കാട്ടിൽമേക്കതിൽ ദേവീക്ഷേത്രം
ഐതിഹ്യപ്പെരുമയിൽ എതിരേൽപ്പ് നടന്നു

ചവറ
പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ തോറ്റംപാട്ടിന്റെ പ്രധാന ചടങ്ങായ എതിരേൽപ്പ് നടന്നു. കളങ്ങര മഹാദേവ ക്ഷേത്രത്തിൽനിന്നു താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് എതിരേൽപ്പ് ഘോഷയാത്ര നടന്നത്. ദേവിയുടെ അവതാരമായ തെക്കുംകൊല്ലം മനയിലെ കന്യകയെ വടക്കുംകൊല്ലം മനയിലെ ഉണ്ണിപാലകൻ വിവാഹം കഴിച്ച് കപ്പൽ മാർഗം വടക്കും കൊല്ലത്തേക്ക് കൊണ്ടുവരുന്ന ഐതിഹ്യത്തെ അനുസ്‌മരിപ്പിച്ചാണ് കുടിയിരുത്തൽ ചടങ്ങ് നടത്തിയത്. ഭജനമഠങ്ങളിൽ ഭജനം പാർക്കുന്നവരും മറ്റ് ഭക്തരും എതിരേൽപ്പ് ഘോഷയാത്രയിൽ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് പി അനിൽ ജോയി, സെക്രട്ടറി പി സജി, ട്രഷറർ ആർ സത്യനേശൻ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉത്സവത്തോടനുബന്ധിച്ച് നടന്ന സർപ്പബലിയിലും ധാരാളം പേർ പങ്കെടുത്തു. വെള്ളിയാഴ്ച കാഴ്ചശീവേലിക്ക് കാട്ടിലമ്മയുടെ വാഹനമായ വേതാളവാഹനത്തിൽ ദേവിയെ എഴുന്നള്ളിക്കും. വൈകിട്ട് തങ്കയങ്കി ഉൾക്കൊളളുന്ന പേടകം കളങ്ങര മഹാദേവ ക്ഷേത്രത്തിൽനിന്ന് കന്നിട്ടക്കടവ്, കൊട്ടാരത്തിൻ കടവ് വഴി ക്ഷേത്രത്തിലെത്തും. തുടർന്ന് തങ്കയങ്കി ചാർത്തി ദീപാരാധന.








0 comments