ഇന്ധന വിതരണം കർശനമാക്കുന്നു
മീൻപിടിത്തത്തിനും പുരവഞ്ചിക്കും തിരിച്ചടി

സ്വന്തം ലേഖിക
Published on Jun 17, 2026, 12:20 AM | 1 min read
കൊല്ലം
ഇന്ധന വിതരണത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന കർശന വ്യവസ്ഥ ജില്ലയിലെ മീൻപിടിത്തമേഖലയ്‌ക്കും പുരവഞ്ചിയടക്കമുള്ള ടൂറിസം മേഖലയ്‌ക്കും തിരിച്ചടി. നിലവിൽ പല പ്രതിസന്ധികളും നേരിടുന്ന ഇരുമേഖലയുടെയും പതനത്തിന് വഴിതെളിക്കുന്ന നിർദേശങ്ങളാണ് ഇന്ധന ഡീലർമാർക്ക് ലഭിച്ചിട്ടുള്ളത്. ഞായർ വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം ഡീലർമാർക്ക് ലഭിച്ചത്. വാഹനങ്ങൾക്ക് 200 ലിറ്റർ ഇന്ധനം മാത്രമേ പ്രതിദിനം നൽകാവു എന്നും കുപ്പികളിലോ കാനിലോ നൽകരുതെന്നുമാണ് പ്രധാന നിർദേശം. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധിയെന്ന് ന്യായം പറഞ്ഞ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കാനെന്ന പേരിലാണ് നടപടി. കുപ്പികളിലും കാനുകളിലും ഇന്ധനം നൽകരുതെന്ന വ്യവസ്ഥ നേരത്തെയുണ്ട്. വാഹനങ്ങളിലല്ലാതെ ഇന്ധനം നൽകണമെങ്കിൽ പെസൊ (peso) അംഗീകൃത കണ്ടെയ്നറിൽ നൽകണമെന്നാണ് നിർദേശം. കമ്പനി നിർദേശിച്ച 20ലിറ്ററിന്റെ കാനുകൾക്ക് 2125രൂപയ്‌ക്കു മുകളിലാണ് വില. ഇവ ബുക്ക് ചെയ്‌താൽ മുംബൈയിൽനിന്ന് ആഴ്‌ചകൾ കഴിഞ്ഞേ ലഭിക്കൂ. ഇൗ കണ്ടെയ്‌നറുകൾ വാങ്ങിവയ്‌ക്കാൻ കന്പനി അധികൃതർ ഡീലർമാരെ നിർബന്ധിക്കുകയുംചെയ്യുന്നു. നേരത്തെ പരന്പരാഗത യാനങ്ങളിൽ മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഒൗട്ട്‌ബോർഡ് എൻജിനായിരുന്നു മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചിരുന്നത്. ഇതിൽ എൻജിൻ സ്റ്റാർട്ടാക്കാൻ മാത്രമായിരുന്നു പെട്രോൾ ഉപയോഗിച്ചിരുന്നത്. എന്നാൽ, യാനങ്ങൾ എല്ലാം പെട്രോൾ എൻജിനിലേക്ക് മാറ്റി. ദിവസം ശരാശരി 25 ലിറ്റർ പെട്രോളാണ് തൊഴിലാളികൾക്ക് വേണ്ടത്. തീരദേശ പന്പുകൾ കുറവായതിനാൽ തൊഴിലാളികൾ കന്നാസിലും കുപ്പിയിലുമായിരുന്നു പെട്രോൾ വാങ്ങിയിരുന്നത്. അതിനാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയത്. ജില്ലയിലെ ടൂറിസം, കാർഷിക, ആശുപത്രി മേഖലകൾക്ക് കനത്ത തിരിച്ചടിയാവുന്നതാണ് നടപടി. പുരവഞ്ചികൾക്ക് നേരിട്ട് ഡീസൽ അടിക്കാൻ ജില്ലയിൽ സൗകര്യമില്ല. ഇതിനാൽ കാനുകളിലും കണ്ടെയ്നറുകളിലും ഡീസൽ വാങ്ങിയാണ് ഉപയോഗിക്കുന്നത്. ഇത് ഇല്ലാതാകുന്നതോടെ പുരവഞ്ചികൾ കെട്ടിയിടേണ്ട അവസ്ഥവരുമെന്ന് തൊഴിലാളികൾ പറയുന്നു. ആശുപത്രികളിലും കാർഷിക മേഖലയിലും ജനറേറ്റർ പ്രവർത്തിപ്പിക്കാനും നിർദേശം തിരിച്ചടിയാകും.









0 comments