ശ്വാസംനിലച്ച് നെഞ്ചുരോഗാശുപത്രി


സ്വന്തം ലേഖകൻ
Published on Aug 01, 2026, 01:02 AM | 2 min read
കരുനാഗപ്പള്ളി
ആറുപതിറ്റാണ്ടിലേറെ പഴക്കമുള്ള, ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിക്ക് ശ്വാസം നിലയ്ക്കുന്നുു. വികസന സ്വപ്നങ്ങൾ തകർന്ന് വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രിയുടെ പ്രവർത്തനം. വാർഡുകൾ ഉൾപ്പെടെ പ്രവർത്തനയോഗ്യമാക്കി സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യം ഇതോടെ ശക്തമാണ്. ജില്ലയിൽ കിടത്തിച്ചികിത്സയുള്ള ഏക ടിബി ആശുപത്രിയും സംസ്ഥാനത്തെ അപൂർവ ആശുപത്രികളിൽ ഒന്നുമാണിത്. 1962ൽ ആണ് പുതിയകാവിൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ക്ഷയരോഗം പടർന്നുപിടിച്ചിരുന്ന കാലത്ത് കേന്ദ്ര, -സംസ്ഥാന സർക്കാരുകളുടെ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ആശുപത്രിയിൽ രോഗം മൂർഛിച്ചവരെ പ്രത്യേകം താമസിപ്പിച്ച് ചികിത്സിക്കുമായിരുന്നു. ആദ്യകാലത്ത് ഇൻജക്‌ഷൻ രൂപത്തിലുള്ള മരുന്നാണ് ഇവർക്കു നൽകിയിരുന്നത്. ക്ഷയരോഗത്തിനുള്ള മരുന്നുകൾ ഗുളിക രൂപത്തിൽ കഴിക്കാമെന്ന നിലയിലേക്ക് ചികിത്സ പുരോഗമിച്ചു. ഇതോടെ രോഗവും നിയന്ത്രണവിധേയമായി. 2009ൽ 25000 ക്ഷയരോഗികൾ കേരളത്തിലുള്ളതായി കണ്ടെത്തിയിരുന്നു. 2017ൽ ഇത് 19000 ആയി കുറഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ക്ഷയരോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ 1992ൽ പി എസ് ശ്രീനിവാസൻ എംഎൽഎ ആയിരുന്ന കാലത്ത് പുതിയകാവ് ആശുപത്രിയെ നെഞ്ചുരോഗാശുപത്രിയായി ഉയർത്തി. പിന്നീട് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്ന രോഗികളാണ് ആശുപത്രിയെ ആശ്രയിച്ചത്. ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ ആശുപത്രി ഇടക്കാലത്ത് ബ്ലോക്ക് പഞ്ചായത്തിന് കൈമാറി. എന്നാൽ, പിന്നീട് വീണ്ടും ആരോഗ്യവകുപ്പ് നിയന്ത്രണം ഏറ്റെടുത്തു. 2014ൽ ആശുപത്രി വികസന കമ്മിറ്റി കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചതോടെ ആശുപത്രിയുടെ അത്യാവശ്യച്ചെലവുകൾക്ക് പണം ലഭ്യമായിരുന്നു. മുൻ എംഎൽഎ ആർ രാമചന്ദ്രന്റെ കാലത്ത് ആംബുലൻസ് സംവിധാനം ഉൾപ്പെടെ ലഭ്യമാക്കിയിരുന്നു. പന്ത്രണ്ട് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണ് ആശുപത്രിയുടെ പരിധിയിലുള്ളതെങ്കിലും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർ ചികിത്സ തേടി എത്തിയിരുന്നു. 50രോഗികളെ ഒരേസമയം കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരുന്ന പഴയ ബ്ലോക്കിലെ മൂന്ന് വാർഡുകൾ ഇപ്പോൾ പ്രവർത്തനക്ഷമമല്ല. ഇവിടെ പഴയ കെട്ടിടങ്ങൾ കാടുപിടിച്ചു നശിച്ചു. നാനൂറിലധികം പേരെ ഉൾക്കൊള്ളാവുന്ന ഒപിയിൽ ഇപ്പോൾ രണ്ടു ഡോക്ടർമാരും ആറ് നഴ്‌സുമാരും മാത്രമാണുള്ളത്. 1962ലെ പഴയ സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തി ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കുകയാണ് പ്രഥമ ആവശ്യം. രണ്ടര ഏക്കേറാളം വരുന്ന സ്ഥലത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതിയ കെട്ടിടങ്ങൾ നിർമിക്കണം. ആരോഗ്യവകുപ്പ് നേരിട്ട് നിയന്ത്രിക്കുന്നതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആശുപത്രി വികസനത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്.










0 comments