കൊട്ടാരക്കര ചുവരെഴുതി, ബാലഗോപാൽ

എം അനിൽ
Published on Mar 29, 2026, 01:46 AM | 2 min read
കൊട്ടാരക്കര
കെ എൻ ബാലഗോപാൽ കടന്നുപോയ വഴിയരികിലെ ചുവരുകളിൽ ‘വിശ്വസിക്കാം ബാലഗോപാലിനെ’ എന്ന തലവാചകത്തോടെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നു. കൊട്ടാരക്കരയുടെ മനസ്സു വരച്ചിട്ട പോസ്റ്ററുകൾ. ഇതിന്റെ അടയാളപ്പെടുത്തലായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും നാട്ടുകൂട്ടവും. എംഎൽഎ, മന്ത്രി എന്ന നിലയിൽ അഞ്ചുവർഷംകൊണ്ട് നാടിന്റെ സ്‌നേഹവും വിശ്വാസവും നേടിയെടുത്ത ജനപ്രതിനിധിയായി ബാലഗോപാൽ മാറിയതിന്റെ വരവേൽപ്പാണ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ നാട് ഒരുക്കിയത്. ബാലഗോപാലിന് രണ്ടാമൂഴം നൽകാൻ കൊട്ടാരക്കര ഒരുങ്ങിയത് സ്വീകരണകേന്ദ്രങ്ങളിലെ ആവേശത്തുടിപ്പിലും കാണാം. കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ ശനിയാഴ്‌ചത്തെ സ്വീകരണം മൈലം പഞ്ചായത്തിലായിരുന്നു. വൈകിട്ട് നാലിന് ഇഞ്ചക്കാട് ശിൽപ്പാ ജങ്‌ഷനിൽ നാട്ടുകാരും വ്യാപാരികളും ഒരുക്കിയത് ഉൗഷ്‌മളമായ സ്വീകരണം. ‘ കൊട്ടാരക്കരയിലെ മാത്രമല്ല കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്താൻ കഴിഞ്ഞു. ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിക്കാനും മുടക്കം കൂടാതെ നൽകാനും നടപടിയുണ്ടായി. നിങ്ങൾ അർപ്പിച്ച വിശ്വാസം കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിക്കും. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ബാലഗോപാൽ പറഞ്ഞു, വികസന വഴികളിലൂടെ ആയിരുന്നു എൽഡിഎഫ് സാരഥി ബാലഗോപാലിന്റെ യാത്ര. പ്ലാമൂട്–ഇഞ്ചക്കാട് റോഡ്, ഉടയൻകാവ്–ചെന്പൻപൊയ്‌ക റോഡ് എന്നിവയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ കടുത്ത ചൂടിന് ആശ്വാസം പകർന്നെത്തിയ വേനൽമഴയിലായി സ്വീകരണം. ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം ജങ്‌ഷനിലെ സ്വീകരണം മഴമൂലം പഞ്ചായത്ത്‌അംഗം ബ്ലസിയുടെ വീട്ടുമുറ്റത്തായിരുന്നു. മഴയിലും സ്‌ത്രീകളും കുട്ടികളും നാടിന്റെ വികസന നായകനെ കാത്തുനിന്നിരുന്നു. നാട്ടിൽ സർക്കാർ സ്‌കൂളുകൾക്കും ആശുപത്രികൾക്കും വന്ന മാറ്റങ്ങളും കൊട്ടാരക്കരയിൽ നഴ്‌സിങ് കോളേജും ആർട്‌സ് കോളേജും ഐടി സ്ഥാപനങ്ങളും വന്നതും ബാലഗോപാൽ എടുത്തുപറഞ്ഞു. സായംസന്ധ്യയിൽ ചെന്പൻപൊയ്‌കയിൽ കാത്തുനിന്നത് ഗ്രാമം ഒന്നാകെ. ‘കേന്ദ്രം തകർത്ത തൊഴിലുറപ്പ് പദ്ധതിക്ക് ആയിരം കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ചെയ്‌തിട്ടില്ല’– കേരളത്തിന്റെ ധനമന്ത്രിയായ കൊട്ടാരക്കരയുടെ സ്വന്തം ബാലഗോപാലിന്റെ വാക്കുകൾക്ക് ചെന്പൻപൊയ്‌കയുടെ വക നിറഞ്ഞ കൈയടി. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ വരവേറ്റത് കൊന്നപ്പൂക്കളും റോസാപ്പൂക്കളും രക്‌തഹാരവുമാണ്. യുവാക്കളൂടെ ബൈക്ക് റാലിയുടെ അകന്പടിയോടെ ആയിരുന്നു സ്വീകരണം. വേനൽമഴ നാടിന്റെയെന്ന പോലെ പ്രവർത്തകരുടെയും മനസ്സിനു കുളിർമയേകി, ഒപ്പം ബാലഗോപാലിന്റെയും. ശനിയാഴ്‌ച രാവിലെ അന്തമണിൽ നിന്ന് ആരംഭിച്ച സ്വീകരണം എൻഎസ്‌എസ് കരയോഗം ജങ്‌ഷനിൽ സമാപിച്ചു.











0 comments