തൊഴിലാളികളെ പിരിച്ചുവിട്ട നടപടി മുനിസിപ്പല്‍ കൗൺസിൽ യോഗം അലങ്കോലപ്പെട്ടു

കരുനാഗപ്പള്ളി
താലൂക്കാശുപത്രിയിൽ ജോലി ചെയ്തിരുന്ന ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ നടക്കുന്ന സമരം ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ചേർന്ന മുനിസിപ്പല്‍ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധവും വാക്കേറ്റവും. നോട്ടീസ് പോലും നൽകാതെ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയോട് വിയോജിക്കുന്നതായും ഇക്കാര്യത്തിൽ തങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നതായും നടപടി എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ മുനിസിപ്പല്‍ സെക്രട്ടറിക്ക് കത്ത് നൽകി. തുടർന്ന് യോഗ നടപടി തുടരാൻ ശ്രമിച്ചതോടെ പ്രതിഷേധവുമായി എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. ഇതോടെ തങ്ങളുടെ വാർഡുകളിൽ വികസനം എത്തുന്നില്ല എന്ന് ആരോപിച്ച് ബിജെപി അംഗങ്ങളും പ്രതിഷേധിച്ചു. ഇതോടെ കൗൺസിൽ യോഗം അലങ്കോലപ്പെട്ടു. ഭരണകക്ഷി അംഗങ്ങൾ ചെയർമാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. ഇരുപത്തിരണ്ട് ദിവസമായി തൊഴിലാളികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് അവസാനിപ്പിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. ഇതിനിടെ മുനിസിപ്പല്‍ ഹാളിന് പുറത്തുണ്ടായ തർക്കവും സംഘർഷാന്തരീക്ഷവും ചിത്രീകരിക്കാൻ എത്തിയ പ്രാദേശിക ചാനൽ ക്യാമറമാൻ രാജന് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയേറ്റശ്രമമുണ്ടായി. ക്യാമറ തട്ടിപ്പറിക്കാനും ദൃശ്യങ്ങൾ പകർത്തുന്നത് തടയാനും ചില യുഡിഎഫ്അംഗങ്ങൾ ശ്രമിച്ചു. ക്യാമറമാനെ തള്ളിമാറ്റുകയും പിടിച്ചു തള്ളുകയുംചെയ്തു. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഢ്യവുമായി മുനിസിപ്പാലിറ്റിക്ക് മുന്നിൽ എത്തിയതോടെ സംഘർഷാന്തരീക്ഷം രൂപപ്പെട്ടു. ഇതോടെ കൗൺസിൽ യോഗം അവസാനിപ്പിച്ചതായി അറിയിച്ച് ഭരണപക്ഷം യോഗം അവസാനിപ്പിച്ചു. കൗൺസിൽ തീരുമാനമില്ലാതെ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ ശക്തമായ സമരം നടക്കുന്നതിനിടെ 40ലധികം അജന്‍ഡകളുമായി അടിയന്തര കൗൺസിൽ യോഗം ചേരാൻ ശ്രമിച്ചത് അംഗീകരിക്കില്ലെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ ജി സുനിൽ പറഞ്ഞു. വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.








0 comments