ad
Deshabhimani

കൊല്ലത്തിന്റെ മനസ്സാകെ ജയമോഹൻ

കൊല്ലം മണ്ഡലം എൽഡിഎഫ്  സ്ഥാനാർഥി  എസ് ജയമോഹന്  കുറവൻപാലത്ത്  നൽകിയ സ്വീകരണം
avatar
എം അനിൽ

Published on Apr 05, 2026, 01:48 AM | 2 min read

കൊല്ലം

ചാമക്കട മൂന്നുവിളക്ക്‌ മുക്കിൽ വ്യാപാരികളും ഓട്ടോ, ചുമട്ടുതൊഴിലാളികളം നൽകിയ സ്വീകരണത്തിന്‌ നന്ദിപറയവെ എൽഡിഎഫ്‌ സ്ഥാനാർഥി എസ്‌ ജയമോഹനെത്തേടി കൊല്ലത്തിന്റെ മുൻ എംഎൽഎയും മന്ത്രിയുമായ മുതിർന്ന സിപിഐ എം നേതാവ്‌ പി കെ ഗുരുദാസൻ എത്തി. ‘ജയമോഹൻ ജയിച്ചുകാണാൻ ആഗ്രഹിക്കുന്നു. തൊഴിലാളികളുടെ നേതാവാണ്‌. ഇ‍ൗ നാടിന്‌ വിശ്വസിക്കാം. വന്പിച്ച വിജയം നൽകണം. നാടിന്റെ നന്മയ്‌ക്കും വികസന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കും എൽഡിഎഫ്‌ വീണ്ടും ഭരണത്തിൽ വരണം’– ജയമോഹനെ രക്തഹാരം അർപ്പിച്ചശേഷം എല്ലാവരോടുമായി പി കെ ഗുരുദാസൻ പറഞ്ഞു. ‘വിജയാശംസ നേരാൻ ഗുരുദാസൻ സഖാവ്‌ എത്തിയതിൽ അഭിമാനിക്കുന്നു. എന്റെ രാഷ്ട്രീയഗുരുവാണ്‌ അദ്ദേഹം’– എസ്‌ ജയമോഹന്റെ വാക്കുകളിൽ അഭിമാനം. പായിക്കടയിലും ചാമക്കടയിലും ഓട്ടോ, ചുമട്ടുതൊഴിലാളികൾ ഓരോ പോയിന്റിലും പ്രത്യേകം കാത്തുനിന്നാണ്‌ ജയമോഹനെ ഷാൾ അണിയിച്ചത്‌. പൈമേലി ജങ്‌ഷനിൽ എൽഡിഎഫ്‌ സാരഥിയെ വരവേറ്റത്‌ സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകൂട്ടം. അവർക്കിടിയിൽ ക്രിക്കറ്റ്‌ താരം അബിന മാർട്ടിനുമുണ്ടായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരിക്കെ എസ്‌ ജയമോഹൻ ജില്ലാ ആശുപത്രിയുടെ വികസനത്തിന്‌ നടത്തിയ ഇടപെടൽ ആശുപത്രി വികസനസമിതി അംഗമായിരുന്ന തടത്തിവിള രാധാകൃഷ്‌ണൻ വിശദീകരിക്കവെയാണ്‌ ആശുപത്രി ജങ്‌ഷനിലേക്ക്‌ സ്ഥാനാർഥിയുടെ വരവ്‌. മോട്ടോർതൊഴിലാളികളും ആംബുലൻസ്‌ ഡ്രൈവർമാരും പ്രദേശവാസികളും ചേർന്ന്‌ ഉ‍ൗഷ്‌മള സ്വീകരണം. ബോട്ട്‌ ജെട്ടിയിൽ കെഎസ്‌ആർടിസി ജീവനക്കാരും എസ്‌ ജയമോഹനെ വരവേറ്റു. യുഡിഎഫ്‌ കാലത്ത്‌ കട്ടപ്പുറത്തായിരുന്ന കെഎസ്‌ആർടിസിയുടെ ഇന്നത്തെ പുരോഗതിയും ശന്പളം മുടങ്ങാത്തതും കൊല്ലം കെഎസ്‌ആർടിസി ഡിപ്പോയ്‌ക്ക്‌ പുതിയ കെട്ടിടം വരുന്നതുമെല്ലാം സ്ഥാനാർഥി വിശദീകരിച്ചു. ചിന്നക്കട ജോസ്‌കോ ജ്വല്ലറിക്ക്‌ താഴെ വീട്ടമ്മമാരും ചെറുപ്പക്കാരും കുട്ടികളും കൂട്ടമായി സ്ഥാനാർഥിയെ ഹാരമണിയിച്ചു. പരമാവധി വീടുകളിൽ കയറി വോട്ട്‌ അഭ്യർഥിച്ചുകൊണ്ടായിരുന്നു പുള്ളിക്കട കോളനിയിൽ പര്യടനം. ശങ്കർ ജങ്‌ഷനിലും ലഭിച്ചത്‌ ഉ‍ൗഷ്‌മള സ്വീകരണം. കുറവൻപാലത്ത്‌ കുട്ടികളുടെ നൃത്തം സ്വീകരണം കളർഫുളാക്കി. ‘കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല. അതുപോലെയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാര്യവും. വർഗീയസംഘർഷമില്ലാത്ത പത്തുവർഷം സമ്മാനിച്ചു. നാടിന്റെ നന്മയ്‌ക്കും പുരോഗതിക്കും സാഹോദര്യത്തിനും എൽഡിഎഫ്‌ സർക്കാർ തുടരണം. യുഡിഎഫ്‌ വന്നാൽ എല്ലാം തകരും. എന്നെ ജയിപ്പിച്ചാൽ എന്നും ഞാനുണ്ടാകും നിങ്ങളോടൊപ്പം’– വിവിധ കേന്ദ്രങ്ങളിൽ നന്ദിപറയവെ എസ്‌ ജയമോഹൻ ചൂണ്ടിക്കാട്ടി. കന്റോൺമെന്റിൽനിന്ന്‌ ആയിരുന്നു ശനിയാഴ്‌ചത്തെ സ്വീകരണ പരിപാടിക്ക്‌ തുടക്കം. കടപ്പാക്കട മേഖലയിലും എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ ലഭിച്ചത്‌ സ്‌നേഹോഷ്‌മള വരവേൽപ്പ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home