്യക്തമാകും. പ്രചാരണത്തിലെന്നപോലെ 2016ലെ വിജയം ആവർത്തിക്കുമെന്ന് ജില്ലയിലെ മികച്ച പോളിങ് ഉറപ്പിക്കുന്നു. തുടർഭരണ വികാരം ജില്ലയിൽ എല്ലായിടത്തും പ്രകടമായിരുന്നു. പ്രചാരണത്തിന്റെ തുടക്കം മുതൽ എൽഡിഎഫ് നേടിയ മേൽക്കൈ വോട്ടെടുപ്പിലേക്ക് അടുക്കുംതോറും ശക്തിപ്പെട്ടു. യുഡിഎഫ്–- ബിജെപി രഹസ്യധാരണയുടെ ചിത്രം അന്തിമഘട്ടം എത്തിയപ്പോൾ കൂടുതൽ തെളിഞ്ഞു. അഞ്ച് വർഷം മുന്പുള്ള പ്രകടനപത്രികയിൽ നൽകിയ 900 വാഗ്‌ദാനങ്ങളിൽ 871 എണ്ണം യാഥാർഥ്യമാക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെ പൊതുസമുഹം ഹ്യദയത്തിലേറ്റി. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തി മുടങ്ങാതെ നൽകുമെന്ന് ഉറപ്പിക്കുന്ന പുതിയ പ്രകടനപത്രിക വലിയ പ്രതീക്ഷയാണ് ജനങ്ങളിൽ ഉയർത്തിയത്. സ്ഥാനാർഥികളുടെ വലിയ സ്വീകാര്യതയും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ടായി. ബേപ്പൂർ–- വടകര–- നേമം മോഡൽ കോലീബി സഖ്യം ഈ തെരഞ്ഞെടുപ്പിലും പ്രകടമാണെന്ന് എൽഡിഎഫ് പ്രചാരണത്തിന്റെ തുടക്കത്തിലേ പറഞ്ഞിരുന്നു. അത് ചില മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ദിവസം പ്രകടമായി. പലയിടത്തും ബിജെപി, കോൺഗ്രസ് ബൂത്തുകളിൽ രാവിലെ മുതൽ പ്രവർത്തകരില്ലായിരുന്നു. എന്നാൽ, ഈ കൂട്ടുകെട്ടിനെയും കൊല്ലം അതിജീവിക്കുമെന്ന് കാലം തെളിയിക്കും. മെയ് നാലിന് വോട്ട് എണ്ണിത്തീരുമ്പോൾ നാട് കാത്തിരുന്ന ചരിത്രപരമായ തുടർഭരണം യാഥാർഥ്യമാകും.










0 comments