കണ്ണീർപ്പാച്ചിൽ...

കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്കിൽ ബസ് കാത്തു നിന്നവർക്ക് നേരെ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടമറിഞ്ഞു തടിച്ചു കൂടിയ നാട്ടുകാർ. അപകടമുണ്ടാക്കിയ ടിപ്പർ ലോറിയും കാണാം
എം അനിൽ
Published on Jun 24, 2026, 12:59 AM | 2 min read
കൊല്ലം
സ്‌കൂളിലേക്ക് കുട്ടികൾ പോകുകയും വരികയും ചെയ്യുന്ന സമയങ്ങളിൽ ടിപ്പർ ലോറികൾ നിരത്തിലിറങ്ങാൻ പാടില്ലെന്ന നിയമം ലംഘിക്കപ്പെട്ടതിന്റെ രക്തസാക്ഷികളാണ് കൊട്ടാരക്കര നീലേശ്വരത്ത് അപകടത്തിൽ ജീവൻ പൊലിഞ്ഞ വിദ്യാർഥി ഉൾപ്പെടെ മൂന്നൂപേർ. പരിക്കേറ്റവരിൽ കൂടുതലും വിദ്യാർഥികളാണ്. ബസ് കാത്തുനിന്ന കൊട്ടാരക്കര കടലാവിള കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി നീലേശ്വരം പ്രീതാഭവനിൽ പാർഥിപ് (15), കെഎസ്ആർടിസി പുനലൂർ ഡിപ്പോ മെക്കാനിക്ക് നീലേശ്വരം അനഘഭവനിൽ അജയൻ ആചാരി (50), ബുള്ളറ്റ് യാത്രികൻ കടയ്ക്കോട് കുടവട്ടൂർ മാരൂർ ലക്ഷ്മി കോട്ടേജിൽ ഹരിലാല്‍ (54) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര ഗവ. എച്ച്എസ്എസ് വിദ്യാർഥി അന്നൂർ ദീപാലയത്തിൽ ഋഷഭ് (15), നെടുവത്തൂർ ഇവിഎച്ച്എസ്എസ് വിദ്യാർഥി അന്നൂർ സന്തോഷ് ഭവനിൽ കൗശിക് (15), കിഴക്കേക്കര സെന്റ്മേരീസ് സ്കൂൾ വിദ്യാർഥി അമ്പലപ്പുറം കാർത്തികയിൽ നവനീത് കൃഷ്ണൻ (13), ആവണീശ്വരം എഇപിഎം സ്കൂൾ വിദ്യാർഥിനി നീലേശ്വരം കുറ്റിവിള പടിഞ്ഞാറ്റതിൽ ജിബിമോൾ (15), ലോറി ഡ്രൈവർ ചവറ മുകുന്ദപുരം വിളയിൽ വടക്കതിൽ നിസാം (43) എന്നിവർക്കാണ് പരിക്ക്. ഗുരുതര പരിക്കേറ്റ നിസാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഋഷഭിനെ കൊല്ലത്തെയും കൗശികിനെ തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ജില്ലയിൽ രാവിലെ 8.30 മുതൽ പത്തുവരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ ലോറികൾ നിരത്തിലിറങ്ങരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ്. ഇൗ ഉത്തരവിൽനിന്നും രക്ഷപെട്ട് മണ്ണ് കടത്താനുള്ള തന്ത്രപ്പാടാണ് അപകടത്തിനിടയാക്കിയത്.കെ എൽ 12 ഡി, 9578 നന്പർ ലോറി മാസങ്ങൾക്ക് മുന്പ് അപകടത്തിൽപ്പെട്ടതാണ്.
അത്യന്തം ദാരുണം: പിണറായി
തിരുവനന്തപുരം
കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവം അത്യന്തം ദാരുണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥി പാർഥിപ്, അജയൻ, ഹരിലാൽ എന്നിവരുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് അടിയന്തരമായി ഏറ്റവും മികച്ച വൈദ്യസഹായം സർക്കാർ ഉറപ്പുവരുത്തണം. പരിക്കേറ്റ എല്ലാവരും എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെ എന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.










0 comments