ad
Deshabhimani

കർഷകർക്ക് പുതുപ്രതീക്ഷയുമായി ഫിഷ് സീഡ് ഫാം

കുളത്തൂപ്പുഴ നെടുവന്നൂർ കടവിലെ ഗവ. ഫിഷ് സീഡ് ഫാം
avatar
സ്വന്തം ലേഖകന്‍

Published on Apr 17, 2026, 01:20 AM | 2 min read

അഞ്ചൽ

മത്സ്യകർഷകർക്കും കൃഷിയിൽ താല്‍പ്പര്യം ഉള്ളവർക്കും പ്രതീക്ഷ പകര്‍ന്ന് കുളത്തൂപ്പുഴ നെടുവന്നൂർ കടവിലെ ഗവ. ഫിഷ് സീഡ് ഫാം. വിവിധ വളർത്തു മത്സ്യങ്ങളും അലങ്കാര മത്സ്യങ്ങളും ഇവിടെനിന്ന് ലഭിക്കും. ​കാർപ്, തദ്ദേശീയം, അലങ്കാര മത്സ്യങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ളവയാണ് ഇവിടെനിന്ന് ലഭിക്കുന്നത്. കാർപിൽ രോഗു, കട്ല, കോമൺ കാർപ്, രാ കാർപ് എന്നിവയും തദ്ദേശീയത്തിൽ അനാബസ്(കറ്റി), വരാൽ, കരിമീൻ, സിലാപ്പിയ, കല്ലേമുട്ടി, നൈൽ സിലാപ്പി എന്നിവയുമാണുള്ളത്. 3-4 കിലോ തൂക്കം വരുന്ന അസം വാളയും ലഭ്യമാണ്. ഇവ ഒരുമാസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് വിതരണംചെയ്യുന്നത്. അലങ്കാര മത്സ്യങ്ങളിൽ ഗപ്പി, പ്ലാറ്റി, ടെട്രാ, ബ്ലൂമോർഫ്, തോട്ടയിൽ, ഗവറാമി, ഗോൾഡ് ഫിഷ് എന്നിവയുമാണുള്ളത്. ​രണ്ട് സെന്റിൽ ഉള്ള പടുതാക്കുളം മുതൽ മത്സ്യക്കൃഷി സാധ്യമാണ്. വീടുകളിൽ ടാങ്കുകൾ സ്ഥാപിച്ചും കൃഷി ചെയ്യാം. വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യക്കൃഷി നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യാനുസരണമുള്ള നിർദേശങ്ങൾ സ്ഥാപനത്തിൽനിന്ന് ലഭിക്കും. മികവിന്റെ പാതയില്‍ ​2018ൽ കെഐപിയിൽനിന്ന് 10 വർഷത്തേക്ക് ഫിഷറീസ് വകുപ്പ് ലീസിന് എടുത്ത 10 ഏക്കറിലാണ് സ്ഥാപനം. ആദ്യഘട്ടമെന്ന നിലയിൽ 30 സെന്റിലായി മൂന്ന് സെന്റിന്റെ ആറ് ടാങ്കും രണ്ട് സെന്റിന്റെ ആറ് ടാങ്കുമാണ് ഉണ്ടായിരുന്നത്. തുടർന്ന് 50 സെന്റിലായി അഞ്ച് സെന്റിന്റെ 10 ടാങ്കുകൾ ഒരുമിച്ച് പണിതു. 2019 -–20 കാലഘട്ടത്തിൽ 15 സെന്റിന്റെ നാല് കോളങ്ങൾ കൂടി പണിതു. കൂടുതൽ ടാങ്കുകൾ വന്നതോടെ പ്രവർത്തനം കൂടുതൽ വിപുലമായി. മറ്റ്സംസ്ഥാനങ്ങളിൽനിന്നാണ് കുഞ്ഞുങ്ങളെ തുടക്കത്തിൽ വാങ്ങിയിരുന്നത്. ​2022ൽ പദ്ധതി അഡാക് (ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വ കൾച്ചർ)ഏറ്റെടുത്തു. ഇതോടെ എല്ലാത്തരം മത്സ്യങ്ങളുടെയും പ്രത്യുല്‍പ്പാദനത്തിനുള്ള സംവിധാനം നിലവിൽ വന്നു. ഇതോടെ ബ്രൂഡർ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനും ഓരോ വിഭാഗത്തിനും പ്രത്യേകം ബ്രീഡിങ് സംവിധാനങ്ങളും വന്നു. തദ്ദേശീയ മത്സ്യങ്ങളായ അനാബസ് (കറ്റി), വരാൽ, കരിമീൻ, സിലാപ്പിയ, കല്ലേമുട്ടി എന്നിവ ധാരാളമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എങ്കിലും അലങ്കാര മത്സ്യങ്ങളുടെ ബ്രീഡിങ്ങാണ് കൂടുതൽ ലക്ഷ്യമിടുന്നത്. തദ്ദേശീയ ഇനമായ മഹസീർ (കറ്റി) വംശനാശം നേരിടുന്നതിനാൽ അവയുടെ ബ്രൂഡർ മത്സ്യങ്ങളെ സംരക്ഷിച്ചു വരുന്നു. കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് ആറുകളിൽ തുറന്നു വിട്ടുകൊണ്ട് വംശനാശ ഭീഷണിയെ ചെറുക്കാനുള്ള സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 04752912800.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home