പത്തുനാൾ പിന്നിട്ടു
ഗൗതം കൃഷ്ണനെ കണ്ടെത്തിയില്ല


സ്വന്തം ലേഖകൻ
Published on Aug 10, 2026, 01:26 AM | 1 min read
കൊല്ലം
കടലിൽ മീൻപിടിത്തത്തിന് പോയി കാണാതായ ചവറ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്‌ണനെ (26) പത്താം ദിവസമായ ഞായറാഴ്‌ചയും കണ്ടെത്താനായില്ല. ഞായറാഴ്‌ച നേവി വാട്ടർജറ്റ് (മിനിഷിപ്), മറൈൻ ബോട്ട്, ഫിഷറീസ് ബോട്ട്, കോസ്‌റ്റൽ ബോട്ട് എന്നിവ തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഗൗതംകൃഷ്‌ണയെ കണ്ടെത്താൻ വിപുലമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താന്‍ സർക്കാർ അലംഭാവം കാട്ടിയെന്ന വിമർശനം ഉയരുകയും സർക്കാർ അനാസ്ഥയിൽ പ്രതിഷേധം കനക്കുകയുംചെയ്‌ത സാഹചര്യത്തിൽ, വൈകിയാണ് നേവി കപ്പലെത്തിയത്. കഴിഞ്ഞ 31നാണ് ഗൗതം കൃഷ്‌ണയെ കാണാതായത്. അന്നോ അടുത്ത ദിവസമോ നേവി കപ്പൽ എത്തിയിരുന്നെങ്കിൽ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനാകുമായിരുന്നെന്ന് തീരദേശവാസികൾ പറഞ്ഞു. വിവിധ വകുപ്പുകളെ യോജിപ്പിച്ച് തിരച്ചിൽ നടത്തുന്നതിൽ ഉണ്ടായ വീഴ്‌ച തീരപ്രദേശത്തെ ആകെ ദുഃഖത്തിലാഴ്‌ത്തി, ഒപ്പം പ്രതിഷേധത്തിലും. ഫിഷറീസ് മന്ത്രി വി ഇ അബ്‌ദുൽ ഗഫൂർ ഇതുവരെ നീണ്ടകരയ്‌ക്ക് വന്നിട്ടില്ല. സർക്കാർ വീഴ്‌ചയ്‌ക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച ഫിഷറീസ് ഓഫീസ് മാർച്ചിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിൽനിന്ന് തലയൂരാൻ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഷിബു ബേബിജോൺ ഗൗതത്തിന്റെ അമ്മ രേഷ്മയ്‌ക്ക് നൽകിയ ഉറപ്പും ജലരേഖയായി. മത്സ്യത്തൊഴിലാളികളെ അവഗണിച്ച് മുഖ്യമന്ത്രികൂടി രംഗത്തു വന്നതോടെ ഭരണസംവിധാനം പൂർണമായും തങ്ങൾക്കൊപ്പമല്ലെന്ന് മത്സ്യത്തൊഴിലാളികൾ തിരിച്ചറിഞ്ഞു. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കുറെ ദിവസങ്ങളെടുക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്‌താവന. മത്സ്യത്തൊഴിലാളികളോടുള്ള സർക്കാർ അവഗണനയ്‌ക്കെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ 11ന് സംഘടിപ്പിക്കുന്ന സെക്രട്ടറിയറ്റ് മാർച്ചില്‍ ആയിരങ്ങള്‍ അണിനിരക്കും.










0 comments