ആളും ആരവവും നിലച്ച് മൂന്നാംദിനവും

സ്വന്തം ലേഖിക
Published on Aug 04, 2026, 12:47 AM | 1 min read
കൊല്ലം
കടൽ പ്രക്ഷുബ്‌ധം തന്നെ, ഇന്നലെയും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനായില്ല. ട്രോളിങ് നിരോധനം കഴിഞ്ഞ് മൂന്നാംദിനവും ആളും ആരവവും നിലച്ച അവസ്ഥയിലാണ് വാടി, നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ തുറമുഖങ്ങൾ.നീണ്ടകരയിൽനിന്നും ആദ്യദിനം പോയി കടൽക്ഷോഭം കാരണം തിരികെയെത്തിയ യാനങ്ങൾ കൊല്ലം തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ആദ്യദിനം കടലിൽപോയ 50 ബോട്ടുകൾ നീണ്ടകര തുറമുഖത്ത് രാവിലെ കയറി. കിളിമീൻ, കഴന്തൻ, കരിക്കാടി, ഓലക്കണവ, പേക്കണവ, കരിക്കാടി എന്നിവയായിരുന്നു അവർ എത്തിച്ചത്. കൊല്ലം തീരത്തുനിന്നും രാവിലെ എട്ടിന് ചില ഒൗട്‌ബോർഡ് വള്ളങ്ങൾ തീരത്തോട് ചേർന്ന് മീൻപിടിത്തത്തിൽ ഏർപ്പെട്ടു. രണ്ട് മണിക്കൂർ ജോലിക്കിടയിൽ നാരൻ ചെമ്മീനുമായാണ് അവർ എത്തിയത്. കഴിഞ്ഞ ദിവസം മഴ ശമിച്ചതോടെ വലിയ ബോട്ടുകൾ മാത്രമാണ് കടലിൽ പോയത്. ഇടത്തരം ബോട്ടുകൾ കടലിൽ ഇറക്കിയില്ല. ആഴക്കടലിൽ ദിവസങ്ങൾ തങ്ങി ട്രോളിങ് നടത്തുന്ന വലിയ ബോട്ടുകൾ വെള്ളിയാഴ്‌ചയോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. കരിക്കാടി, കഴന്തൻ, നാരൻ, വലിയ അയല, കൊഴുചാള ഉൾപ്പെടെയുള്ളവ നിറയെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും. വില കുതിക്കുന്നു മീന്‍ലഭ്യത കുറഞ്ഞതോടെ നീണ്ടകരയിൽ വില കുതിക്കുന്നു. 35കിലോ തൂക്കം വരുന്ന ഒരു കുട്ട കിളിമീൻ 5000–8000രൂപയ്‌ക്കാണ് വിറ്റുപോയത്. കരിക്കാടി കിലോ 140–150, കഴന്തൻ 250, പേക്കണവ 500–510, ഓലക്കണവ 700 എന്നിങ്ങനെയായിരുന്നു വില. എന്നാൽ, കൊല്ലം തീരത്ത് മീൻപിടിത്തത്തിലേർപ്പെട്ടവർക്ക് ലഭിച്ച നാരൻ ചെമ്മീൻ വിലക്കുറവിൽ വിൽക്കേണ്ടിവന്നു. കുത്തുവലയുമായി തൊഴിലാളികൾ കടൽക്ഷോഭം കാരണം തൊഴിലില്ലാതായ മത്സ്യത്തൊഴിലാളികൾ കുത്തുവലയുമായി കൊല്ലം തീരത്ത് മീൻപിടിത്തം തുടരുന്നു. തിരമാലയ്‌ക്കൊപ്പം തീരത്തേക്ക് അടിച്ചുകയറുന്ന തേഡ്, കിളിമീൻ എന്നിവ പിടിക്കുന്നതിനാണ് കുത്തുവല ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ മഴ സീസണിൽ വയലിലും തോട്ടിലുമൊക്കെ മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന വലയാണിത്.










0 comments